- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ പ്രതികാരം തിരിച്ചടിയാവുന്നത് ബ്രിട്ടനിൽ ജീവിക്കുന്ന ഇന്ത്യാക്കാർക്ക്; ബ്രിട്ടീഷ് പൗരത്വം ഉള്ളവർക്ക് പല പി സി ആർ ടെസ്റ്റുകളും ഹോം ക്വാറന്റൈനും പ്രഖ്യാപിച്ചത് നാട്ടിൽ പോകാൻ കാത്തിരുന്ന മലയാളികൾക്ക് വമ്പൻ തിരിച്ചടി
ഇന്ത്യയിൽ നിന്നുള്ള കോവീഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്കും ഹോംക്വാറന്റൈൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ അതേനാണയത്തിൽ ഇന്ത്യ തിരിച്ചടിച്ചപ്പോൾ പക്ഷെ ചക്കിന് വെച്ചതുകൊക്കിനുകൊണ്ട അവസ്ഥയായിരിക്കുകയാണ്. ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കുകയാണ് ഇന്ത്യ. അതുകൂടാതെ യാത്ര തിരിക്കുന്നതിന്റെ 72 മണിക്കൂർ മുൻപെങ്കിലും പി സി ആർ ടെസ്റ്റിന് വിധേയരാകണം. വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെയും എത്തിച്ചേർന്നതിന്റെ എട്ടാം ദിവസവും ഓരൊ പി സി ആർ ടെസ്റ്റ് നടത്തണം. ഒക്ടോബർ 4 മുതൽക്കായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരിക.
ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവർക്കുള്ള നിയന്ത്രണങ്ങൾ
2021 ഒക്ടോബർ 4 തിങ്കളാഴ്‌ച്ച രാവിലെ 4 മണിമുതൽ ബ്രിട്ടനിലെ ഗ്രീൻ, ആംബർ, റെഡ് യാത്രാ നിയന്ത്രണ സംവിധാനം ഇല്ലാതെയാവുകയാണ്. അതിനു പകരമായി ഒരു റെഡ് ലിസ്റ്റ് മാത്രമായിരിക്കും ഉണ്ടാവുക. അതിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് തുല്യ പരിഗണനയായിരിക്കും ലഭിക്കുക.. എന്നാൽ, ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന വ്യക്തികൾക്ക് മേലുള്ള നിയന്ത്രണങ്ങൾ അവരുടെ വാക്സിൻ സ്റ്റാറ്റസിനെ ആശ്രയിച്ചിരിക്കും.
ഇന്ത്യയിൽ നിന്നുള്ള വാക്സിൻ ബ്രിട്ടൻ ഇതുവരെ അംഗീകരിക്കാത്ത സാഹചര്യത്തിൽ നിങ്ങൾ ഇവിടെ എത്തിയാൽ ഉടൻ കോവിഡ് പരിശോധനക്ക് വിധേയരാവുകയും ക്വാറന്റൈൻ നിയമം അനുസരിക്കുകയും വേണം. അസ്ട്രാസെനെകയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിനെ ബ്രിട്ടൻ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള വാക്സിൻ അംഗീകരിച്ചിട്ടില്ല. യൂറോപ്യൻ യൂണീയൻ, അമേരിക്ക, ബ്രിട്ടൻ എന്നീവയ്ക്ക് പുറമെ 18 രാജ്യങ്ങളിൽ എടുത്ത വാക്സിനുകളെ ബ്രിട്ടൻ അംഗീകരിക്കുന്നുണ്ട്. ആ ലിസ്റ്റിൽ ഇന്ത്യ ഉൾപ്പെടാത്തതിനാൽ ഇന്ത്യയിൽ നിന്നും കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരെ വാക്സിൻ എടുക്കാത്തവരായിട്ടാകും പരിഗണിക്കുക.
അതനുസരിച്ച് ബ്രിട്ടനിലേക്ക് യാത്ര തിരിക്കുന്നതിന് ചുരുങ്ങിയത് 3 ദിവസം മുൻപെങ്കിലും നിങ്ങൾ കോവിഡ് പരിശോധനക്ക് വിധേയരാകണം. അതുപോലെ ബ്രിട്ടനിലെത്തിയാൽ രണ്ടാം ദിവസത്തേയും എട്ടാം ദിവസത്തേയും പരിശോധനകൾക്ക് മുൻകൂട്ടി പണം നൽകി ബുക്ക് ചെയ്യണം. ബ്രിട്ടനിൽ എത്തിയാൽ 10 ദിവസത്തെഹോം ക്വാറന്റൈനും നിർബന്ധമാണ്.
