കേരളത്തെ സംബന്ധിച്ചിടത്തോളം വിനാശകരമായ സംസ്ഥാനത്തെ 1.35ലക്ഷം കോടി രൂപയുടെ കടക്കെണിയിലാക്കുന്ന - 25000 കുടുംബങ്ങളെ കുടിയിറക്കുന്ന - സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക, നിലവിലെ റയിൽപാതയുടെ ഇരട്ടിപ്പ് പൂർത്തീകരിച്ചും (Double line), ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തിയും കുറഞ്ഞ ചെലവിൽ വേഗത വർദ്ധിപ്പിക്കുക, എന്നീ മുദ്രാവാക്യങ്ങളുയർത്തികൊണ്ട് പി പി എഫ് പ്രവർത്തകർ വഴുതക്കാട് കെ റയിൽ ഓഫീസിന് മുമ്പിൽ ധർണ നടത്തി. പ്ലകാർഡുകളും ബാനറും പിടിച്ച പ്രകടനത്തോടെ ആരംഭിച്ച ധർണ്ണ പ്രെഫസർ ബി രാജീവൻ ഉദ്ഘാടനം ചെയ്തു.

ഇന്ന് കേരളം ഭരിക്കുന്ന ഭരണാധികാരികളെ സംബന്ധിച്ചടത്തോളം കേരളത്തിന്റെ ഭാവി ഒരു വിഷയം അല്ലാതായി മാറി എന്നും അവർക്ക് കിട്ടുന്ന സ്വകാര്യ നേട്ടങ്ങളിലാണ് നോട്ടം എന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫസർ ബി രാജീവൻ അഭിപ്രായപ്പെട്ടു.

തുടർന്ന് ധർണയെ അഭിസംബോധന ചെയ്തുകൊണ്ട് സിപിഐ എം എൽ റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി സഖാവ് എം കെ ദാസൻ സംസാരിച്ചു. ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന ഈ പദ്ധതി പരാജയപ്പെടുത്തേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എംസിപിഐ യു പോളിറ്റ്ബ്യൂറോ അംഗം ശ്രീ രാജാ ദാസ് ധർണ്ണയെ അഭിസംബോധന ചെയ്തുകൊണ്ട് ഇത് ഒരു വികസന വിരുദ്ധ സമരം അല്ല എന്നും ബദൽ മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് യാത്ര വേഗത സാധിച്ചെടുക്കാം എന്നും അഭിപ്രായപ്പെട്ടു. തുടർന്ന് സംസാരിച്ച സിപിഐ എം എൽ സംസ്ഥാന സെക്രട്ടറി സഖാവ് സുശീലൻ ഈ പദ്ധതി നടപ്പിലാക്കുന്നത് വലിയ കമ്മീഷൻ അടിക്കുന്നതിനു വേണ്ടി മാത്രമാണ് എന്ന് അഭിപ്രായപ്പെട്ടു. ഈ നാട്ടിൽ വികസനം എന്നു പറഞ്ഞു കൊണ്ട് എന്തും വിറ്റഴിക്കാവുന്ന അവസ്ഥയാണ് ഉള്ളതെന്നും ഈ അവസ്ഥയെ എതീർക്കണമെന്നും കേരള യുക്തിവാദി സംഘം ജില്ലാ പ്രസിഡന്റ് ശ്രീ പി എസ് പ്രദീപ് തുടർന്ന് ധർണയെ അഭിസംബോധന ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു. തുടർന്ന് സംസാരിച്ചവർ ഈ സമരം ഒരു സൂചന മാത്രമാണെന്നും, ഈ സമരം കേരളം മുഴുവൻ വ്യാപിപ്പിക്കും എന്നും പറഞ്ഞു. മൂക്കുന്നിമല സമരസമിതി നേതാവ്  സുരേന്ദ്രൻ, രാജേഷ് അപ്പാട്ട്, മോഹൻലാൽ, ബിജു വി ജേക്കബ്, സെലസ്റ്റ്യൻ ജോൺ തുടങ്ങിയവർ തുടർന്ന് സംസാരിച്ചു. കെ എം ഷാജഹാൻ, ഡെന്നിസ്, ഇസ്ഹാഖ്, പ്രസാദ് സോമരാജൻ തുടങ്ങിയവരും പങ്കെടുത്തു.

ഡോ.പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ബാബുജി സ്വാഗതവും ബോബൻ കൃതജ്ഞതയും രേഖപ്പെടുത്തി.