പേരാവൂർ:സിപിഎം നിയന്ത്രണത്തിലുള്ള ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പിൽ പ്രതിഷേധിച്ച് പണം നഷ്ടപ്പെട്ടവർ സൊ സെറ്റി സെക്രട്ടറി പി.വി ഹരിദാസന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബുധനാഴ്‌ച്ച രാവിലെ പത്തു മണിയോടെ സൊസെറ്റി പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടറിയുടെ വീടിന് മുൻപിലെത്തിയപ്പോൾ പേരാവൂർ പൊലിസ് തടഞ്ഞുതുടർന്ന് ഇടപാടുകാർ വീടിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇടപാടുകാർക്ക് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് ബിജെപിയും പ്രതിഷേധ മാർച്ചു നടത്തിയിരുന്നു നാൾക്കുനാൾ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്.പാർട്ടി സമ്മേളനകാലത്ത് നേതൃത്വത്തിനെതിരായ വിമർശനങ്ങൾക്ക് സഹകരണ സംഘം തട്ടിപ്പ് വഴിയൊരുക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിൽ കുറ്റാരോപിതർക്കെതിരെ സിപിഎം കർശന നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

ആരോപണ വിധേയരായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നു സി.പി. എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്.ആരോപണ വിധേയനായ സെക്രട്ടറി പി.വി.ഹരിദാസിനെ സഹകരണ രജിസ്ട്രാർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ടവരെ സംഘടനയിൽ നിന്നു പുറത്താക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. സൊസൈറ്റിയിൽ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് പുറത്തുവന്നതോടെ സെക്രട്ടറി ഒളിവിൽ പോകുകയായിരുന്നു. പിന്നാലെ സി.പി. എം പ്രവർത്തകർ ഉൾപ്പെടുന്ന ഇടപാടുകാർ ബുധനാഴ്‌ച്ച രാവിലെ സെക്രട്ടറിയുടെ വീടിനു മുന്നിൽ ധർണ നടത്തി.

പേരാവൂർ കോ - ഓപറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയിരുന്നില്ല ആകെ 1.85കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. പല തവണ പൊലീസിന്റെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്ച നൂറിലേറെ നിക്ഷേപകർ സൊസൈറ്റിയിലെത്തി ഉപരോധ സമരം നടത്തിയത്.

അടുത്ത കാലത്ത് പേരാവൂർ ടൗണിൽ ഇരുനില കെട്ടിടം വിലയ്ക്ക് വാങ്ങിയതും സഹോദരനെ ബിനാമിയാക്കി 68 ലക്ഷം രൂപയുടെ ഭൂമി വാങ്ങിയതും സൊ സെറ്റി സെക്രട്ടറി ഹരിദാസിനെതിരെ കൂടുതൽ ആരോപണങ്ങളുയരാൻ ഇടയാക്കിയിരുന്നു.നൂറ് പവൻ സ്വർണം സമ്മാനമായി നൽകിയാണ് ഇയാൾ മകളുടെ വിവാഹം നടത്തിയതെന്നും തട്ടിപ്പിന് ഇരയായവർ ആരോപിച്ചു.

നിലവിലുള്ള ഭരണസമിതിക്ക് തട്ടിപ്പിൽ പങ്കില്ലെങ്കിലും കഴിഞ്ഞ ഭരണസമിതിയുടെ തട്ടിപ്പിന് മൗനാനുവാദം നൽകിയെന്ന് ഇരകൾ ആരോപിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികളടക്കം നിരവധി നിർദ്ധനരായ ആളുകൾ സൊസൈറ്റിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തങ്ങൾക്ക് പണം തിരികെ കിട്ടുന്നവരെ സമരം കൂടുതൽ ശക്തമാക്കാനാണ് രാഷ്ട്രീയ ഭേദമന്യേ ഇടപാടുകാരുടെ തീരുമാനം.

ഇതിന്റെ ഭാഗമായി പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ ഒക്ടോബർ 11 മുതൽ കർമ്മസമിതി അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങും. പതിമൂന്നംഗ സമിതിയുടെ കൺവീനറായി സിബി മേച്ചേരിയേയും ചെയർമാനായി കെ.സനീഷിനെയും സെക്രട്ടറിയായി ടി.ബി.വിനോദിനെയും ട്രഷററായി ജോൺ പാലിയത്തിനെയും തിരഞ്ഞെടുത്തു