- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്ക അറസ്റ്റിലെന്ന് കോൺഗ്രസ് നേതൃത്വം; ഇല്ലെന്ന് പൊലീസ്; ലഖിംപൂർ ഖേഡിയിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി; കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കെതിരെ ഉയരുന്നത് സമാനതകളില്ലാത്ത പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവിട്ട് യോഗി സർക്കാർ; ഇനി രാജ്യവ്യാപക പ്രതിഷേധം
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കർഷകസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. അതിനിടെ മേഖലയിൽ സംഘർഷം ശക്തമാകുകയാണ്. മരിച്ചവരുടെ ബന്ധുക്കളെ കാണാൻ പോയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് വാർത്തയും എത്തുന്നു. അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുമ്പോഴും പ്രിയങ്ക പൊലീസ് കസ്റ്റഡിയിൽ ആണെന്ന് കോൺഗ്രസുകാർ പറയുന്നു. ഇത് സംഘർഷ സാധ്യത കൂട്ടുന്നു.
ഇന്നലെയുണ്ടായ ദുരന്തത്തിൽ 15 പേർക്ക് പരിക്കേറ്റു. സമരക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയതിനെത്തുടർന്ന് രണ്ടുപേർ സ്ഥലത്തുവെച്ചും രണ്ടുപേർ പിന്നീടും ഒരാൾ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കർഷകനേതാവ് റിച്ചസിങ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, നാലു കർഷകരും വാഹനത്തിലുണ്ടായിരുന്ന നാലുപേരുമാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കർഷക സംഘടനകൾ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കർഷക നേതാവ് രാകേഷ് ടികായത്തും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള കർഷകരും യുപിയിലേക്ക് യാത്ര തിരിച്ചു. എട്ട് കർഷകർക്ക് പരുക്കേറ്റതായി കർഷക സംഘടനകൾ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ താൻ ദുഃഖിതനാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദ കർഷക നിയമങ്ങൾക്കെതിരായ സമരത്തിന് ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ വിവാദം. അതുകൊണ്ട് തന്നെ ഇത് രാജ്യത്തുടനീളം വ്യാപിക്കാനും സാധ്യതയുണ്ട്.
ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ സന്ദർശനത്തോടനുബന്ധിച്ച് ടികോനിയ-ബംബിർപുർ റോഡിലാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്. അപകടത്തെത്തുടർന്ന് രോഷാകുലരായ കർഷകർ രണ്ടു വാഹനങ്ങൾക്ക് തീയിട്ടു. വാഹനങ്ങൾ തടഞ്ഞ് കർഷകർ യാത്രക്കാരെ മർദിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. എന്നാൽ, സംഭവം നടക്കുമ്പോൾ തന്റെ മകൻ ആശിഷ് അവിടെ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി അജയ് മിശ്ര പറഞ്ഞു. അങ്ങനെ ആകെ ആശയക്കുഴപ്പമാണ് സംഭവത്തിൽ.
മന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കർഷകർ കൊല്ലപ്പെട്ട സംഭവം സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസുകൾക്കുമുന്നിൽ കർഷകർ പ്രതിഷേധിക്കും. കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയുള്ളതിനാൽ കരിങ്കൊടിപ്രതിഷേധം നടത്താനായിരുന്നു അവർ വന്നിറങ്ങുന്ന ഹെലിപാഡിനുസമീപം കർഷകർ ഒത്തുചേർന്നത്.
രാവിലെ ഒമ്പതുമുതൽ പ്രതിഷേധക്കാർ തമ്പടിച്ചു. എന്നാൽ, മന്ത്രിമാർ ഹെലികോപ്റ്ററിൽ വരാതെ ലഖ്‌നൗവിൽനിന്നു റോഡുമാർഗമെത്തി. പൊലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്കു കർഷകർ മടങ്ങിപ്പോവാൻ തുടങ്ങി. രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകൾ റോഡരികിൽ കർഷകർക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാൾ വെടിയുതിർത്തതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
ലവ്പ്രീത് സിങ് (20), നച്ചത്തർ സിങ് (60), ദൽജീത് സിങ് (35), ഗുർവീന്ദർ സിങ് (19) എന്നീ കർഷകരാണ് മരിച്ചത്. ഇതിൽ ഗുർവീന്ദർ സിങ്ങാണ് വെടിയേറ്റു മരിച്ചതെന്ന് നേതാക്കൾ അറിയിച്ചു. ആശിഷ് മിശ്ര ഗുണ്ടകൾക്കൊപ്പം മൂന്നു വാഹനങ്ങളിലായെത്തി ആക്രമിക്കുകയായിരുന്നെന്ന് കർഷകർ കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