- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം സംസ്ഥാനത്തേക്കു വളഞ്ഞ വഴിയിലൂടെ കേഡർ മാറ്റം; ഐഎഎസ് ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതിയുടെ വിമർശനം
ന്യൂഡൽഹി: മറ്റു കേഡറുകളിൽ നിന്നു സ്വന്തം സംസ്ഥാനത്തേക്കു വളഞ്ഞ വഴിയിലൂടെ കേഡർ മാറ്റം നടത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം. ഐഎഎസ് ഉദ്യോഗസ്ഥർ സ്വന്തം സംസ്ഥാനത്തു മാത്രമേ ജോലി ചെയ്യുകയുള്ളുവെന്ന നിലപാട് ഒഴിവാക്കണമെന്നും ജഡ്ജിമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.
ഹിമാചൽ പ്രദേശ് കേഡറിലെ മലയാളി ഉദ്യോഗസ്ഥ എ. ഷൈനമോൾക്കു നേരത്തെ കേഡർമാറ്റം അനുവദിച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തു കേന്ദ്ര സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സുപ്രിും കോടതി വിമർശിച്ചത്. കേസ് വിധി പറയാൻ മാറ്റി.
സിവിൽ സർവീസിൽ 2007 ബാച്ചുകാരിയാണു ഷൈനമോൾ. അക്കൊല്ലം എൻ.പ്രശാന്ത്, അജിത് ഭഗവത് റാവു പാട്ടീൽ എന്നിവർക്കായിരുന്നു കേരള കേഡർ അനുവദിച്ചത്. ഇതിൽ ഇതരസംസ്ഥാനങ്ങളിലെ മറ്റു പിന്നാക്ക വിഭാഗ ക്വോട്ടയിലാണ് അജിത് പാട്ടീലിനു കേരള കേഡർ നൽകിയത്. ഇതുകൊണ്ടുതന്നെ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ക്വോട്ടയിൽ ഷൈനയ്ക്ക് കേരള കേഡർ നൽകാനാകില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
എന്നാൽ, ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒഴിവും കേഡറും അനുവദിക്കുന്നതിനു മുൻപു സംസ്ഥാനങ്ങളുമായി നടത്തുന്ന ചർച്ച 2007ൽ ഉണ്ടായില്ലെന്നു ഷൈനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. ആ വർഷം കേരളത്തിൽ 27 പേരുടെ കുറവുണ്ടായിരുന്നു. ഷൈനയെ കേരള കേഡറിൽ ഉൾപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാരിന് വിയോജിപ്പില്ലെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.
ഒഡീഷ കേഡറിൽ നിന്നു കെ.ആർ.ജ്യോതിലാലിനു കേരള കേഡറിലേക്ക് മാറ്റം അനുവദിച്ച സുപ്രീം കോടതിയുടെ വിധി തനിക്കും ബാധകമാക്കണമെന്നും ഷൈനമോൾ വാദിച്ചു. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി.