ചെന്നൈ: തമിഴ് സൂപ്പർതാരം അജിത്തിന്റെ വീടിനു മുന്നിൽ യുവതിയുടെ ആത്മഹത്യ ശ്രമം. അജിത്തിനെ കാണാൻ സാധിക്കാത്തതിലുള്ള നിരാശയെ തുടർന്നാണ് യുവതിക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തീകൊളുത്താൻ ശ്രമിച്ച യുവതിയെ പൊലീസ് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

യുവതിക്ക് കൗൺസിലിങ് നൽകുകയും അവരുടെ വീട്ടിലേക്ക് തിരികെ അയക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിക്കെതിരെ കേസെടുത്തിട്ടില്ല. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഫർസാന എന്ന യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

തന്റെ ജോലി പോകാൻ കാരണം അജിത്തും ഭാര്യ ശാലിനിയുമാണെന്ന് യുവതി ആരോപിച്ചു. 2020ൽ അജിത്തും അദ്ദേഹത്തിന്റെ ഭാര്യയും ആശുപത്രി സന്ദർശിച്ചിരുന്നു. ഇവരുടെ വീഡിയോ ഫർസാന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യ്തു. വീഡിയോ വൈറലായതോടെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഫർസാനയെ ആശുപത്രി മാനേജ്‌മെന്റ് പിരിച്ചുവിട്ടു.

ഫർസാന തന്റെ ജോലി തിരികെ ലഭിക്കാൻ ശാലിനിയെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല.തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചാണ് ആശുപത്രി ഫർസാനയെ പറഞ്ഞുവിട്ടത്. തുടർന്ന് ഫർസാന സഹായിക്കണമെന്നാവശ്യപ്പെട്ട് ശാലിനിയെ സന്ദർശിച്ചിരുന്നു.

യുവതിയും സുഹൃത്തും അജിത്തിനെ കാണാനായി വീടിന് മുന്നിലെത്തി. പക്ഷേ സുരക്ഷ ഉദ്യോഗസ്ഥർ അകത്തേക്ക് കയറ്റിയില്ല. ഇതിനെത്തുടർന്ന് തന്റെ ജോലി തെറിപ്പിച്ചത് അജിത്താണെന്ന് പറഞ്ഞ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.