- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ മാലിന്യ ഡിജിറ്റൽ സർവേ വിവരങ്ങൾ റസിഡന്റ്സ് അസോസിയേഷൻ തലത്തിൽ കൂടെ ഗണം തിരിക്കണം
ആലപ്പുഴ: പട്ടണത്തിൽ മാലിന്യ സംസ്‌ക്കരണ രീതികളുടെ വിവരശേഖരണത്തിനായുള്ള ഡിജിറ്റൽ സർവേ നടത്തുമ്പോൾ വാർഡ്തല വിവരങ്ങൾ റസിഡന്റ്സ് അസോസിയേഷൻ തലത്തിൽ കൂടെ ഗണംതിരിച്ചു സർവേ ഡാറ്റ പ്രസിദ്ധീകരിക്കണമെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ആവശ്യപ്പെട്ടു. നിലവിൽ വിവിധ കാരണങ്ങളാൽ ഉപയോഗരഹിതമായി കിടക്കുന്ന ഗാർഹിക മാലിന്യ സംസ്‌ക്കരണ മാർഗങ്ങളുടെ തകരാറുകളും എണ്ണവും കൂടി വേർതിരിച്ചു പ്രത്യേകം രേഖപ്പെടുത്തുന്നതിനോടൊപ്പം അവയുടെ കേടുപാടുകൾ നീക്കി പ്രയോജനപ്രദമായി നിലനിർത്താനുള്ള സംവിധാനം കൂടി ഉടൻ ഏർപ്പെടുത്തുകയും വേണം. എന്നിരുന്നാൽ മാത്രമേ പ്രശ്നങ്ങളിൽ സത്വരമായ പരിഹാരമാർഗങ്ങൾ സാധ്യമാകൂ.
മാലിന്യസംസ്‌ക്കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഉന്നയിക്കുന്ന പരാതികൾക്കൊന്നും തന്നെ പരിഹാരമുണ്ടാക്കിയിട്ടില്ലെന്നുള്ളത് ഖേദകരമാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മാലിന്യങ്ങൾ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റിയിടുന്ന നിർമ്മാർജനത്തേക്കാളുപരി പൂർണ സംസ്‌ക്കരണത്തിനുള്ള ആധുനികവും ശാസ്ത്രീയവുമായുള്ള സമഗ്ര ഏർപ്പാടുകളുണ്ടാക്കണം.
വീടുകളിലും സ്ഥാപനങ്ങളിലും ഹൗസ്ബോട്ടുകളിലും ഉൾപ്പടെയുണ്ടാകുന്ന കക്കൂസ് മാലിന്യം സംസ്‌ക്കരിക്കാൻ നിലവിൽ ഫലപ്രദമായ സംവിധാനമില്ല. പഴം, പച്ചക്കറി, മീൻ, ഇറച്ചി കടകളിലെ മാലിന്യങ്ങൾ ദിവസേന ഒഴിവാക്കാൻ നടപടികളില്ല. ജൈവമാലിന്യം വൻതോതിൽ കംപോസ്റ്റ് ആക്കി മാറ്റിക്കൊണ്ടിരിക്കാൻ പരിമിതികളുണ്ട്. ജൈവ, അജൈവ മാലിന്യങ്ങൾ കത്തിച്ചു വൈദ്യുതി ഉത്പാദിപ്പിക്കാനോ മറ്റോ സാധ്യമാകുന്ന അധുനിക യന്ത്രസംവിധാനങ്ങളാണ് സ്ഥാപിക്കേണ്ടത്. അല്ലെങ്കിൽ മാലിന്യത്തിൽ നിന്നു ഉപോത്പന്നങ്ങൾ നിർമ്മിക്കുകയുമാകാം.
