ടേക്ക് ഓഫിനിടയിൽ ഒരു പക്ഷി ഇടിച്ചതിതിനെ തുടർന്ന് അറ്റ്ലാന്റിക് സിറ്റിയിൽ നിന്നും ഫോർട്ട് ലോഡേർഡേലിലേക്കുള്ള വിമാനത്തിന്റെ യാത്ര റദ്ദാക്കി. വിമാനത്തിന്റെ വലതുഭാഗത്തുള്ള എഞ്ചിനാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചത്. ഇതിനെ തുടർന്ന് പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള ഇന്ധനം ചോർന്നൊലിച്ച് റൺവേയിലേക്കിറങ്ങി. വിമാനത്തിൽ നിന്നും തീ ഉയർന്നതോടെ യാത്രക്കാർ ഭയന്ന് കൂട്ടത്തോടെ നിലവിളിക്കുവാനും ആരംഭിച്ചു.

ഭയചകിതരായ യാത്രക്കാർ അടുത്ത് എന്തുചെയ്യണമെന്നതിനെ കുറിച്ച് വിമാനത്തിലെ ജീവനക്കാർക്കായി കാത്തിരുന്നപ്പോൾ, എഞ്ചിനിൽ പടരുന്ന അഗ്‌നിനാളങ്ങൾ ജനലിനടുത്തുള്ള സീറ്റുകളിൽ ഇരുന്ന യാത്രക്കാർക്ക് ദൃശ്യമായിരുന്നു. എന്നാൽ, ഈ സമയമത്രയും സ്പിരിറ്റ് എയർലൈൻസ് ജെറ്റിലെ ജീവനക്കാർ തികച്ചും ശാന്തരായിരുന്നു. അവർ യാത്രക്കാരോട് അവരവരുടെ സീറ്റുകളിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, വാതിൽ തുറന്നു തരണമെന്നും തങ്ങളെ വിമാനത്തിന്റെ വെളിയിൽ എത്തിക്കണമെന്നുമായിരുന്നു യാത്രക്കാർ ആക്രോശിച്ചത്.

വിമാനത്തിൽ നിന്നും പുറത്തു ചാടുവാനായി യാത്രക്കാർ പലരും തങ്ങളുടെ ലഗേജുകൾ എടുക്കാൻ ധൃതിപ്പെടുന്നത് വീഡിയോയിൽ കാണാം. വളരെ കുറച്ച് യാത്രക്കാർ മാത്രമായിരുന്നു ജീവനക്കാരുടെ വാക്കുകൾക്ക് ചെവികൊടുത്ത് തങ്ങളുടെ സീറ്റുകളിൽ തന്നെ ഇരിപ്പുറപ്പിച്ചത്. അതിൽ ഒരു യാത്രക്കാരനും മറ്റു യാത്രക്കാരോട് ശാന്തരാകുവാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ, മരണത്തെ മുന്നിക്കണ്ട യാത്രക്കാർക്ക് അതിനുള്ള മാനസികാവസ്ഥ അല്ലായിരുന്നു.

വിമാനത്താവളത്തിലെ അഗ്‌നിശമന പ്രവർത്തകർ ഉടൻ സ്ഥലത്ത് എത്തുമെന്നും യാതൊന്നും സംഭവിക്കില്ലെന്നും വിമാനത്തിലെ ജീവനക്കാർ യാത്രക്കാരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എഞ്ചിന് തീ പിടിച്ചതിനാൽ, വലതുഭാഗത്തെ ചിറകുകൾക്ക് മുകളിലുള്ള എമർജൻസി വാതിൽ ഉപയോഗിക്കരുതെന്നും അവർ വിലക്കി. പിന്നീട് യാത്രക്കാരോട് തങ്ങളുടെ സാധനങ്ങൾ ഉപേക്ഷിച്ച് മുൻപോട്ട് വരാനും സ്ലൈഡിലേക്ക് ചാടാനും ജീവക്കാർ ആവശ്യപ്പെട്ടു. 102 യാത്രക്കാരും ഏഴ് ജീവനക്കാരും എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തി. അപ്പോഴും വിമാനത്തിന്റെ കാബിനകത്തേക്ക് തീ പടരുകയോ പുക പ്രവേശിക്കുകയൊ ചെയ്തിരുന്നില്ല.

വിമാനത്തിനു പുറത്തെത്തിയിട്ടും യാത്രക്കാരുടെ ദുരിതങ്ങൾക്ക് അവസാനമായില്ല. ഒരു പ്രായം ചെന്ന വനിത എമർജൻസി സ്ലൈഡിലൂടെ ഇറങ്ങുമ്പോൾ മുഖം കുത്തിയാണ് വീണത്. യജമാനനെ കാണാതെ അലയുന്ന ഒരു നായ്ക്കുട്ടിയും വീഡിയോയിൽ കാണുന്നുണ്ട്. പലരും വിമാനത്തിനുപുറത്തിറങ്ങിയ ഉടനെ റൺവേയുടെ സമീപമുള്ള പുൽപ്പടർപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. രണ്ടു പേർക്ക് നിസാര പരിക്ക് പറ്റിയതായി റിപ്പോർട്ടുണ്ട്.

അധികം താമസിയാതെ വിമാനത്തിന്റെ തീയണച്ചു. സംഭവത്തെക്കുറിച്ച് ഒരു അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. യാത്ര റദ്ദാക്കിയതിനാൽ യാത്രക്കാർക്ക് മുഴുവൻ ടിക്കറ്റ് തുകയും തിരികെ നൽകുമെന്ന് വിമാനക്കമ്പനി വ്യക്തമാക്കി.