തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് ശമനമില്ല. ഒട്ടുമിക്ക ജില്ലകളിലും ഇന്നു പരക്കെ മഴ പെയ്യും. ഇടുക്കിയിൽ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് നൽകി. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളിൽ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെലോ അലർട്ടും പ്രഖ്യാപിച്ചു.

നാളെ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ തുടരും. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നു ന്യൂനമർദമായി മാറുമെന്നാണ് വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തും ചക്രവാതച്ചുഴി നിലവിലുണ്ട്.

അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച കോഴിക്കോടും തീവ്രമഴക്ക് സാധ്യതയുണ്ട്. ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ഉയർന്ന തിരമാലയുണ്ടാകാനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ചൊവ്വാഴ്ച വരെ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.