തൃപ്പൂണിത്തുറ:ഒരു മണിക്കൂർ നേരത്തേക്ക് ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ ആദ്യം ചെയ്യുന്നത് യാതൊരു പ്രതിഫലവും നൽകാതെ മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടുകയാകും'എന്നു പ്രഖ്യാപിച്ച ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 മദ്യവിരുദ്ധ ലഹരിവിരുദ്ധ പ്രതിജ്ഞ ദിനമായി ആചരിക്കുമെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി - ലിക്വർ ക്വിറ്റ് കേരള കാമ്പയിൻ എറണാകുളം ജില്ലാ കമ്മിറ്റിക്കു വേണ്ടി സംസ്ഥാന കോർഡിനേറ്റർ എൻ.ആർ. മോഹൻ കുമാർ അറിയിച്ചു.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം സമൂഹത്തെ അതീവഗുരുതരമായ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. നാട്ടിൽ നടക്കുന്ന എല്ലാ അതിക്രമങ്ങൾക്ക് പിന്നിലും മദ്യവും മയക്കുമരുന്നും തന്നെയാണന്ന് തിരിച്ചറിഞ്ഞിട്ടും ഇവ നിയന്ത്രിക്കുവാൻ യാതൊരു നടപടികളും അധികാരികളുടെ ഭാഗത്തു ഉണ്ടാകുന്നില്ല.

മദ്യശാലകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഗ്രാമങ്ങളിൽ പോലും മയക്കുമരുന്നു ലോബി പിടിമുറുക്കിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെയും ലിക്വർ ക്വിറ്റ് കേരള കാമ്പയിൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം മദ്യ വിരുദ്ധ - ലഹരി വിരുദ്ധ പ്രതിജ്ഞാ ദിനമായി ആചരിക്കുന്നത്. ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആചരണ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.