തളിപ്പറമ്പ്:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത ലേഡീസ് ഹോസ്റ്റൽ വിട്ടുനൽകിയില്ലെന്ന ആരോപണവുമായി പ്രവാസി സംരംഭകൻ സമരത്തിനൊരുങ്ങുന്നു. പിലാത്തറ ചുമടുതാങ്ങിയിലെ എസ്‌പി അബ്ദുൽഷുക്കൂറാണ് കണ്ണൂർ ജില്ലാ ഭരണകൂടത്തിണതിരെ ആരോപണം ഉയർത്തി രംഗത്തെത്തിയത്. 2018 ഒക്ടോബറിലാണ് തളിപ്പറമ്പ് മെഡിക്കൽ കോളജ് സ്റ്റോപ്പ്-ശ്രീസ്ഥ റോഡിൽ ഷുക്കൂർ ഐശ്വര്യ ലേഡീസ് ഹോസ്റ്റൽ തുടങ്ങിയത്.

അഞ്ചു വർഷത്തെ കരാറിൽ അഞ്ചുലക്ഷം രൂപ ഡെപ്പോസിറ്റും മാസം 65,000 രൂപ വാടകയുമായിരുന്നു. 2019ൽ ഏപ്രിൽ 20നു സർക്കാർ ഉത്തരവ് പ്രകാരം കലക്ടർ ഹോസ്റ്റൽ ഏറ്റെടുത്ത് മെഡിക്കൽ കോളജിലെ ശുചീകരണ ജീവനക്കാർക്ക് ക്വാറന്റൈനിൽ കഴിയാനായി കൈമാറുകയായിരുന്നു.

എന്നാൽ ഇത്രയും നാളുകൾ പിന്നിട്ടിട്ടും കെട്ടിടം തിരികെ നൽകിയില്ലെന്നാണു പരാതി. അതിനിടയിൽ കെട്ടിടമ ഉടമ പൂട്ട് പൊളിച്ചു കെട്ടിടം കൈയടക്കി വാടകയ്ക്ക് നൽകിയെന്നും സർക്കാരിൽ നിന്ന് വാടകയിനത്തിൽ ലഭിച്ച തുകയിൽ 1,75,000 രൂപ കെട്ടിട ഉടമയ്ക്ക് നൽകിയിരുന്നതായും ഷുക്കൂർ പറയുന്നു. 15 മുതൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിനു മുമ്പിൽ ഈ മാസം 15 മുതൽ സത്യഗഹം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.