ന്ത്യയിൽ നിന്നും കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരേയും വാക്സിൻ എടുക്കാത്തവരായി കണക്കാക്കി, ബ്രിട്ടനിൽ എത്തുമ്പോൾ ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നിലപാടിനെതിരെ ഇന്ത്യ തിരിച്ചടിച്ചത് അതിശക്തമായിട്ടായിരുന്നു. ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് അവർ വാക്സിനെടുത്തവരാണോ എന്നത് പരിഗണിക്കാതെ പത്തു ദിവസത്തെ ക്വാറന്റൈനും അതുപോലെ വിവിധ ഘട്ടങ്ങളിലായി നടത്തേണ്ട കോവിഡ് പരിശോധനകളും നിർബന്ധമാക്കിക്കൊണ്ടായിരുന്നു ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.

ഇതനുസരിച്ച്, ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ യാത്ര ആരംഭിക്കുന്നതിന് കുറഞ്ഞത് 72 മണിക്കൂർ മുൻപെങ്കിലും പി സി ആർ ടെസ്റ്റ് നടത്തിയിരിക്കണം. പിന്നീട് ഇന്ത്യയിലെത്തി രണ്ടാം ദിവസവും എട്ടാം ദിവസവും പി സി ആർ ടെസ്റ്റിന് വിധേയരാകണം. ഇതിനുപുറമെയാണ് പത്ത് ദിവസത്തെ നിരബന്ധിത ക്വാറന്റൈൻ. ബ്രിട്ടനിൽ വികസിപ്പിച്ച ഓക്സ്ഫോർഡ്-അസ്ട്രാസെനെകയുടെ ഇന്ത്യൻ വകഭേദമാണ് കോവീഷീൽഡ്. അതിനെ അംഗീകരിക്കാത്തത് ഏറെ വിവാദമായപ്പോൾ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ കോവിഷീൽഡ് ഉൾപ്പെടുത്തിയെങ്കിലും, ഇന്ത്യയിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റിനെ അംഗീകരിച്ചിരുന്നില്ല.

അമേരിക്കയും യൂറോപ്യൻ യൂണിയനും ഉൾപ്പടെ 18 രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റുകൾക്കായിരുന്നു ബ്രിട്ടൻ അംഗീകാരം നൽകിയത്. ഇതിൽ ഇന്ത്യ ഉൾപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യയിൽ നിന്നും വാക്സിൻ എടുത്തവരെ വാക്സിൻ എടുക്കാത്തവരായിട്ടാണ് പരിഗണിക്കുന്നത്. കോവീഷീൽഡ് ഇപ്പോൾ ഒരു പ്രശ്നമല്ലെന്നും സർട്ടിഫിക്കേഷനാണ് പ്രശ്നമെന്നും അതുപരിഹരിക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അതിനിടയിൽ ഈ ആഴ്‌ച്ച യാത്രാ നിയന്ത്രണങ്ങൾ പുനരവലോകനം ചെയ്യുന്ന വ്യാഴാഴ്‌ച്ച റെഡ് ലിസ്റ്റിൽ നിന്നും കൂടുതൽ രാജ്യങ്ങളെ ഒഴിവാക്കിയേക്കുമെന്ന സൂചനകൾ ലഭിക്കുന്നു. നിലവിൽ 54 രാജ്യങ്ങൾ ഉള്ള ലിസ്റ്റിൽ വ്യാഴാഴ്‌ച്ചയ്ക്ക് ശേഷം ഉണ്ടാവുക ഒമ്പത് രാജ്യങ്ങൾ മാത്രമായിരിക്കും. ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തുന്ന, രണ്ട് ഡോസ് വാക്സിനെടുത്ത സഞ്ചാരികൾക്ക് ഇനി മുതൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമായി വരില്ല. ഇതോടൊപ്പം ഇന്ത്യയിൽ നിന്നെത്തുന്ന രണ്ടു ഡോസ് വാക്സിനെടുത്തവർക്കുള്ള ഹോം ക്വാറന്റൈൻ ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഹാഫ് ടേം ഒഴിവുകാലം ആരംഭിക്കുന്ന സമയത്ത് പുതിയ പ്രഖ്യാപനം നടത്തുന്നത് കോവിഡ് പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞുപോയ ട്രാവൽ ടൂറിസം മേഖലകൾക്ക് പുത്തനുണർവ്വ് പകരാൻ ഉപകരിക്കും. അതുപോലെ തകർന്നടിഞ്ഞ വ്യോമയാന മേഖലയ്ക്കും ഇത് ഒരു പുതിയ ജീവിതം നൽകും എന്നതിൽ സംശയമില്ല. നിലവിൽ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലെത്തുന്നവർക്ക് സ്വന്തം ചെലവിൽ ആളൊന്നിന് 2,285 പൗണ്ട് മുടക്കി പത്തു ദിവസത്തെ ഹോട്ടൽ ക്വാറന്റൈന് വിധേയമാകണം.

ഇതിനു പുറമേയാണ് വിവിധ ഘട്ടങ്ങളിലായി നടത്തേണ്ട പി സി ആർ ടെസ്റ്റുകൾക്കുള്ള ചെലവ്. കുടുംബമായി യാത്രചെയ്യുന്നവർക്ക് വൻ സാമ്പത്തിക ബാദ്ധ്യത വിളിച്ചുവരുത്തുന്ന ഈ നിയമം, പലരേയും വിദേശയാത്ര റദ്ദാക്കാൻ പ്രേരിപ്പിച്ചിരുന്നു. കഴിഞ്ഞ തിങ്കളാച്ചയോടെ ആംബർ ലിസ്റ്റ് ഇല്ലാതെയാവുകയും വാക്സിൻ രണ്ടു ഡോസുകൾ എടുത്തവർക്ക് രാജ്യത്തേക്ക് യാത്രതിരിക്കുന്നതിനു മുൻപ് കോവിഡ് പരിശോധന ആവശ്യമില്ലാതെയാക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഇക്കൂട്ടർക്ക് പി സി ആർ ടെസ്റ്റിനു പകരം ചെലവുകുറഞ്ഞ ലാറ്ററൽ ഫ്ളോ ടെസ്റ്റിന് വിധേയമായാൽ മതിയാകും.

വ്യാഴാഴ്‌ച്ചയിലെ അവലോകന യോഗത്തിനു ശേഷമായിരിക്കും പുതിയ ഇളവുകൾ പ്രഖ്യാപിക്കുക എന്നറിയുന്നു. യാത്രക്കാർ, അവർ പോകുന്ന രാജ്യങ്ങളിലെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതായി വരും. എന്നാൽ തിരിച്ചെത്തുമ്പോൾ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമായി വരില്ല. അതുപോലെ കർശന യാത്രാ നിയന്ത്രണങ്ങളുള്ള റെഡ്ലിസ്റ്റിലെ രാജ്യങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്യും. റെഡ്ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ രണ്ടു ഡോസ് വാക്സിൻ എടുത്തവരാണെങ്കിലും പത്തു ദിവസത്തെ സെൽഫ് ഐസൊലേഷന് വിധേയരാകേണ്ടതായി വരും. ഇത് ലംഘിക്കുന്നവർക്ക് 10,000 പൗണ്ട് വരെ പിഴ വിധിക്കും.