പൊള്ളാച്ചി: ആനമലയിൽനിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ അഞ്ചു മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. ആനമല സ്റ്റേഷൻ പരിധിയിൽ തന്നെയുള്ള ഒരു വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം കുഞ്ഞിനെ കണ്ടെത്തിയത്. ആശ്രമത്തിൽനിന്ന് കിട്ടിയതെന്നു പറഞ്ഞാണ് യുവാക്കൾ കുഞ്ഞിനെ ഏൽപ്പിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. തട്ടിയെടുത്തവർ കുഞ്ഞിനെ വിറ്റതാണോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച വൈകീട്ടാണ് മൈസൂർ ഗോത്ര ദമ്പതികളായ മണികണ്ഠൻ-സംഗീത എന്നിവരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആനമലയിലെ ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു ദമ്പതികളുടെ താമസം. കുഞ്ഞുമായി തട്ടുകടയിൽ പോയ സംഗീതയോട് അവിടെ നിന്നിരുന്ന യുവാവ് ചില്ലി ചിക്കൻ വേണോയെന്ന് ചോദിക്കുകയും പണം നൽകുകയും ചെയ്തു. അമ്മ കടയിലേക്ക് പോയ സമയം താലോലിക്കാനായി വാങ്ങിയ കുഞ്ഞിനെയും കൊണ്ട് യുവാവ് കടന്നുകളയുകയായിരുന്നു.