വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ അണ്ണാൻ ശേഖരിച്ചത് 158 കിലോ വാൽനട്ട്. വാഹന ഉടമ വീടിന് മുന്നിലെ വാൽനട്ട് മരത്തിനു താഴെ പാർക്ക് ചെയ്ത വാഹനത്തിലാണ് അണ്ണാന്റെ ഭക്ഷണ ശേഖരം. ഈ വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് അണ്ണാൻ ഭക്ഷണം ശേഖരിച്ചു വച്ചത്. നോർത്ത് ഡക്കോട്ടയിലെ ഈ അണ്ണാന്റെ സമ്പാദ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൗതുകമായിരിക്കുകയാണ്.

വാഹനത്തിന്റെ എൻജിനുള്ളിലും റേഡിയേറ്ററിലും അടക്കം വാഹനത്തിന്റെ മുക്കിലും മൂലയിലും വരെ ക്ഷാമകാലത്തേക്ക് അണ്ണാൻ കരുതിയ ഭക്ഷണം നിറഞ്ഞിരുന്നു. മഞ്ഞുകാലത്ത് വാഹനത്തിനുള്ളിൽ താമസിക്കാമെന്ന ലക്ഷ്യത്തിലായിരിക്കാം അണ്ണാൻ വാൽനട്ട് ശേഖരിച്ചതെന്നാണ് നിഗമനം. ഒടുവിൽ ഒട്ടേറെ ബക്കറ്റുകളിലാക്കി ഏറെ പണിപ്പെട്ടാണ് ഉടമ ഇതെല്ലാം നീക്കം ചെയ്തത്. ഏകദേശം 158 കിലോയോളം വാൽനട്ട് അണ്ണാന്റെ ശേഖരത്തിലുണ്ടായിരുന്നുവെന്ന് ഉടമ വ്യക്തമാക്കി.

ഒരാഴ്ചയോളമായി വാഹനം അവിടെ പാർക്കു ചെയ്തിരിക്കുകയായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് റെഡ് സ്‌ക്വിറൽ വിഭാഗത്തിൽ പെട്ട അണ്ണാൻ ഇത്രയധികം ഭക്ഷണം ശേഖരിച്ചത്. ഡക്കോട്ടയിൽ മഞ്ഞുകാലം ആരംഭിക്കാൻ ഇനി രണ്ടാഴ്ച കൂടിയുണ്ട്. അതിനുള്ളിൽ അണ്ണാൻ മറ്റൊരു സ്ഥലം കണ്ടെത്തി ഭക്ഷണം ശേഖരിക്കേണ്ടി വരും. ഒരു മണിക്കൂറിൽ 25 വാൽനട്ടോളം ശേഖരിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.