ശ്രീനഗർ: കശ്മീരിലെ വിനോദ സഞ്ചാരം ഒന്നുപച്ച പിടിച്ചുതുടങ്ങിയതാണ്. സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയതോടെ, വ്യവസായം കുതിക്കുന്നതിനിടെയാണ്, പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ തിരഞ്ഞുപിടിച്ചുള്ള ആക്രമണം. 2000 ത്തിൽ അനന്തനാഗിലെ ഛത്തിസിങ്‌പോറ ഗ്രാമത്തിൽ 36 സിഖുകാരെ കൂട്ടക്കൊല ചെയ്ത നിഷ്ഠൂര സംഭവത്തിന്റെ ഓർമകൾ ഉണർത്തുന്ന കൊലപാതകങ്ങൾ, അല്ല, ഭീകരാക്രമണങ്ങൾ. ഇതിന് പിന്നിൽ ഐഎസ്‌ഐ എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഉന്നതതല യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഐബി റിപ്പോർട്ട് കൈമാറി.

പാക് ചാരസംഘടനയായ ഐഎസ്‌ഐ മാത്രമല്ല, അഫ്ഗാനിസ്ഥാനിൽ, പാക്കിസ്ഥാൻ നിയന്ത്രിക്കുന്ന താലിബാൻ ഭരണകൂടത്തിന്റെ വരവോടെയാണ് കശ്മീരിൽ വീണ്ടും ഭീകരർ അഴിഞ്ഞാടാൻ തുടങ്ങിയത് എന്ന കാര്യവും മറന്നു കൂടാ. ശ്രീനഗറിലെ സംഗം ഈദ്ഗാഹ് മേഖലയിലെ സർക്കാർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സുപിന്ദർ കൗറിന ഭീകരർ വകവരുത്തിയതോടെ, താഴ് വരയിലെ സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് ഭീകരർ ഇവർക്ക് നേരേ നിറയൊഴിച്ചത്. സർക്കാർ ജീവനക്കാരായി ജോലി ചെയ്യുന്ന സിഖുകാർ ഡ്യൂട്ടി ബഹിഷ്‌കരിക്കാനാണ് സിഖ് സമുദായത്തിന്റെ ആഹ്വാനം. സുപീന്ദർ കൗറിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ നീതി ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. ലഷ്‌കർ ഇ തൊയ്ബ ബന്ധമുള്ള ടിആർഎഫ് ഇന്നലെ സ്‌കൂളിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

സിഖ് -ഹിന്ദു വിഭാഗങ്ങൾ ടാർജറ്റ്

കശ്മീരിൽ ഐഎസിന്റെയും, മറ്റ് ഭീകര സംഘടനകളുടെയും പുതിയ തന്ത്രമാണ് ഇതെന്ന് ഇന്റലിജൻസ് വിലയിരുത്തുന്നു. വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമാണ് ഭീകരരുടേതെന്ന് ഇന്നലെ ജമ്മുകാശ്മീർ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഐഎസ്‌ഐ പിന്തുണയോടെ പാക്കിസ്ഥാൻ ഭീകര സംഘടനകൾ നാട്ടുകാരെ പരിശീലിപ്പിച്ച് ആയുധം നൽകി ആക്രമണം നടത്തുവെന്നാണ് റിപ്പോർട്ട്. അഞ്ച് ദിവസത്തിനിടെ ഏഴ് നാട്ടുകാരാണ് ജമ്മുകാശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ ശ്രീനഗറിലെ സ്‌കൂളിൽ എത്തിയ ഭീകരർ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമായിരുന്നു സുപീന്ദർ കൗറിനെയും ദീപക് ചന്ദിനെയും വെടിവെച്ച് കൊലപ്പെടുത്തിയത്.

ഓൾ പാർട്ടീസ് സിഖ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജഗ്മോഹൻ സിങ് റെയ്‌ന തങ്ങളുടെ ആശങ്ക പങ്കുവയ്ക്കുന്നു:' ഛത്തിസിങ്‌പോറ കൂട്ടക്കൊലയാണ് ഇത് ഓർമിപ്പിക്കുന്നത്. സർക്കാർ സുരക്ഷ ഉറപ്പാക്കും വരെ, വീടുകളിൽ ഇരിക്കാനാണ് സിഖ് സർക്കാർ ജീവനക്കാരോട് ആഹ്വാനം ചെയ്തിരിക്കുന്നത്'.

താഴ് വരയിൽ രണ്ട് അദ്ധ്യാപകരെ കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം വിതയ്ക്കുകയാണ് അവരുടെ ലക്ഷ്യം, ശിരോമണി അകാലിദളിന്റെ അദ്ധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു. പുൽവാമ, ബാരാമുള്ള, ബദ്ഗാം, ശ്രീനഗർ എന്നീ ജില്ലകളിലായി 50, 000 ത്തോളം സിഖുകാരാണ് ജീവിക്കുന്നത്.

