എട്ട് വർഷത്തെ പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തി കൃഷിയിൽ ജീവിത വിജയം കൊയ്ത് അണക്കര ചെല്ലാർകോവിൽ പുതുപ്പറമ്പിൽ സിജു തോമസ്. പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തുമ്പോൾ ഇനി എന്ത് എന്ന ചിന്തയൊന്നും സിജുവിനെ അലട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ കയ്യിലൊരു തൂമ്പയുമായി പിറ്റേന്നു മുതൽ പറമ്പിലേക്ക് ഇറങ്ങി. സമ്പാദ്യമായി ഒരു പശുവിനേയും വാങ്ങി.

കാലിവളർത്തലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് കാലിവളർത്തലിനൊപ്പം മറ്റു കൃഷികളിലേക്കും തിരിഞ്ഞു. ഇന്ന് സിജുവിന്റെ ഫാമിൽ 20 പശുക്കളും അഞ്ച് കിടാരികളും ഇരുപതിലേറെ ആടുകളും ഉണ്ട്. അഞ്ച് ഏക്കർ സ്ഥലത്തെ സമ്മിശ്രക്കൃഷി ചക്കുപള്ളം പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്‌കാരവും സിജുവിന് നേടിക്കൊടുത്തു. ഏലം, കുരുമുളക്, കാപ്പി, പച്ചക്കറികൾ എന്നിവയ്‌ക്കൊപ്പം തേനീച്ച, മുയൽ, മത്സ്യക്കൃഷി എന്നിവയെല്ലാം സിജുവിന്റെ കൃഷിയിടത്തിലുണ്ട്.

കന്നുകാലികൾക്ക് തീറ്റ ഉറപ്പാക്കാൻ സ്വന്തം സ്ഥലത്തിന് പുറമേ സ്ഥലം പാട്ടത്തിനെടുത്തും പുൽക്കൃഷിയും ചെയ്യുന്നുണ്ട്.മാതാപിതാക്കളും ഭാര്യയും 2 മക്കളും സിജുവിന് എല്ലാ പിന്തുണയുമായി രംഗത്തുണ്ട്. വെളുപ്പിന് 4 ന് തുടങ്ങുന്ന അധ്വാനം രാത്രി 10 വരെ നീളും. കൃഷി സാമ്പത്തിക നേട്ടം മാത്രമല്ല മാനസിക സന്തോഷവും സമ്മാനിക്കുന്നുവെന്നാണ് സിജുവിന്റെ അഭിപ്രായം.