തെക്കൻ ചൈനക്കടലിൽ സംഘർഷത്തിന് കനം വർദ്ധിപ്പിച്ചുകൊണ്ട് ഇന്നലെ ചൈനയുടെ 52 വിമാനങ്ങൾ തായ് വാന്റെ ആകാശത്ത് വട്ടമിട്ടുപറന്നു. മുപത്തിനാൽ ജെ -16 യുദ്ധവിമാനങ്ങളും പന്ത്രണ്ട് എച്ച്-6 ആണവ ബോംബർ വിമാനങ്ങളും രണ്ട് സു-30 ജെറ്റ് വിമാനങ്ങളും മറ്റ് സൈനിക വിമാനങ്ങളും തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയതായി തായ് പേയ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്‌ച്ച അഞ്ച് വെവ്വേറെ ശ്രമങ്ങളിലായി 93 വിമാനങ്ങളായിരുന്നു ചൈന ഈ ദ്വീപിന്റെ അതിർത്തിയോട് ചേർന്ന് പറത്തിയത്. അതിൽ ഏറ്റവും വലിയ മിഷനിൽ ഉണ്ടായിരുന്നത് 25 യുദ്ധവിമാനങ്ങളായിരുന്നു.

അതേസമയം തായ് വാനെ സഹായിക്കാൻ ആസ്ട്രേലിയ തയ്യാറാണോ എന്ന വെല്ലുവിളി ഉയർത്തി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ സംഘർഷത്തിന് ആക്കം വർദ്ധിപ്പിച്ച് രംഗത്തെത്തി. ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസ് ദിനപ്പത്രമാണ് ട്വിറ്ററിലൂടെ ഈ വെല്ലുവിളിയുമായി എത്തിയിരിക്കുന്നത്. ആസ്ട്രേലിയയും സമാനമനസ്‌കരായ മറ്റു രാജ്യങ്ങളും ഇന്റലിജൻസ്- സെക്യുരിറ്റി വിഷയങ്ങൾ തങ്ങളുമായി പങ്കുവയ്ക്കണമെന്ന് തായ്വാൻ വിദേശകാര്യമന്ത്രി ജോസഫ് വു ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഈ പ്രതികരണം എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വാരാന്ത്യത്തിൽ തായ് വാൻ അതിർത്തിയിലൂടെ യുദ്ധവിമാനങ്ങൾ പറത്തിയത് ചൈനയുടെ ദേശീയ ദിനത്തോടനുബന്ധിച്ചു നടത്തിയ സൈനിക ശക്തി പ്രകടനമായിരുന്നു എന്ന് ഗ്ലോബൽ ടൈംസ് എഡിറ്റർ ഹു ഷിജിൻ മറ്റൊരു ട്വിറ്ററിൽ കുറിച്ചു. തായ്വാൻ വിഘടനവാദികളുടെ ഭരണം അവസാനിക്കുവാൻ ഇനി ഏറെക്കാലമില്ലെന്നും അദ്ദേഹം കുറിച്ചു. ഇതിനു പുറമെ സാധാരണ രീതിയിൽ നടക്കാറുള്ള പരമ്പരാഗത ഗാർഡ് ഓഫ് ഓണർ പരേഡല്ല അന്ന് നടന്നതെന്നും യഥാർത്ഥ യുദ്ധത്തിനുള്ള തയ്യാറെടുപ്പായിരുന്നു എന്ന് ഗ്ലോബൽ ടൈംസിന്റെ എഡിറ്റോറിയലിൽ കുറിച്ചിട്ടുമുണ്ട്.

തായ്വാന് മേൽ ചൈനയുടെ പരമാധികാരം വിളംബരം ചെയ്യുന്ന ഒരു പ്രകടനം തന്നെയായിരുന്നു അതെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. യുദ്ധസാഹചര്യങ്ങൾ പൈലറ്റുമാർക്ക് മനസ്സിലാക്കുവാനുള്ള ഒരു അവസരം കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ ആക്രമണം ആരംഭിച്ചാൽ പരിചയസമ്പന്നരെ പോലെ അവർക്ക് പോരാടാനാകും എന്നും പത്രം പറയുന്നു. തായ്വാനീസ് ഉൾക്കടലിനു കുറുകെ ഭാവിയിൽ എന്താണ് സംഭവിക്കുക എന്നതിനെ കുറിച്ച് യാതൊരു സംശയവുമില്ലെന്നും പത്രം സൂചിപ്പിക്കുന്നു.

തായ്വാൻ പ്രശ്നം എപ്പോൾ എങ്ങനെ പരിഹരിക്കണം എന്നത് പൂർണ്ണമായും ചൈനയുടെ കാര്യമാണ്. പത്രം തുടരുന്നു. ഈ വർഷം ആദ്യം മുതൽ തന്നെ മിക്കവാറും എല്ലാ ദിവസങ്ങളിലും ചൈനയുടെ യുദ്ധവിമാനങ്ങൾ തായ്വാൻ അതിർത്തിയിൽ വട്ടമിടുന്നുണ്ട്. ചുരുങ്ങിയത് ഒരു യുദ്ധവിമാനമെങ്കിലും ഈ അതിർത്തിയിൽ എത്താത്ത ഒരു ദിവസം ഈ വർഷം ഉണ്ടായിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ വാരാന്ത്യത്തിൽ തായ്വാന്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് 38 യുദ്ധവിമാനങ്ങൾ പറത്തി ചൈൻ സംഘർഷ സാധ്യത വർദ്ധിപ്പിച്ചത്.

ഒരു രാജ്യത്തിന്റെ വ്യോമ പ്രതിരോധ മേഖല എന്നത് ആ രാജ്യത്തിന്റെ പരമാധികാരമുള്ള വ്യോമ മേഖലയിൽ നിന്നും വ്യത്യസ്തമാണ്. വ്യോമ പ്രതിരോധ മേഖലയിലേക്ക് കടക്കുന്ന വിദേശ വിമാനങ്ങൾ തങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. അതുകഴിഞ്ഞാണ് പരമാധികാരമുള്ള വ്യോമ മേഖലയിലേക്ക് പ്രവേശിക്കുക. ചൈനീസ് വിമാനങ്ങൾ വ്യോമ പ്രതിരോധ മേഖലയിൽ എത്തിയ ഉടൻ തങ്ങളുടെ വ്യോമസേനയെ തയ്യാറാക്കി നിർത്തി എന്നും മിസൈൽ സിസ്റ്റം ഉൾപ്പടെയുള്ള ആയുധങ്ങൾ പ്രവർത്തനക്ഷമാമാക്കി എന്നും തായ്പേയീ വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ, തങ്ങളുടെ വ്യോമ മേഖലയിലേക്ക് കടക്കാതെ ചൈനീസ് വിമാനങ്ങൾ തിരികെ പോവുകയായിരുന്നു എന്നും അവർ അറിയിച്ചു.