ഭരണകൂടത്തിന് എതിരെ കശ്മീരി പണ്ഡിറ്റുകൾ

ഇന്റലിജൻസ് വിവരങ്ങൾ ലഭ്യമായിരുന്നിട്ടും, ഭരണകൂടം ആക്രമണം തടയാൻ ഒന്നും ചെയ്തില്ലെന്നാണ് നിരവധി കശ്മീരി പണ്ഡിറ്റ് സംഘടനകൾ കുറ്റപ്പെടുത്തിയത്. ലഫ്.ഗവർണർ മനോജ് സിൻഹയ്ക്ക് തങ്ങൾ നേരത്തെ കത്തെഴുതിയിട്ടും പ്രതികരിച്ചില്ലെന്ന് കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതിയുടെ സഞ്ജയ് ടിക്കൂ പറഞ്ഞു. കശ്മീർ താഴ് വരയിൽ അവശേഷിക്കുന്ന പണ്ഡിറ്റുകളെ, വിശേഷിച്ചും, ബിസിനസുകാരെയും പ്രമുഖരെയും തുടച്ചുനീക്കുമെന്ന് 10 ദിവസത്തിലേറെയായി വിവരം ലഭിച്ചിട്ടും സുരക്ഷാ ഏജൻസികൾ ആശങ്കകൾ കേട്ടില്ലെന്നാണ് പരാതി.

കശ്മീരി പണ്ഡിറ്റും പ്രമുഖ ബിസിനസുകാരനുമായ മഖൻ ലാലാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരിൽ ഒരാൾ. ഫാർമസിയിൽ അതിക്രമിച്ച് കയറി ഭീകരർ നിറയൊഴിക്കുകയായിരുന്നു. ശ്രീനഗറിലെ ഇക്‌ബാൽ പാർക്കിന് സമീപമാണ് മഖൻ ലാലിന് വെടിയേറ്റത്. ഫാർമസിയിൽ ഇരിക്കുമ്പോൾ മഖൻ ലാലിന് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നുവെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 68കാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ തെരുവ് കച്ചവടക്കാരനെ ഭീകരർ വെടിവെച്ചു കൊന്നു. ശ്രീനഗർ നഗരത്തിന് വെളിയിലാണ് സംഭവം. വിരേന്ദർ പസ്വാന് നേരെയാണ് ഭീകരർ നിറയൊഴിച്ചത്. ബന്ദിപ്പോറ ജില്ലയിലാണ് മറ്റൊരു ഭീകരാക്രമണം നടന്നത്.

രണ്ട് അദ്ധ്യാപകരെ കൂടി വകവരുത്തിയതോടെ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട അദ്ധ്യാപക സമൂഹം ഭീതിയിലാണ്. അനന്ത് നാഗിലെ നിരവധി സർക്കാർ സ്‌കൂളുകളിൽ മൂന്നുമുതൽ നാല് വരെ ന്യൂനപക്ഷ വിഭാഗത്തിലെ അദ്ധ്യാപകരുണ്ട്.

ഭയം വിതച്ച് ഭീകരർ

കഴിഞ്ഞ ഒരുവർഷമായി നിരവധി കൊലപാതകങ്ങൾ അരങ്ങേറി. അജയ് ഭാരതി പണ്ഡിത എന്ന് സാർപാഞ്ച്, ശ്രീനഗറിൽ ഡാബ നടത്തിയിരുന്ന ആകാശ് മെഹ്‌റ, ജൂവലറി ഉടമയായ സത്പാൽ, തൊഴിലാളിയായ ശങ്കർ ചൗധരി, ത്രാൽ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ രാകേഷ് പമ്ഡിത എന്നിവരെ ഭീകരർ വെടിവച്ചുകൊന്നു. ക്ഷേത്രങ്ങളും, ആരാധാലയങ്ങളും തകർക്കാൻ ശ്രമിച്ചു. അനന്തനാഗിലെ ഭർഗ് ശിഖ ക്ഷേത്രം ഒരു ഉദാഹരണം. എല്ലാം ആളുകളുടെ ഇടയിൽ ഭീതി പരത്താൻ ലക്ഷ്യമിട്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം

നാട്ടുകാർ അല്ലാത്തവരെ താഴ് വരയിൽ താമസിക്കാനോ, ജോലി ചെയ്യാനോ അനുവദിക്കരുത് എന്ന് തുറന്നടിക്കുന്ന നിരവധി വിദ്വേഷ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പെരുകി. എല്ലാ പ്ലാറ്റ്‌ഫോമുകളും വഴിയുള്ള ആക്രമണം ഭയം വിതയ്്ക്കുക എന്ന മുഖ്യലക്ഷ്യത്തിലാണ് ഊന്നിയത്. ശ്രീനഗറിന് പുറത്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുബങ്ങൾ പേടി കാരണം സ്ഥലം വിടുകയാണെന്നും നാട്ടുകാർ പറയുന്നു.

