കൊറോണയ്ക്കെതിരെ ഏറ്റവുമധികം കരുതലെടുത്ത രാജ്യമാണ് ന്യുസിലാൻഡ് എന്നുപറയാം. ഒന്നോ രണ്ടോ കോവിഡ് രോഗികളെ കണ്ടെത്തിയപ്പോൾ തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ഈ കരുതലിന്റെ ഭാഗമായിട്ടായിരുന്നു. പൂർണ്ണമായും കോവിഡ് മുക്ത രാജ്യം എന്നതായിരുന്നു ന്യുസിലാൻഡ് ആഗ്രഹിച്ചത്. എന്നാൽ ഈ കരുതലുകളെയൊക്കെ നിഷ്പ്രഭമാക്കി കോവിഡ് വ്യാപനം ന്യുസിലാൻഡിൽ തുടരുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ലോക്ക്ഡൗൺ ഇനിയും പിൻവലിക്കാത്ത ന്യുസിലാൻഡിൽ ഇന്നലെ 32 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

ഓക്ക്ലാൻഡിലാണ് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതെങ്കിൽ ഇവിടെ നിന്നും ഏകദേശം 150 കിലോമീറ്റർ തെക്ക് മാറിയുള്ള വൈക്കാറ്റോ മേഖലയിലും രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതോടെ ഈ മേഖലയും ഇപ്പോൾ ലോക്ക്ഡൗണിന് കീഴിലാക്കിയിരിക്കുകയാണ്. ഓക്ക്ലാൻഡിലെ 1.7 മില്ല്യൺ നഗരവാസികൾ ന്യുസിലാൻഡിലെ മറ്റു ഭാഗങ്ങളിൽ നിന്നും തീർത്തും ഒറ്റപ്പെട്ട് കഴിയണമോ എന്ന കാര്യം ഇന്ന് തീരുമാനിക്കും എന്നാണ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ പറഞ്ഞത്.

ഓക്ക്ലാൻഡിൽ കഴിഞ്ഞ ആഗ്സ്റ്റ് പകുതിയോടെ രോഗവ്യാപനം ആരംഭിച്ചപ്പോഴായിരുന്നു ദേശവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നിലവിൽ 1,328 കോവിഡ് രോഗികളാണ് ഇവിടെയുള്ളത്. പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം സാധാരണ നിലയിലേക്ക് മടങ്ങിയപ്പോൾ ഓക്ക്ലാൻഡിൽ മാത്രം ലോക്ക്ഡൗൺ തുടർന്നു. വ്യാപനം ഓക്ക്ലാൻഡിൽ മാത്രമായി പരിമിതപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ഉദ്ദേശ്യം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിനായി സാധ്യമായതെന്തും ചെയ്യുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.

കഴിഞ്ഞ വർഷം അവസാനത്തോടെ പൂർണ്ണമായും കോവിഡ് മുക്തമായ ഏതാനും രാജ്യങ്ങളിൽ ഒന്നായിരുന്നു ന്യുസിലാൻഡ്. പിന്നീട് കഴിഞ്ഞ ആഗസ്റ്റിൽ ഒന്നു രണ്ട് പേർക്ക് രോഗം സ്ഥിരീകരിക്കുന്നതുവരെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുമില്ല. ഡെൽറ്റാ വകഭേദമാണ് ന്യുസിലാൻഡിന്റെ കോവിഡ് വിമുക്ത രാജ്യം എന്ന സ്വപ്നത്തിനു മെൽ കരിനിഴൽ വിരിച്ച് ഇപ്പോൾ പാറിപ്പറക്കുന്നത്. കോവിഡ് മുക്ത രാജ്യമല്ലെന്നും എന്നാൽ, വൈറസ് അതിവേഗത്തിൽ തടയുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞ ജസിന്ത ആൻഡേഴ്സ്, 90 ശതമാനം ആളുകൾ എങ്കിലും വാക്സിൻ എടുക്കുന്നതുവരെ ലോക്ക്ഡൗൺ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

കർശന നിയന്ത്രണങ്ങളുമായി ഇസ്രയേൽ

പരമാവധി ജനങ്ങളിൽ ബൂസ്റ്റർ ഡോസും എത്തിച്ച് വാക്സിൻ പദ്ധതിയിൽ ഏറെദൂരം മുൻപോട്ടുപോയ ഇസ്രയേൽ രോഗവ്യാപനത്തെ ചെറുക്കാൻ കൂടുതൽ കടുത്ത നടപടികളുമായി എത്തുകയാണ്. ഇൻഡോർ ഇടങ്ങളിൽ പ്രവേശിക്കുന്നതിന് ബൂസ്റ്റർ വാക്സിൻ നിർബന്ധമാക്കുകയാണ് ഇസ്രയേൽ സർക്കാർ. ഇതോടെ വരും ദിവസങ്ങളിൽ ഏകദേശം 20 ലക്ഷം പേരുടെ വാക്സിൻ പാസ്സ്പോർട്ട് അസാധുവാകുമെന്ന് കണക്കാക്കപ്പെടുന്നു. കോവിഡ് പാസ്സ്പോർട്ടിൽ മൂന്നാം ഡോസ് നിർബന്ധമാക്കുന്ന ആദ്യ രാജ്യമായി മാറുകയാണ് ഇതോടെ ഇസ്രയേൽ.

ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ജിംനേഷ്യം, സാംസ്‌കാരിക പരിപാടികൾ എന്നിവിടങ്ങളിൽ പ്രവേശിക്കുവാൻ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാണെന്നിരിക്കെ ഇനി മുതൽ പാസ്സ്പോർട്ടിനായി ആളുകൾക്ക് വാക്സിന്റെ മൂന്നാം ഡോസും എടുക്കേണ്ടതായി വരും. ഇതിനെതിരെ ഇസ്രയേലിൽ പലയിടങ്ങളിലും പ്രക്ഷോഭണങ്ങളും നടക്കുന്നുണ്ട്. നിർബന്ധപൂർവ്വമായ വാക്സിനേഷൻ എന്നാണ് വിമർശകർ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.