- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ എക്സ്പ്രസ്സ് ഉൾപ്പടെ ലോകത്തെ നൂറോളം മാധ്യമങ്ങൾ ഒരുമിച്ചു നടത്തിയ അന്വേഷണത്തിൽ ഞെട്ടിവിറച്ച് ലോകം; പുട്ടിൻ മുതൽ ഇമ്രാൻ വരെ നൂറുകണക്കിനു ലോക നേതാക്കളുടേയും സമ്പന്നരുടേയും കള്ളപ്പണ ഇടപാടുകൾ പുറത്ത്
ന്യൂഡൽഹി: പാൻഡോറയുടെ പെട്ടി തുറന്നതുപോലെ, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിവര ചോർച്ചയിൽ പുരത്തുവരുന്നത് ഞെട്ടിക്കുന്ന കറുത്ത സത്യങ്ങൾ. 14 ആഗോളകമ്പനികളിൽ നിന്നായിട്ടാണ് ഈ വിവരങ്ങൾ ചോർത്തപ്പെട്ടത്. ശക്തമായ നികുതി നിയമങ്ങൾ ഇല്ലാത്തതും എന്നാൽ, സ്വകാര്യതയ്ക്ക് പ്രാമുഖ്യം നൽകുന്നതുമായ രാജ്യങ്ങളിലും സ്വതന്ത്ര ഭരണ പ്രദേശങ്ങളിലുമായി ഏകദേശം 29,000 കടലാസ്സു കമ്പനികളൂം ട്രസ്റ്റുകളും സ്ഥാപിച്ച്, ലോകനേതാക്കളും അതിസമ്പന്നരും അവിഹിത മാർഗ്ഗത്തിലൂടെ സമ്പത്ത് നേടുന്നതിന്റെ രേഖകളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.
പാൻഡോറ പേപ്പർ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ചോർച്ചയിലൂടെ ലഭിച്ച രേഖകൾ ഇന്ത്യൻ എക്സ്പ്രസ്സ് ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭഗങ്ങളിൽ നിന്നുള്ള 650 റിപ്പോർട്ടർമാർ അംഗങ്ങളായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം എന്ന സംഘടനയ്ക്കാണ് ലഭിച്ചിരിക്കുന്നത്. റഷ്യൻ ഭരണാധികാരി വ്ളാഡിമിർ പുട്ടിൻ മുതൽ പാക്കിസ്ഥാനിലെ ഇമ്രാൻ മന്ത്രിസഭയിലെ വിവിധ അംഗങ്ങളുടെ സ്വത്ത് വിവരം വരെ ഈ രേഖകളിൽ ഉണ്ട് അതിൽ ഏറ്റവും അധികം ശ്രദ്ധയാകർഷിക്കുന്നത് പുട്ടിന്റെ കാമുകിയുടെ സ്വത്ത് വിവരങ്ങളാണ്. ഒരു ചില്ലറവില്പന ശാലയിലെ തൂപ്പുകാരിയായിരുന്ന സ്വെറ്റ്ലാന ഇന്ന് ശതകോടികളുടെ ഉടമയണ്. പുട്ടിന്റെ രഹസ്യകാമുകിയെന്ന് പറയപ്പെടുന്ന ഇവർ പുട്ടിന്റെ കുട്ടിയുടെ അമ്മയുമാണെന്ന് പറയപ്പെടുന്നു.
