കൂത്തുപറമ്പ്:കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ എസ്ഐയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ പൊലിസ് കേസെടുത്തുകണ്ണവം എസ്ഐ ബഷീറിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്‌ച്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടി ചെയ്ത് തിരികെ വരികയായിരുന്നു എസ്ഐ ബഷീർ. പൊലീസ് വാഹനം ചിറ്റാരിപ്പറമ്പ് ഭാഗത്തു നിന്നും കോട്ടയിൽ ഭാഗത്തേക്ക് വരുമ്പോൾ, റോഡരികിൽ കൂട്ടംകൂടിനിന്ന 25ഓളം പേർ ഓടി പോയത് എസ്ഐയുടെ ശ്രദ്ധയിൽപെട്ടു.

ഇവരിൽ ഒരാളുടെ വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചതോടെ ഇവർ സംഘടിച്ച് തിരിച്ചെത്തുകയും വാഹനം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന താക്കീതോടെ എസ്ഐയെ തടയുകയുകയുമായിരുന്നു. ഇതിനിടെ, എസ്ഐയുടെ കൈ പിടിച്ചു തിരിച്ച് സംഘത്തിൽപ്പെട്ടവരിൽ ചിലർ പരിക്കേൽപ്പിക്കുകയും ചെയ്തു.

തുടർന്ന് സിഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ആളുകളെ നീക്കിയത്. സിപി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ബിജെപി പ്രവർത്തകനെ കൊലചെയ്ത കേസിൽ പരോളിലിറങ്ങിയവർ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. പരിക്കേറ്റ എസ്ഐ ബഷീർ കൂത്തുപറമ്പ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടി. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും 20ഓളം പേർക്കെതിരേയാണ് കണ്ണവം പൊലീസ് കേസെടുത്തത്.