തലശ്ശേരി : രണ്ട് വർഷം മുൻപ് ധർമ്മടം ചാത്തോടം ഭാഗത്ത് കടലിലെ മണൽതിട്ടയിൽ കുടുങ്ങി കിടക്കുന്ന പഴയ ചരക്ക് കപ്പൽ കടലിൽ വെച്ചു തന്നെ പൊളിച്ചു നീക്കാൻ നടപടികൾ തുടങ്ങി. ഇതിനായുള്ള യന്ത്ര സാമഗ്രികളും ഉപകരണങ്ങളും എത്തിക്കഴിഞ്ഞു. കണ്ണൂർ ജില്ലാ കലക്ടറാണ് കപ്പൽ പൊളിക്കാൻ ഉത്തരവ് നൽകിയത്. സിൽക്കാണ് പ്രവർത്തി നടത്തുന്നത്.

കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് കപ്പലിനെ കരയിലേക്ക് കയറ്റും. അവിടെ വച്ച് പൊളിച്ചടുക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മാലിയിൽ നിന്നും അഴീക്കലിലേക്ക് പുറംകടലിലൂടെ ടഗ്ഗിൽ കെട്ടിവലിച്ചു കൊണ്ടുപോവുന്നതിനിടയിൽ കടൽക്ഷോഭത്തിൽ വടം പൊട്ടിയതിനെ തുടർന്നാണ് ചരക്ക് കപ്പൽ തിരകളിൽ ആടി ഉലഞ്ഞ് നീങ്ങി ധർമ്മടത്തെത്തിയിരുന്നത്. 500 മീറ്റർ അകലെ ഇത് മണലിൽ ആണ്ടു നിൽക്കുകയായിരുന്നു.

ഇവിടെ നിന്നും ഇളക്കി മാറ്റി അഴിക്കലെത്തിക്കാൻ സാങ്കേതിക വിദ്യകളും, ഖലാസികൾ, ഉൾപെടെ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഉറച്ചു പോയ സ്ഥലത്ത് നിന്നും മാറ്റാനായിരുന്നില്ല.ഗത്യന്തരമില്ലാതായതോടെ കിടക്കുന്നിടത്ത് വച്ച് തന്നെ പൊളിക്കാനായി നീക്കം. തുടർന്ന് രണ്ട് വർഷമായി കപ്പൽ ധർമ്മടം തീരത്ത് നോക്കുകുത്തിയായി കിടപ്പായിരുന്നു