മൊണാക്കോയിലെ സുപ്രധാന ഭാഗത്ത് 4.1 മില്ല്യൺ ഡോളർ വിലയുള്ള ഒരു അപ്പാർട്ട്മെന്റ് വാങ്ങിയത് ബ്രോക്ക്വില്ലെ ഡെവെലപ്മെന്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് . ചോർന്ന് കിട്ടിയ ഈ കമ്പനിയുടെ രേഖകൾ വിരൽ ചൂണ്ടുന്നത് സ്വെറ്റ്ലാനയിലേക്കാണ്. തൂപ്പുകാരിയുടേ ജോലി വേണ്ടെന്നുവച്ച് കോളേജ് പഠനത്തിനു പോയ സമയത്താണ് ഇവർ പുട്ടിനുമായി ബന്ധപ്പെടുന്നത്. പിന്നീട് ഇവരുടെ ഉയർച്ചയായിരുന്നു റഷ്യ ദർശിച്ചത്. സെയിന്റ് പീറ്റേഴ്സ്ബർഗിൽ ഒരു ആഡംബര വസതി ഇന്നിവർക്കുണ്ട്. അതുകൂടാതെ മോസ്‌കോയിൽ നിരവധി സ്വത്തുക്കളും അതോടൊപ്പം ഒരു ആഡംബർ നൗകയും ഇവർക്കുണ്ട്. ഏകദേശം 100 മില്ല്യൺ ഡോളർ ആസ്തിയാണ് ഇന്നിവർക്കുള്ളത്.
അതേസമയം, ജോർഡാനിലെ ഏകാധിപതിയായ രാജാവ് ബ്രിട്ടനിലും അമേരിക്കയിലും ഉള്ള സ്വത്തുക്കൾക്കൊപ്പം 70 മില്ല്യൺ പൗണ്ടിന്റെ അധിക സ്വത്തുക്കൾ കൂടി വാങ്ങിക്കൂട്ടിയിട്ടുണ്ട്. പ്രധാനമായുംമാലിബു, കാലിഫോർണീയ, ലണ്ടൻ എന്നിവിടങ്ങളിലാണ് ഇത്. അതുപോലെ അടുത്തയാഴ്‌ച്ച തെരഞ്ഞെടുപ്പിനെ നേരിടുന്ന ചെക്ക് പ്രധാനമന്ത്രി ആൻഡ്രേജ് ബാബിസ് ഇത്തരത്തിൽ വിദേശത്ത് വ്യാജ കമ്പനികൾ രൂപീകരിച്ച് സമ്പാദിച്ചത് 16.2 മില്ല്യൺ ഡോളറാണെന്നും ഈ രേഖകൾ പറയുന്നു. തെക്കൻ ഫ്രാൻസിൽ രണ്ടു വില്ലകളീലാണ് അദ്ദേഹം ഈ പണം നിക്ഷേപിച്ചിരിക്കുന്നത്.
ഇത്തരത്തിൽ വിദേശത്ത് റെജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നത് നിയമപരമായ തെറ്റല്ലെങ്കിലും ഇത് വിരൽ ചൂണ്ടുന്നത് ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങളിലെ തീർത്തും അവ്യക്തമായ നികുതി നിയമങ്ങളിലേക്കാണ് ബ്രിട്ടനിലെ നികുതിനിയമങ്ങളിലെ പഴുതുകളെ കുറിച്ച് ഘോരംഘോരം പ്രസിംഗിക്കാറുള്ള മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറും പത്നിയും ഇത്തരത്തിലുള്ള ഒരു കടലാസ്സു കമ്പനിയുടെ പേരിൽ ലണ്ടനിൽ കെട്ടിടം വാങ്ങിയപ്പോൾ നികുതിയിനത്തിൽ ലാഭിച്ചത് 3,21,000 പൗണ്ടായിരുന്നു.
എന്നാൽ, കളത്തിൽ കയറി കളിച്ചത് അസർബൈജാൻ പ്രസിഡണ്ട് ഇൽഹാം അലിയേവ് ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ചേർന്ന് ബിനാമിപേരിൽ വാങ്ങിക്കൂട്ടിയത് 400 മില്ല്യൺ പൗണ്ടിന്റെ ബ്രിട്ടീഷ് സ്വത്തുക്കളാണ്. ഏറ്റവും രസകരമായ കാര്യം അദ്ദേഹം ഇതുകൊണ്ടും സ്വത്ത് സമ്പാദിക്കുന്നത് നിർത്തിയില്ല എന്നതാണ്. മേടിച്ച സ്വത്തുക്കളീൽ ചിലത് ബ്രിട്ടീഷ് രാജകുടുംബത്തിന് മറിച്ച് വിറ്റ് അതിലും ലാഭം കൊയ്തു. 66 മില്ല്യൺ പൗണ്ട് വിലവരുന്ന ഒരു കെട്ടിടമാണ് ഇത്തരത്തിൽ മറിച്ചു വിറ്റത്.
