- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിലെ ഫ്രണ്ട്സ് ഓഫ് പൊലീസ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്; പ്രപഞ്ച മൂല്യങ്ങളും ആധുനിക ജീവിതവും തമ്മിലുള്ള വിടവ് നികത്തുന്നതിനായി വികസിപ്പിച്ചത് സന്തുലിത ചിന്ത എന്ന സങ്കല്പം; കൊല്ലപ്പെടുന്ന സെപ്റ്റംബർ 30 ന് രാജീവ് ഗാന്ധിയോടൊപ്പം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ; പ്രദീപ് വി ഫിലിപ് വിരമിക്കുമ്പോൾ
തമിഴ്‌നാട് പൊലീസിലെ ഡി ജി പി പ്രദീപ് വി ഫിലിപ്പ് നീണ്ട 34 വർഷക്കാലത്തെ സേവനത്തിൽ നിന്നും വിരമിക്കുമ്പോൾ ആ സന്ദർഭം എന്തുകൊണ്ടും ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുകയാണ്. രക്തക്കറ പുരണ്ട പൊലീസ് തൊപ്പിയുംഅസ്സിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലെയ്റ്റും യൂണിഫോമിലണിഞ്ഞ് ഡി ജി പി യായി വിരമിക്കുമ്പോൾ തമിഴ്‌നാട് പൊലീസ് ചരിത്രത്തിലെ ഒരു അദ്ധ്യായം അവസാനിക്കുകയായിരുന്നു.
മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റുള്ള ഈ ഐ പി എസ്സുകാരനാണ് തമിഴ്‌നാട്ടിൽ ഫ്രണ്ട്സ് ഓഫ് പൊലീസ് പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. അതുകൂടാതെ പ്രപഞ്ച മൂല്യങ്ങളെ ആധുനിക ജീവിതവുമായി സമന്വയിപ്പിക്കുന്ന സന്തുലിത ചിന്താശൈലി എന്ന സങ്കല്പവും ഉരുത്തിരിഞ്ഞെത്തിയത് ഈ ഐ പി എസ്സുകാരന്റെ ചിന്തകളിൽ നിന്നായിരുന്നു. ഇന്ന് ആഗോള തലത്തിൽ തന്നെ ഒരു പഠനവിഷയമായി മാറിയിരിക്കുന്ന, ജീവിതത്തിന്റെ വിവിധ തുറകളിലെ നൈപുണ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന എക്സെനോമിക്സ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവും ഇദ്ദേഹം തന്നെ.
തൊഴിൽ മികവിനും അതോടൊപ്പം ധീരതയ്ക്കും നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ പ്രദീപ വി ഫിലിപ്പിന്റെ പേര് പക്ഷെ എന്നും ചരിത്രത്തിൽ രേഖപ്പെടുത്തുക ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിനൊപ്പമായിരിക്കും. 1991-ൽ ശ്രീപെരുമ്പത്തൂർ ഉൾപ്പെടുന്ന കാഞ്ചീപുരം ജില്ലയിലെ അസ്സിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ആയിരുന്ന പ്രദീപിനായിരുന്നു 1991 മെയ് 21 ന് രാജീവ് ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പുയോഗത്തിന്റെ സുരക്ഷാ ചുമതല.
എൽ ടി ടി ഇയുടെ മനുഷ്യബോംബ് പൊട്ടിത്തെറിച്ചപ്പോൾ പ്രദീപിനും ഗുരുതരമായ പരിക്കുകളേറ്റു. അന്ന് ശരീരത്തിൽ തറച്ച ഉരുക്കു കഷ്ണങ്ങളുമായാണ് ധീരനായ ഈ പൊലീസ് ഉദ്യോഗസ്ഥൻ ഇന്നും ജീവിക്കുന്നത്. മാത്രമല്ല, അന്നത്തെ സ്ഫോടനത്തിൽ അദ്ദേഹത്തിന്റെ യൂണിഫോമിലെ നെയിം ബാഡ്ജ് തെറിച്ചുപോവുകയും ചെയ്തു. അന്ന് ശ്രീപെരുമ്പത്തൂരിൽ ചിതറിത്തെറിച്ച രക്തത്തുള്ളികളായിരുന്നു പ്രദീപിന്റെ പൊലീസ് തൊപ്പിയിൽ ഉണ്ടായിരുന്നത്.
പിന്നീട് ഈ കേസിനെ കുറിച്ച് അന്വേഷണം നടത്തിയ സി ബി ഐയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം സ്ഫോടന സ്ഥലത്തുനിന്ന് ഈ നെയിം ബാഡ്ജും തൊപ്പിയും കണ്ടെടുത്തിരുന്നു. മാത്രമല്ല, വിചാരണ സമയത്ത് ഇതെല്ലാം കോടതിയിൽ മറ്റു തെളിവുകൾക്കൊപ്പം ഹാജരാക്കുകയും ചെയ്തിരുന്നു. അന്നു മുതൽ ഇവ സി ബി ഐ യുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ കൈവശമാണ്.