സുരക്ഷ വിലയിരുത്തി കേന്ദ്രസർക്കാർ

അതേസമയം, ന്യൂനപക്ഷങ്ങൾക്ക് വേണ്ട സുരക്ഷ നൽകുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ വിലയിരുത്തൽ യോഗത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ ,ഐബി ,ബിഎസ്എഫ്, സിആർപിഎഫ് മേധാവികളും പങ്കെടുത്തു. ജമ്മുകാശ്മീരിലെ സാഹചര്യം പ്രത്യകമായി യോഗം വിലയിരുത്തി. അതേസമയം, ലഫ്,ഗവർണർ മനോജ് സിൻഹ് സ്ഥാനമൊഴിയണമെന്ന് കശ്മീരിൽ പിഡിപി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഫോബിയ?

ഭരണഘടനയിലെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നതും, ജമ്മുകശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാർക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നൽകുന്നതും കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. 2019 ഒക്ടോബർ 31ന് ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപപ്പെട്ടു. പുതുച്ചേരി, ഡൽഹി എന്നിവിടങ്ങളിലേതിനു സമാനമായി ജമ്മു കശ്മീരിൽ അധികാര പദവി ഗവർണറിൽനിന്ന് ലഫ്. ഗവർണറിലേക്കു മാറി. മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങൾക്കു സമാനമായി കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിൽ ലഡാക്കും. രൺബീർ സിങ് രാജാവിന്റെ കാലത്തു രൂപം കൊടുത്ത, കശ്മീരിന് സവിശേഷ അധികാരം നൽകുന്ന, രൺബീർ പീനൽ കോഡ് (ആർപിസി) മാറി ഇന്ത്യൻ പീനൽ കോഡിനു കീഴിലേക്കും ജമ്മു കശ്മീർ മാറി. സർക്കാർ ജോലിയിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിലും കശ്മീരികൾക്കുണ്ടായിരുന്ന പ്രത്യേക 'സംവരണവും' ഇതോടെ അപ്രത്യക്ഷമായി.

സർക്കാർ നിയമങ്ങളിൽ ഇളവ് വരുത്തിയതോടെ, കശ്മീരികൾ അല്ലാത്തവർക്കും നിശ്ചിത കാലം താമസിച്ചാൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമായി. ഇതോടെ പ്രദേശത്തിന്റെ ജനസംഖ്യാനുപാതം മാറ്റാനുള്ള ശ്രമം എന്ന സംശയങ്ങളും ഉയർന്നു. 2019 ഓഗസ്റ്റ് അഞ്ചിന് ശേഷമാണ് ഹിന്ദു ബിസിനസുകാർക്കും ജോലിക്കായി വന്ന മറ്റു സംസ്ഥാനക്കാർക്കും നേരേ ഭീകരസംഘടനകൾ ആക്രമണങ്ങൾ തുടങ്ങിയതെന്നും സ്‌ക്രോൾ ഡോട്ട് ഇന്നിൽ വന്ന് ഒരു ലേഖനത്തിൽ പറയുന്നു.

2019 ഒക്‌ടോബറിൽ പശ്ചിമബംഗാളിൽ നിന്നുള്ള അഞ്ച് മുസ്ലിം തൊഴിലാളികളെ കുൽഗാമിൽ വെടിവെച്ചുകൊന്നു. 2020 ഡിസംബർ 31 ന് ജൂവലറി ഉടമയായ സത്പാൽ നിശ്ചലിനെ ശ്രീനഗറിലെ ഷോപ്പിൽ വച്ച് വകവരുത്തി. ജമ്മു-കശ്മിരിലെ താമസരേഖകൾ കിട്ടിയതിന് പിന്നാലെയായിരുന്നു ഈ പഞ്ചാബിക്ക് നേരേ ആക്രമണം. ഇയാൾ 40 വർഷമായി ശ്രീനഗറിൽ ജൂവലറി ഷോപ്പ് നടത്തുകയായിരുന്നു. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം റസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തിരുന്നു. ഇത് ലഷ്‌കറി തോയിബയുടെ റീബ്രാൻഡഡ് വേർഷനാണ്. എന്തായാലും, അഫ്്ഗാനിലെ താലിബാൻ ഭരണകൂടവും, ഐഎസ് സാന്നിധ്യവും എല്ലാം കശ്മീരിലെ ജനങ്ങളുടെ സമാധാനജീവിതം തകർക്കുകയാണ്. നിരപരാധികളുടെ ജീവനുകൾ ഹോമിക്കപ്പെടുകയാണ്.