ബ്രിട്ടനിലും മറ്റും വിദേശകമ്പനികൾക്ക് സ്വത്തുക്കൾ വാങ്ങുമ്പോൾ ലഭിക്കുന്ന നികുതി ഇളവുകളും അതോടൊപ്പം സ്വകാര്യതയ്ക്ക് നൽകുന്ന പ്രാധാന്യവുമാണ് ഇത്തരത്തിൽ തെറ്റായ രീതിയിലൂടെ സമ്പാദിച്ച പണം ഇതുപോലുള്ള കടലാസ്സ് കമ്പനികളുടെ പേരിൽ ഇവിടേക്ക് ഒഴുകുവാൻ കാരണമാകുന്നത്. ലോകത്തിലെ തന്നെ അഴിമതിക്കാരുടെ ആശ്രയമായി മാറുകയാണ് ബ്രിട്ടൻ എന്ന ആരോപണം ഇതിനു മുൻപും ഉയർന്നിട്ടുണ്ട്. ഇപ്പോഴത്തെ ചോർച്ച ഈ വിവരം സ്ഥിരീകരിക്കുന്നു.
ഉദാഹരണത്തിന്, വിദേശകമ്പനിയുടെ മറവിൽ ടോണി ബ്ലെയർ കെട്ടിടം വാങ്ങിയതിൽ തെറ്റൊന്നുമില്ല. എന്നാൽ, സ്വകാര്യതയുടെയും സുരക്ഷയുടെയും പേരിൽ ആരാണ് കെട്ടിടത്തിന്റെ യഥാർത്ഥ ഉടമ എന്നത് മറച്ചു വെക്കാൻ കഴിയും. ഈ സൗകര്യമാണ് ലോകനേതാക്കൾ സ്വത്ത് വാരിക്കൂട്ടുന്നതിന് ഉപയോഗിക്കുന്നത്. അതേസമയം, വീടിന്റെ മുൻ ഉടമസ്ഥർ അത് വാങ്ങുന്നത് ഒരു വിദേശ കമ്പനിയായിരിക്കണം എന്ന് നിഷ്‌ക്കർഷിച്ചതുകൊണ്ടാണ് അപ്രകാരം ചെയ്തതെന്നാണ് ടോണി ബ്ലെയർ പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ നിയമകാര്യ സ്ഥാപനവും അതോടൊപ്പം ചെറി ബ്ലെയർ ഫൗണ്ടേഷനും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്.
1999 -ൽ അധികാരത്തിൽ എത്തിയതിൽ പിന്നെ ഇത്തരത്തിലുള്ള കമ്പനികളുടെ മറവിൽ ജോർഡാൻ രാജാവ് വാങ്ങിക്കൂട്ടിയത് 15 വീടുകളാണെന്ന് ചോർന്ന് ലഭിച്ച രേഖകളിൽ പറയുന്നു. ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ പല മന്ത്രിമാരുടെയും പേരുകൾ ഈ ലിസ്റ്റിൽ ഉണ്ട് അതുപോലെ ഉക്രെയ്ൻ പ്രസിഡണ്ട് 2019-ലെ തെരഞ്ഞെടുപ്പ് വിജയത്തിനു തൊട്ടുമുൻപായി തന്റെ രഹസ്യ സമ്പാദ്യം ഇത്തരത്തിലൊരു കമ്പനിയിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