തലശ്ശേരി: ചെറുപുഷ്പ മിഷൻ ലീഗിന്റെ ഒരു വർഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി. തലശ്ശേരി സന്ദേശഭവനിൽ നടന്ന ചടങ്ങിൽ ബെൽത്തങ്ങടി രൂപതാ മെത്രാൻ മാർ ലോറൻസ് മുക്കുഴി ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണെന് അദ്ദേഹം പറഞ്ഞു. ആധുനികകാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെയും യുവാക്കളെയും പ്രാപ്തരാക്കുന്ന പ്രസ്ഥാനമാണതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അനുകരണീയ മാതൃകകൾ പൊതുവേ കുറഞ്ഞുവരുന്ന കാലത്ത് അനുകരിക്കാവുന്ന ചുരുക്കം സംഘടനകളിലൊന്നാണ് മിഷൻലീഗെന്ന് പ്രഥമ ദേശീയ അധ്യക്ഷനും സുപ്രീം കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് കുര്യൻ ജോസഫ് സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. തലശ്ശേരി അതിരൂപതാ അധ്യക്ഷനും സിറോ മലബാർ വൊക്കേഷൻ കമ്മിഷനംഗവുമായ മാർ ജോർജ് ഞരളക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.

സംഘടനാ ദേശീയ രക്ഷാധികാരിയും സിറോ മലബാർ വൊക്കേഷൻ കമ്മിഷനംഗവുമായ മാർ ജേക്കബ് മുരിക്കൻ, സംസ്ഥാനരക്ഷാധികാരിയും തിരുവല്ല അതിരൂപതാധ്യക്ഷനുമായ തോമസ് മാർ കൂറിലോസ്, തലശ്ശേരി അതിരൂപതാ മുൻ മെത്രാപ്പൊലീത്ത മാർ ജോർജ് വലിയമറ്റം, സഹായമെത്രാൻ മാർ ജോസഫ് പാംപ്‌ളാനി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. സിറോ മലബാർ വൊക്കേഷൻ കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, ദേശീയ ഡയറക്ടർ ഫാ. ഡോ. ജെയിംസ് പുന്നപ്ലാക്കൽ, അന്തർ ദേശീയ അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ, വൈസ് ഡയറക്ടർ ഫാ. ആന്റണി തെക്കേമുറി എന്നിവർ സംസാരിച്ചു.

ദേശീയ ജനറൽ സെക്രട്ടറി സുജി പുല്ലുകാട്ട്, ബെന്നി മുത്തനാട്ട്, ജയ്‌സൺ പുളിച്ചമാക്കൽ, സുനിൽ ചെന്നിക്കര, സി.റോഷ്‌നി, ഷേർളി സിബി, എലിക്കുട്ടി എടാട്ട് എന്നിവർ നേതൃത്വം നൽകി.