രാജകുമാരി: കാട്ടാനയെ ഭയന്ന് പാറയുടെ മുകളിൽ കുടിൽ കെട്ടി താമസിച്ചിരുന്ന വിമലയ്ക്കും മകനും ഇനി ആ ജീവിതം അവസാനിപ്പിക്കാം. ചിന്നക്കനാൽ, 301 കോളനി സ്വദേശി വിമലയ്ക്കും മകൻ സനലിനും ജനവാസ മേഖലയിൽ ഒരേക്കർ ഭൂമിയുടെ പട്ടയം നൽകി. 301 കോളനിയിൽ കാട്ടാനശല്യം കുറവുള്ള ജനവാസ മേഖലയിലാണ് ഇവർക്ക് പുതുതായി ഒരേക്കർ ഭൂമി നൽകിയത്.

രോഗബാധിതയായ വിമലയും ഓട്ടിസം ബാധിച്ച മകൻ സനലും വർഷങ്ങളായി വനമേഖലയിലെ കൂറ്റൻ പാറയുടെ മുകളിൽ നിർമ്മിച്ച കുടിലിലായിരുന്നു കഴിഞ്ഞത്. ഈ ഭൂമിയിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി സമയബന്ധിതമായി വീട് നിർമ്മിച്ചു നൽകാൻ മന്ത്രി എം വിഗോവിന്ദൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നേരത്തെ വിമലയുടെയും മകന്റെയും ദുരിതം അറിഞ്ഞ് എത്തിയ എ.രാജ എംഎൽഎ ഇവരെ താൽക്കാലികമായി മാറ്റിത്താമസിപ്പിക്കാൻ നടപടി സ്വീകരിച്ചിരുന്നു.

ഭൂരഹിതരായ ഇവർക്ക് 2012ൽ ആണ് 301 കോളനിയിൽ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ഒരേക്കർ ഭൂമി ലഭിച്ചത്. കാട്ടാനകളുടെ ആവാസ കേന്ദ്രമായതു കൊണ്ട് ഇവിടെ കൃഷി ചെയ്യാൻ സാധിച്ചിരുന്നില്ല. പാറയുടെ മുകളിൽ നിർമ്മിച്ച കുടിലിലാണ് ഇവർ താമസിച്ചിരുന്നതെങ്കിലും ശുദ്ധജലവും വൈദ്യുതിയും ഇല്ലാത്തതും മാനസിക വളർച്ചയെത്താത്ത മകൻ പാറയുടെ താഴ്ഭാഗത്തുകൂടി പോകുന്ന കാട്ടാനകൾക്ക് ഭക്ഷണമെടുത്തു കൊടുക്കാൻ ശ്രമിക്കുന്നതും വിമലയെ ആശങ്കയിലാക്കിയിരുന്നു.

കാട്ടാന ശല്യമുള്ള സ്ഥലത്ത് ഇവർക്ക് ആദ്യം ലഭിച്ച ഭൂമി റവന്യു വകുപ്പ് തിരിച്ചെടുക്കും. മുൻപ് ഭൂരഹിത കുടുംബത്തിന് നൽകിയെങ്കിലും അവർ വേണ്ടെന്ന് വച്ച ഭൂമിയാണ് ഇപ്പോൾ വിമലയ്ക്കു നൽകിയത്. മരുന്നിനും മറ്റു ചെലവുകൾക്കും മകനു ലഭിക്കുന്ന ക്ഷേമ പെൻഷനെ മാത്രം ആശ്രയിക്കുന്ന വിമലയ്ക്ക് വിധവ പെൻഷൻ അനുവദിക്കുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു.