ദുബായ്: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) വേദിയിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരം ദീപക് കാഹറിന് പ്രണയ സാഫല്യം. ഞ്ചാബ് കിങ്‌സിനെതിരായ മത്സരശേഷം ഗാലറിയിൽവച്ച് വനിതാ സുഹൃത്തിനോട് വിവാഹാഭ്യർഥന നടത്തുന്ന കാഹറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മത്സരശേഷം എല്ലാവരും ഒന്നിച്ചുകൂടിനിന്ന് സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദീപക് കാഹർ തന്റെ വനിതാ സുഹൃത്തിനോട് വിവാഹാഭ്യർഥന നടത്തിയത്. ആദ്യം ഒന്ന് അമ്പരന്ന് പോയെങ്കിലും തന്റെ പെൺസുഹൃത്ത് 'യെസ്' പറഞ്ഞതോടെ ഇരുവരും ആലിംഗനം ചെയ്തു. പശ്ചാത്തലത്തിൽ ചുറ്റിലും നിന്നവരുടെ ആരവവും കയ്യടിയും.

തുടർന്ന് ഇരുവരും പരസ്പരം മോതിരമണിയിച്ച് ഇഷ്ടം ഊട്ടിയുറപ്പിച്ചു. ഇതിന്റെ വിഡിയോ ഐപിഎലിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചതോടെ സംഭവം വൈറലായി. 'സ്‌പെഷൽ മൊമന്റ്' എന്ന വാക്കുകളോടെ ദീപക് ചാഹറും ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റെങ്കിലും നാല് ഓവറിൽ 48 റൺസ് വഴങ്ങി ദീപക് ചാഹർ ഒരു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് നേടിയത്. ഏഴ് ഓവറും ആറു വിക്കറ്റും ബാക്കിനിർത്തി പഞ്ചാബ് ഈ വിജയലക്ഷ്യം മറികടന്നു. ചെന്നൈ നേരത്തേ തന്നെ പ്ലേഓഫ് ഉറപ്പാക്കിയിരുന്നു.