ഡെറാഡൂൺ: മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് റൂർക്കിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. സോനാപുരത്തുള്ള ക്രിസ്ത്യൻ പള്ളിയിലാണ് പകൽ പ്രാർത്ഥന നടക്കുമ്പോൾ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇരുനൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുന്നു.

ഞായറാഴ്ച രാവിലെ 10ന് പ്രാർത്ഥന തുടങ്ങാനിരിക്കെ പള്ളിക്കകത്തു കടന്ന അക്രമികൾ അവിടെയുണ്ടായിരുന്ന സാധനസാമഗ്രികൾ തകർത്തു. ആളുകളെയും ആക്രമിച്ചു. ബജ്‌റങ് ദളും മറ്റു ചില സംഘടനകളുമാണ് പിന്നിലെന്നും പള്ളി അടയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടുവരുകയായിരുന്നുവെന്നും പാസ്റ്റർ പ്രിയോ സാധന പോർട്ടർ പറഞ്ഞു.

സമാനസംഭവങ്ങൾ മുൻപുണ്ടായിട്ടുള്ളതിനാൽ, ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കണമെന്ന് കലക്ടർമാർക്കു സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ ഉറപ്പു നൽകി. പള്ളിക്കു സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.