ഇന്ത്യൻ നടപടി വിനയാകുന്നത് ഇന്ത്യാക്കാർക്ക്
ഇതിനുള്ള പ്രതികാരനടപടിയായിട്ടാണ് ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധനകളും ക്വാറന്റൈനും ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഇന്ത്യ പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ പുതിയ യാത്രാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്ന ഒക്ടോബർ 4 ന് തന്നെ ഇന്ത്യയുടെ പുതുക്കിയ യാത്രാ നിയന്ത്രണങ്ങളും നിലവിൽ വരും. കോവിഷീൽഡ് അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടും ഇന്ത്യയിൽ നിന്നുള്ള വാക്സിനേഷൻ അംഗീകരിക്കാത്തതിനു കാരണം വാക്സിൻ സർട്ടിഫിക്കറ്റ് ആണെന്നാണ് ബ്രിട്ടീഷ് അധികൃതർ പറയുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയുമായി കൂടുതൽ സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ചർച്ചകൾ ഒരുഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് ബ്രിട്ടീഷ് തീരുമാനത്തെ അതേനാണയത്തിൽ തിരിച്ചടിക്കുവാൻ ശ്രമിക്കുകയാണ് ഇന്ത്യ. ബ്രിട്ടനിൽ നിന്നും ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷുകാർ ഈ സമയത്ത് തുലോം കുറവായിരിക്കും. ഒഴിവുകാലം കഴിഞ്ഞതോടെ വിനോദയാത്രകൾക്ക് ഏതാണ്ട് അവസാനമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ ബ്രിട്ടനിൽ നിന്നും ഇന്ത്യയിൽ എത്തുന്നവരിൽ മഹാഭൂരിപക്ഷവും ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ ഇന്ത്യാക്കാർ തന്നെയായിരിക്കും.
കോവിഡ് പ്രതിസന്ധിയും തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങളുമൊക്കെ കാരണം ദീർഘനാളായി നാട്ടിലെത്തി ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാൻ കഴിയാതിരുന്ന മലയാളികൾ ഉൾപ്പടെയുള്ള് ബ്രിട്ടീഷ് ഇന്ത്യാക്കാർക്കാണ് സർക്കാരിന്റെ ഈ തീരുമാനം തിരിച്ചടിയാവുക. യാത്രാ നിയന്ത്രണങ്ങൾ മാറ്റി, വിദേശ യാത്ര സുഗമമാക്കിയപ്പോൾ നാട്ടിലെത്താമെന്ന് കൊതിച്ച ആയിരക്കണക്കിന് മലയാളികളുടെ സ്വപ്നങ്ങൾക്കാണ് ഇവിടെ അന്ത്യം കുറിച്ചിരിക്കുന്നത്.
നിലവിലെ നിയമമനുസരിച്ച് ബ്രിട്ടനിൽ നിന്നും ഒരു മലയാളി നാട്ടിലെത്തിയാൽ, നാട്ടിൽ 10 ദിവസം ഹോം ക്വാറന്റൈന് വിധേയനാകണം. തിരിച്ച് ബ്രിട്ടനിൽ എത്തുമ്പോഴും 10 ദിവസത്തെ ക്വാറന്റൈൻ ഉണ്ടാകും. അതായത് എടുത്ത ലീവിൽ 20 ദിവസത്തോളം രണ്ട് ക്വാറന്റൈനുകൾക്കായി ചെലവഴിക്കേണ്ടി വരും. അതിനുപുറമെയാണ് ഇരു ഭാഗത്തേക്കുമുള്ള യാത്രകളുടെ ഭാഗമായി നടത്തേണ്ട ആറ് പി സി ആർ ടെസ്റ്റുകളുടെ ചെലവ്.
ലോകത്തിലെ പല രാജ്യങ്ങളും ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും ബ്രിട്ടീഷ് സർക്കാർ ഇക്കാര്യത്തിൽ കടുംപിടുത്തം തുടരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നാണ് ബ്രിട്ടനിലുള്ള ഇന്ത്യാക്കാർ ചോദിക്കുന്നത്. അതോടൊപ്പം തന്നെ തങ്ങൾക്ക് വിനയാകുന്ന തീരുമാനം എടുത്ത ഇന്ത്യൻ സർക്കാരിനോടും അവർ പ്രതിഷേധം രേഖപ്പെടുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