- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ക്ഡൗണിന്റെ ദുരിതം പേറി ആറിലൊന്നു കുട്ടികളും ഏതെങ്കിലും തരത്തിൽ മാനസിക രോഗമുള്ളവരായി; പാതിയോളം പേർക്കും ഭക്ഷണം കഴിക്കാൻ തടസ്സങ്ങൾ; കോവിഡ് കുട്ടികളുടെ ജീവിതം ദുരിത പൂർണ്ണമാക്കിയത് ഇങ്ങനെ
കോവിഡ് എന്ന മഹാമാരി പ്രതികൂലമായി ബാധിക്കാത്ത ഒരു മേഖലയും മനുഷ്യ ജീവിതത്തിലില്ല. കേവലം ഒരു ആരോഗ്യപ്രശ്നം മാത്രമല്ല ഈ മഹാമാരി, മറിച്ച് മനുഷ്യ ജീവിതത്തെ തന്നെ പിടിച്ചുകുലുക്കുന്ന ഒരു വെല്ലുവിളിയായി ഇപ്പോഴും നമ്മുടെ മുന്നിലുണ്ട് ഈ കുഞ്ഞൻ വൈറസ്. സാമ്പത്തികം, ആരോഗ്യം, സാമൂഹ്യം തുടങ്ങി എല്ലാ മേഖലകളേയും പിടിച്ചുലച്ച ഈ മഹാമാരി കുട്ടികളുടെ ജീവിതവും ദുരന്തപൂർണ്ണമാക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു.
ആറിൽ ഒരു കുട്ടി വീതം ഇപ്പോൾ ഏതെങ്കിലും വിധത്തിലുള്ള മാനസിക പ്രശ്നങ്ങളാൽ വലയുകയാണത്രെ! ഇത്തരത്തിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം 2017-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായിരിക്കുന്നു എന്നതാണ് ഏറ്റവും അധികം ഭയപ്പെടുത്തുന്ന റിപ്പോർട്ട്. എൻ എച്ച് എസ് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. കോവിഡ് പ്രതിസന്ധി ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് കുട്ടികളെ തന്നെയായിരുന്നു.
പറന്നുനടക്കേണ്ട ബാല്യകാലത്ത് മുറിക്കുള്ളിൽ അടച്ചുപൂട്ടപ്പെട്ടവർ എത്രമാത്രം മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയമായിട്ടുണ്ടാകും എന്നത് ഊഹിക്കാവുന്നതേയുള്ളു. പഠനത്തിൽ ഉൾപ്പെടുത്തിയ കുട്ടികളിൽ മൂന്നിൽ രണ്ടുപേരും പറഞ്ഞത് ലോക്ക്ഡൗൺ കാലം അവരുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലമായിരുന്നു എന്നാണ്. 2017-ൽ ബ്രിട്ടനിലെ കുട്ടികളിൽ 11.6 ശതമാനം പേർക്ക് ഏതെങ്കിലും വിധത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ നിലവിൽ അത് 17.4 ശതമാനം പേരിലാണ് ഉള്ളത്. ആറു മുതൽ 16 വയസ്സുവരെയുള്ള കുട്ടികളുടെ കണക്കാണിത്.
11 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ ഭക്ഷണം കഴിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങൾ കാണുന്നു. ചില കേസുകളിൽ ഇത് അനോറെക്സിയ, ബുലിമിയ തുടങ്ങിയ തലങ്ങളിലേക്ക് ഉയരുന്നുമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. പെൺകുട്ടികളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അധികമായി കാണുന്നത് എന്നതും ശ്രദ്ധേയമാണ്. കൂട്ടുകൂടി നടക്കേണ്ട കൗമാരത്തിൽ ഒറ്റപ്പെട്ടുപോയതാണ് ഈ പ്രായക്കാരിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കാൻ പ്രധാന കാരണമായത്.
2020 മാർച്ചിനു ശേഷം മൂന്ന് ലോക്ക്ഡൗണുകളാണ് ഇംഗ്ലണ്ടിൽ ഉണ്ടായത്. മറ്റു നിയന്ത്രണങ്ങൾ വേറെയും ഉണ്ടായിരുന്നു. രണ്ട് വർഷമായി പരീക്ഷകൾ എല്ലാം ഓൺലൈൻ വഴിയാണ്. ഇതിൽ വന്ന പ്രശ്നങ്ങൾ യൂണിവേഴ്സിറ്റി പ്രവേശനം എന്ന പലരുടെയും സ്വപ്നങ്ങൾ തല്ലിക്കൊഴിച്ചതിന്റെ വേദന ഒരുഭാഗത്ത്. സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കുന്നതീന്റെ നിരാശ മറ്റൊരിടത്ത്. ഇതെല്ലാം കൂടുതൽ ബാധിച്ചിരിക്കുന്നത് മാനസിക പക്വത ഇനിയും ആർജ്ജിച്ചിട്ടില്ലാത്ത ബാല്യ കൗമാരങ്ങളേയാണെന്ന് പഠനം വ്യക്തമാക്കുന്നു.
ആറു മുതൽ 10 വയസ്സുവരെ പ്രായമുള്ള കുട്ടികളീൽ 29 ശതമാനം പേർക്ക് ശരിയായ ഉറക്കം ലഭിക്കുന്നില്ല. 11 മുതൽ 16 വയസ്സുവരെയുള്ള കുട്ടികളിൽ ഈ പ്രശ്നം അനുഭവിക്കുന്നവർ 38 ശതമാനമാണ്. ചെറിയ കുട്ടികളിൽ 13 ശതമാനം പേർക്ക് ഭക്ഷണസംബന്ധമായ പ്രശ്നങ്ങൾ ഉള്ളപ്പോൾ 17-19 വയസ്സുള്ളവരിൽ ഇത് 58 ശതമാനമാണ്. കോവിഡ്കാലത്ത് നിയന്ത്രണങ്ങളും മറ്റും കൊണ്ടുവരുമ്പോൾ കുട്ടികളുടെ മാനസിക ശാസ്ത്രം പരിഗണിക്കാൻ വിട്ടുപോയതിന്റെ ദുരന്തഫലമാണിതെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്.
മറുനാടന് ഡെസ്ക്