സെപ്റ്റംബർ 30 നായിരുന്നു ഇതിനിടെ തമിഴ്‌നാട് പൊലീസിൽ ഡി ജി പിയായ പ്രദീപ് വിരമിക്കേണ്ടിയിരുന്നത്. അതിന് ഒരാഴ്‌ച്ച മുൻപ് അദ്ദേഹം ചെന്നൈ അഡീഷണൽ സെഷൻസ് ജഡ്ജിനു മുന്നിൽ ഒരു അപേക്ഷ സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കിയ കേസുകളിൽ സമർപ്പിക്കപ്പെട്ട വസ്തുക്കളുമായി ബന്ധപ്പെട്ട സെക്ഷൻ 452 പ്രകാരമുള്ള ഒരു അപേക്ഷയായിരുന്നു അത്. സി സി 3/1992 എന്ന നമ്പറുള്ള കേസിൽ മറ്റീരിയ ഒബ്ജക്ടായി ഹാജരാക്കിയ തന്റെ ബാഡ്ജും തൊപ്പിയും തിരികെ നൽകുവാൻ ഉത്തരവിടണം എന്നായിരുന്നു അപേക്ഷ.
അഭിഭാഷകനായ മുൻ ടി വി അവതാരകൻ കൂടിയായ സഞ്ചയ് പിന്റോയും വിദ്യാ പിന്റോയുമായിരുന്നു പ്രദീപിനായി കോടതിയിൽ ഹാജരായത്. പ്രദീപിന്റെ കടമ നിർവ്വഹണത്തിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ആ ബാഡ്ജും രക്തം പുരണ്ട തൊപ്പിയും എന്നായിരുന്നു അഭിഭാഷകർ വാദിച്ചത്. 1998 ജനുവരിൻ 28 ന് കേസിൽ വിധി വന്നിരുന്നു എന്നും അതിനുശേഷം പ്രതികൾ നൽകിയ അപ്പീലുകളിലെല്ലാം വിധി വന്നുകഴിഞ്ഞു എന്നും അവർ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് ഇനി ഇവയുടെ ആവശ്യമില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
സ്വന്തം കടമ നിർവ്വഹിക്കുന്നതിനിടയിലെ മരണത്തിന്റെ വക്കുവരെ എത്തിയ വാദിക്ക് തന്റെ ഓർമ്മയിൽ എന്നും മരിക്കാതെ നിൽക്കുന്ന ഒരു സംഭവുമായി ബന്ധപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കണമെന്ന ആഗ്രഹമുണ്ടെന്നുംഅവർ വ്യക്തമാക്കി. രാജ്യത്തിനും സമൂഹത്തിനും അദ്ദേഹം നൽകിയ സേവനങ്ങൾക്ക് മകുടോദാഹരണങ്ങളാണ് അവയെന്നും അദ്ദേഹത്തിന്റെ രക്തത്തിന്റെയും വിയർപ്പിന്റെയും കണ്ണീരിന്റെയും ഈർപ്പമണിഞ്ഞവയാണ് അവയെന്നും പ്രദീപിനായി കോടതിയിൽ ഹാജരായ അഭിഭാഷകർ ബോധിപ്പിച്ചു.
ജോലിയിലെ തന്റെ അവസാനത്തെ ദിവസം അത്ധരിക്കണമെന്നാണ് പ്രദീപ് വി ഫിലിപ്പിന്റെ ആഗ്രഹമെന്നും, ആത്മാർത്ഥതയോടെ തന്റെ കടമ നിർവ്വഹിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിൽ ഇപ്പോൾ ഈ വസ്തുക്കൾ കൈവശം വച്ചിരിക്കുന്ന സി ബി ഐക്ക് തടസ്സമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് സെപ്റ്റംബർ 28 ന് ബാഡ്ജും തൊപ്പിയും പ്രദീപ് വി ഫിലിപ്പിന് നൽകിക്കൊണ്ട് ചെന്നൈ അഡീഷണൽ സെഷൻസ് ജഡ്ജ് ഉത്തരവിടുകയായിരുന്നു.
1 ലക്ഷം രൂപയ്ക്ക് തുല്യമായ തുക ബോണ്ടായി നൽകി തൊപ്പിയും ബാഡ്ജും പ്രദീപിന് എടുക്കാവുന്നതാണെന്ന് കോടതി ഉത്തരവിട്ടു. ഒക്ടോബർ 28 ന് മുൻപായി ഇവ തിരികെ ഏല്പിക്കുകയും വേണം. ജെയിൻ കമ്മീഷന്റെ റിപ്പോർട്ടിൽ, രാജീവ് ഗാന്ധിയുടെകൊലപാതകത്തിനായി ആഗോളതലത്തിൽ തന്നെ ഗൂഢാലോചന നടന്നിരുന്നു എന്ന് പരാമർശിച്ച കാര്യവും സി ബി ഐയുടെ മൾട്ടി ഡിസിപ്ലിനറി മോണിട്ടറിങ് ഏജൻസി വിദേശത്തു നടത്തുന്ന അന്വേഷണവും ചൂണ്ടിക്കാട്ടി ഈ വസ്തുക്കൾ ഇനിയും അന്വേഷണത്തിന് ആവശ്യമായി വന്നേക്കാമെന്നും കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