- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാരിയംകുന്ന'നിൽ നിന്ന് പിന്മാറാനുള്ള തീരുമാനം തന്റേതല്ല; മറുപടി പറയേണ്ടത് ആ സിനിമയുടെ നിർമ്മാതാവോ സംവിധായകനോ: ഒടിടി റിലീസ് എല്ലാ നിലയ്ക്കും ഗുണം: പൃഥ്വിരാജ്
ദുബായ്: പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങിയ സിനിമയാണ് 'വാരിയംകുന്നൻ'. എന്നാൽ അതിൽ നിന്നും പൃഥ്വി പിന്മാറി എന്ന വാർത്തയാണ് പിന്നീട് കേട്ടത്. എന്നാൽ ഇപ്പോൾ ആ സിനിമയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ് വ്യക്തമാക്കുന്നു. താൻ ആ സിനിമയുടെ നിർമ്മാതാവോ സംവിധായകനോ അല്ലെന്നും അവരാണ് അതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ്, മമത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ഛായാഗ്രഹകൻ രവി.കെ.ചന്ദ്രൻ സംവിധാനം ചെയ്ത ഭ്രമം എന്ന ചിത്രം യുഎഇയിൽ റിലീസാകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
തന്റെ വ്യക്തിജീവിതത്തിനും പ്രഫഷനും വെളിയിൽ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. പുറത്ത് നടക്കുന്ന ചർച്ചകൾക്ക് നേരെ സൗകര്യപൂർവം കണ്ണടയ്ക്കുകയും കേൾക്കാതിരിക്കുകയുമാണ് ചെയ്യാറ്. എന്റെ ജീവിതവും തൊഴിൽമേഖലയും അതാണ് എന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലയാളം സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ വന്നത് എല്ലാ നിലയ്ക്കും ഗുണകരമാണ്. തിയറ്ററിൽ സിനിമ കാണുമ്പോഴുള്ള ആസ്വാദനം ലഭിക്കില്ലെങ്കിലും രാജ്യാന്തര തലത്തിൽ മലയാളസിനിമകൾ ചർച്ച ചെയ്യപ്പെടുന്നത് സന്തോഷകരമാണ്. ഒടിടി വന്നപ്പോൾ മാത്രമല്ല, അതിന് മുൻപും മലയാളത്തിൽ മികച്ച ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു.
അന്ധാദുൻ എന്ന ഹിന്ദി ചിത്രത്തിന്റെ മലയാളം റിമേക്കാണ് ഭ്രമം. ആശിഷ് ഖുറാന, തബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ഹിറ്റ് ചിത്രമായിരുന്നു അന്ധാദുൻ. ലൂസിഫർ ഷൂട്ട് നടന്നുകൊണ്ടിരുന്നപ്പോൾ നടൻ വിവേക് ഒബ്‌റോയിയാണ് ഈ ചിത്രം കാണാനും മലയാളത്തിൽ നിർമ്മിക്കാനും പ്രേരിപ്പിച്ചത്. തിരക്കുകൾ കഴിഞ്ഞ് ചിത്രം കണ്ടപ്പോൾ ഏറെ ഇഷ്ടമായി. എന്നാൽ, റിമേക്ക് അവകാശം വിൽക്കാൻ നിർമ്മാതാക്കൾക്ക് തടസ്സങ്ങളുണ്ടായിരുന്നു. പിന്നീട് ഈ ചിത്രം എന്നിലേയ്ക്ക് തന്നെ വന്നുചേർന്നു. മലയാളി ലോകത്തേയ്ക്ക് വളരെ ഭംഗിയായി അന്ധാദുനിനെ പറിച്ചുനടാൻ സാധിച്ചതിന് പിന്നിൽ ഭ്രമത്തിന്റെ രചയിതാവ് ശരത്, സംവിധായകൻ രവി കെ.ചന്ദ്രൻ എന്നിവരുടെ കഠിനപ്രയത്‌നമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
അന്ധാദുൻ എന്ന ചിത്രത്തെക്കാളും പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമായിരിക്കും ഭ്രമമെന്ന് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. പൃഥ്വിരാജിന് ഈ ചിത്രത്തോടുണ്ടായിരുന്ന ആവേശം കണ്ടതുമുതൽ ഞാനും ആവേശത്തിലായിരുന്നു. ഭ്രമം വളരെ മികച്ച ചിത്രമായി മാറിയതിൽ സന്തോഷമുണ്ട്. രണ്ട് വർഷം കോവിഡ്19 കൊണ്ടുപോയെങ്കിലും സിനിമയിൽ ഇതെന്റെ പത്താമത്തെ വർഷമാണ്. ആദ്യമായാണ് പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഫോറൻസികിന് ശേഷം പുറത്തിറങ്ങുന്ന തന്റെ ചിത്രം തിയറ്ററിൽ റിലീസാകുന്നതിൽ സന്തോഷമുണ്ടെന്നും അതിന് സാധിച്ചത് ആ ചിത്രത്തിന്റെ നിയോഗമാണെന്നും നടി മമതാ മോഹൻദാസ് പറഞ്ഞു. രവി കെ.ചന്ദ്രൻ സംവിധാനം ചെയ്യുന്നതും അന്ധാദുൻ ഏറെ ഇഷ്ടമായതുമാണ് ഭ്രമത്തിലേയ്ക്ക് എന്നെ ആകർഷിച്ചത്. തബുവിന്റെ വലിയ ആരാധികയാണ്. അന്ധാദുനിൽ തബു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വ്യത്യസ്ത രീതിയിലാണെന്നും മമത പറഞ്ഞു.
സംവിധായകൻ രവി കെ.ചന്ദ്രൻ, എപി ഇന്റർനാഷനൽ മാനേജിങ് പാർട്ണർ സഞ്ജയ് വാധ്വ, ആർജെ അർഫാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ ആമസോൺ പ്രൈമിനോടൊപ്പം നാളെയാണ് ചിത്രം യുഎഇ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങുക. ഗോൾഡൻ സിനിമാസാണ് വിതരണം. കോവിഡ്19 വ്യാപനത്തെത്തുടർന്നുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം യുഎഇയിൽ പ്രദർശനത്തിനെത്തുന്ന ആദ്യ മലയാള ചിത്രമാണിത്.