ആലപ്പുഴയിൽ ബഹുഭൂരിപക്ഷം ഏറോബിക് ബിൻ പ്ലാന്റുകളും അശാസ്ത്രീയമായും ഗതാഗക്കുരുക്കുണ്ടാക്കുന്ന രീതിയിൽ റോഡിലേക്ക് ഇറക്കിക്കെട്ടിയും സമീപവാസികളെ അസഹ്യപ്പെടുത്തിയും മാരക പകർച്ച രോഗങ്ങൾക്കു അവസരമുണ്ടാക്കിയുമാണ് സ്ഥാപിച്ചിട്ടുള്ളത്. പഠനമോ പരിശോധനയോ കൂടാതെ സ്ഥാപിച്ചിട്ടുള്ള ഇത്തരം പ്ലാന്റുകൾ മനുഷ്യാവകാശങ്ങളുടെ നേർക്കുള്ള വൻ വെല്ലുവിളിയാണ്. പൊതുജന പൊതുവികാരം അവഗണിച്ചുള്ള ജനപ്രതിനിധികളുടെ മാത്രമായ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. തത്ത്വത്തിന്റെ പേരിൽ ഇവയിൽ നിന്നു ദുർഗന്ധവും ദ്രവമാലിന്യഒലിപ്പും ഉണ്ടാകില്ലെന്നു അതു സ്ഥാപിച്ച, സമീപത്തു താമസിക്കാത്തവർ അവകാശപ്പെട്ടാലും ഫലത്തിൽ അതിനു നേരേ വിപരീതമാണെന്നും അസഹനീയമാണെന്നും അതു വഴി കടന്നു പോകുന്ന എല്ലാ മനുഷ്യർക്കും വ്യക്തമായി അറിയാം. കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷന്റെ റിപ്പോർട്ടിലും ഇതു വിശദമാക്കിയിട്ടുണ്ട്.
വളരെ പ്രതീക്ഷയോടെ സ്ഥാപിക്കപ്പെട്ട ഗാർഹിക ബയോഗ്യാസ് പ്ലാന്റുകൾ വർഷങ്ങൾ കഴിഞ്ഞപ്പോൾ ആവശ്യമായ പരിപാലനവും അറ്റകുറ്റപ്പണികളും ലഭിക്കാതെ പ്രയോജനരഹിതമായിക്കൊണ്ടിരിക്കുന്നു. വീടുകളിലെ പെപ്പ് കംപോസ്റ്റ്, ബയോബിൻ തുടങ്ങിയ കംപോസ്റ്റിങ് മാർഗങ്ങൾ എല്ലാം മുന്നോട്ടുകൊണ്ടു പോകാൻ വീട്ടമ്മമാർ പ്രായോഗികതലത്തിൽ പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നതിനാൽ അവയും ജനപ്രിയമാകുന്നില്ല. കൂടാതെ ആവർത്തനച്ചെലവുകൾ ഭൂരിഭാഗം പേരെയും പിന്നോട്ടുവലിക്കുന്നു.
ഗാർഹിക മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾക്ക് കേടുപാടുകളുണ്ടായാൽ അതു ന്യായമായ കൂലിച്ചെലവിൽ നന്നാക്കി തുടർന്നുപയോഗിക്കാൻ ഏർപ്പാടുകൾ ലഭ്യമല്ല. ക്രമേണ അവയും മാലിന്യമായി മാറി വീട്ടുവളപ്പിൽ കിടക്കും. ബയോഗ്യാസ് പ്ലാന്റുകൾ ജനങ്ങൾക്കിടയിൽ പ്രോത്സാഹിപ്പിക്കാൻ സബ്സിഡി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്ഥാപിച്ച പലർക്കും വർഷങ്ങളായിട്ടും അതു ലഭ്യമായിട്ടില്ല. കൂടാതെ പ്ലാന്റ് സ്ഥാപിക്കുന്നവർക്കു വീട്ടുകരത്തിൽ ഇളവു നല്കുമെന്നു അധികാരികൾ സൂചിപ്പിച്ചിരുന്നുവെങ്കിലും ആ വിഷയത്തിൽ ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ല.
