കൊച്ചി: കോവിഡ് ടെസ്റ്റ് നിരക്ക് വീണ്ടും കൂടും. ആർടിപിസിആർ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഇത്. പുതിയ നിരക്ക് നിശ്ചയിക്കുന്നതു വരെ 500 രൂപയായി തുടരും. കോവിഡ് സ്ഥിരീകരിക്കാനുള്ള ടെസ്റ്റായ ആർടിപിസിആറിന്റെ നിരക്ക് ഏപ്രിൽ 30നാണ് സർക്കാർ 1700 രൂപയിൽനിന്ന് 500 രൂപയായി കുറച്ച് ഉത്തരവിട്ടത്. മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് പരിഗണിച്ചായിരുന്നു ഇത്. ഈ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമോ എന്നതും നിർണ്ണായകമാണ്. അപ്പീൽ അനുവദിച്ച് സ്റ്റേ ചെയ്യാൻ മേൽ കോടതി തയ്യാറായാൽ ടെസ്റ്റ് നിരക്ക് പിന്നേയും 500ൽ തുടരും. എന്നാൽ സർക്കാർ അപ്പീലിന് പോകില്ലെന്നാണ് സൂചന.

സ്വകാര്യ ലാബുടമകളുമായി ചർച്ച ചെയ്തു നിരക്ക് സംബന്ധിച്ച് തീരുമാനം മൂന്നാഴ്ചയ്ക്കുള്ളിൽ എടുക്കാനും ജസ്റ്റിസ് ടി.ആർ.രവി ഉത്തരവിട്ടു. എന്നാൽ ചർച്ചയ്ക്കും തീരുമാനത്തിനും സൗകര്യമൊരുക്കാൻ, ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് ഒരു മാസത്തേക്ക് നീട്ടിവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത ഒരു മാസം കൂടി 500 രൂപയാകും ആർ ടി പി സി ആർ നിരക്ക്. സ്വകാര്യ ലാബുകൾ ആർടിപിസിആർ ടെസ്റ്റിന് 500 രൂപയേ ഈടാക്കാവൂയെന്നും കൂടുതൽ ഈടാക്കിയാൽ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഇറക്കിയ സർക്കാർ ഉത്തരവും ഇതോടെ ഫലത്തിൽ റദ്ദായി. വിവാദമായ ഉത്തരവുകൾ ചോദ്യം ചെയ്തു സ്വകാര്യ ലാബുകൾ നൽകിയ ഹർജിയിലാണ് രണ്ട് ഉത്തരവുകളും റദ്ദാക്കിയത്.

ഉത്തരവ് ഒരു മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത് സ്വകാര്യ ലാബുകൾക്കെതിരെ നടപടിയെടുക്കാനുള്ള അനുമതിയാണെന്നു കരുതരുതെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ലാബുകളുമായി കൂടിയാലോചിച്ചു വേണം നിരക്ക് തീരുമാനിക്കേണ്ടത് എന്ന ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നിർദ്ദേശം പാലിക്കാതെ സർക്കാർ ഏകപക്ഷീയമായി 500 രൂപയാക്കി നിശ്ചയിച്ചെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം. ഇതാണ് ഹൈക്കോടതി അംഗീകരിക്കുന്നത്. അപ്പീൽ പോകാതിരിക്കാൻ സർക്കാരിൽ ലാബുടമകളുടെ സമ്മർദ്ദവും ഉണ്ട്.

നേരത്തെ ലാബുടമകൾ ഹർജി നൽകിയതിനെ തുടർന്നു കോടതി നിർദേശ പ്രകാരം ലാബുടമകളുമായി കൂടിയാലോചിച്ച് നിരക്ക് സർക്കാർ 1700 രൂപയാക്കിയിരുന്നു. എന്നാൽ രണ്ടു മാസത്തിനു ശേഷം 500 രൂപയാക്കുകയായിരുന്നു. ടെസ്റ്റിനു വേണ്ട സാമഗ്രികളുടെ വിപണി വിലയുടെയും മറ്റു ചില സംസ്ഥാനങ്ങളിൽ 500 രൂപ ഈടാക്കുന്നതും കണക്കിലെടുത്തായിരുന്നു തീരുമാനം. ഐസിഎംആറിന്റെ നിർദേശ അനുസരിച്ച് സർക്കാരിന് സ്വകാര്യ ലാബുകളുമായി ചർച്ച നടത്തി തീരുമാനമെടുക്കാൻ ബാധ്യതയുണ്ടായിരുന്നു. ചർച്ചയില്ലാതെ തീരുമാനമെടുത്തുതിനാൽ സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

മറ്റു സംസ്ഥാനങ്ങൾ നിരക്കിൽ എങ്ങനെയാണ് എത്തിയതെന്നു കാണിക്കാൻ വസ്തുതകളില്ലാത്തതിനാൽ ആ നിരക്ക് യുക്തിസഹമായ അളവുകോലല്ല. ടെസ്റ്റിനു വേണ്ട സാമഗ്രികൾ ന്യായവിലയ്ക്ക് എത്തിക്കാൻ കോർപറേഷനു കഴിയാത്തതിനാൽ കോർപറേഷന്റെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിക്കാനാവില്ലെന്നും കോടതി പറഞ്ഞു.