കണ്ണൂർ:അഴീക്കൽ കടലോരത്ത് ലൈറ്റ് ഹൗസിനടുത്തായി കണ്ടെത്തിയ തിമിംഗലത്തിന്റെ ജഡം മറവു ചെയതു. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. 11 മീറ്റർ നീളവും അഞ്ചുമീറ്റർ വണ്ണവുമുണ്ട്. ആന്തരികാവയങ്ങൾ പുറത്ത് ചാടിയ നിലയിലാണ്. ജഡത്തിന് ഒരാഴ്‌ച്ചയുടെ പഴക്കമുണ്ടെന്ന് കരുതുന്നു.

കടലിൽ കപ്പലിടിച്ചതോ മറ്റേതെങ്കിലും വിധത്തിലോ മാരകമായി പരിക്കേറ്റ ശേഷം വന്നടിഞ്ഞതാകാനാണിട. അതാണ് കുടൽമാലകൾ പുറത്തേക്ക് വന്നതെന്ന് അധികൃതരുടെ അനുമാനം. അഴീക്കൽ തീരദേശ പൊലീസ് ഇൻസ്പക്ടർ എസ് . അജയകുമാർ , തളിപ്പറമ്പ് ഫോറസ്റ്റ് റെയ് ഞ്ച് ഓഫീസർ വി.രതീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എച്ച്. ഷാജഹാൻ, എന്നിവർ സ്ഥലത്തെത്തി തിമിംഗലത്തെ പരിശോധിച്ചു.

തിമിംഗലം കരക്കടിഞ്ഞ വാർത്ത പരന്നതോടെ നാട്ടുകാരും ഒഴുകിയെത്തി. പടം എടുക്കാനുള്ള തിരക്കിലായിരുന്നു അവിടെ കൂടിയവരിൽ ഭൂരിഭാഗവും.ഒടുവിൽ ജില്ലാ വെറ്റിനറി ഡോക്ടർ മുരളിയുടെ നേതൃത്വത്തിൽ അവിടെ വെച്ച് തന്നെ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം വൈകുന്നേരം നാലോടെ കുഴി കുഴിച്ച് മറവ് ചെയ്തു.