ഏറോബിക് ബിൻ, ബയോ ഗ്യാസ് പ്ലാന്റ് തുടങ്ങി ജൈവമാലിന്യങ്ങളുമായി ബന്ധപ്പെട്ട സംസ്‌ക്കരണ സംവിധാനങ്ങളും പരിസരങ്ങളും കൊതുക്, പാറ്റ, എലി, കീരി, പാമ്പ്, പട്ടി തുടങ്ങി വിവിധ രോഗങ്ങൾ പരത്തുന്ന ക്ഷുദ്രജീവികളുടെ താവളമാകുന്നതിനാൽ അവ മൂലമുണ്ടാകുന്ന ആരോഗ്യഭീഷണി വേറെ. കൊതുക് ഉൾപ്പടെയുള്ളവയെ ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണമെന്ന ആവശ്യം അധികൃതർ വർഷങ്ങളേറെയായിട്ടും കേട്ടഭാവം കാണിച്ചിട്ടില്ല. മഴക്കാലത്ത് വെള്ളം പരന്നൊഴുകി ഗുണത്തേക്കാളുപരി ദോഷമായി പരിസരം വൃത്തികേടായിക്കിടക്കും.
മുനിസിപ്പാലിറ്റി ജീവനക്കാർ വഴിയരികിൽ തൂത്തു കൂട്ടിയിടുന്ന കരിയിലയും മാലിന്യങ്ങളും കൂടാതെ കാനയിൽ നിന്നു കോരി കരയിൽ വയ്ക്കുന്ന നനവുള്ള മാലിന്യ മണ്ണും ചെളിയും അവിടെ നിന്നു മാറ്റി പ്രദേശം വൃത്തിയാക്കാറില്ല. അവ വീണ്ടും അവിടെ പരന്നു പഴയപടിയാകും.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിവതും കുറയ്ക്കാനുള്ള നിയന്ത്രണ നടപടികൾ ഫലപ്രദമായി നടപ്പാകാത്തതിനാൽ വാണിജ്യസ്ഥാപനങ്ങളിൽ നിന്നു പുറത്തേക്കു പോകുന്ന പ്ലാസ്റ്റിക്ക് കൂടുകളുടെ എണ്ണം കുറഞ്ഞിട്ടില്ല.പ്ലാസ്റ്റിക് കൂടാതെയുള്ള റബർ, ലതർ, ഗ്ലാസ്, കുപ്പി, തടി, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ യഥാവിധി ഒഴിവാക്കാനുള്ള കൃത്യമായ ഏർപ്പാടുകൾ ഇല്ലാത്തതിനാൽ അവ റോഡുവക്കുകളിൽ കുന്നുകൂടുകയുമാണ്.പട്ടണത്തിന്റെ സമ്പൂർണ ശുചിത്വം ലക്ഷമാക്കി 'നിർമല ഭവനം നിർമല നഗരം 2.0 അഴകോടെ ആലപ്പുഴ' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ് 2021 ഒക്ടോബർ രണ്ടിനു ശനിയാഴ്ച ഗാന്ധിജയന്തി ദിനത്തിൽ വീടുകളിൽ ശുചിത്വ സർവേയ്ക്കു തുടക്കമിടുന്നത്. ആലപ്പുഴ മുനിസിപ്പൽ കൗൺസിലും കാൻആലപ്പിയും ചേർന്നാണ് സർവേയ്ക്കു നേതൃത്വം നല്കുന്നത്. സർവേ ഒരാഴ്ച കൊണ്ടു പൂർത്തിയാക്കും. പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. ഒരു വർഷം നീണ്ടുനില്ക്കും.
സമ്പൂർണ ശുചിത്വ ലക്ഷ്യം നേടുന്നതിനു പട്ടണത്തിലെ പ്രാരംഭ സ്ഥിതിവിവര കണക്കുകൾ എടുക്കുന്നതിനായാണ് സർവേ. നിലവിൽ വീട്ടിലെ ജൈവമാലിന്യം എങ്ങനെയാണ് സംസ്‌ക്കരിക്കുന്നതെന്നാണ് പ്രധാന ചോദ്യം. ഏറോബിക് ബിൻ, ബയോ ബിൻ, ബയോഗ്യാസ്, പറമ്പിൽ നിക്ഷേപിക്കുന്നു, മറ്റുള്ളവ എന്നിങ്ങനെ അഞ്ച് ഓപ്ഷനാണുള്ളത്. സംവിധാനം നിലവിൽ പ്രവർത്തന യോഗ്യമാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. എന്നാൽ ഖരമാലിന്യ സംസ്‌ക്കരണത്തെക്കുറിച്ചുള്ള സംശയങ്ങൾ ജനങ്ങൾക്കിടയിൽ നിലനിൽക്കുകയാണ്.