- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി സാരി ധരിച്ചില്ലെന്ന വിമർശനം വേണ്ട; വിവാഹ വസ്ത്രത്തെ വിമർശിച്ചവർക്ക് ഗർഭകാല ഫോട്ടോ ഷൂട്ടിലൂടെ മറുപടി നൽകി യുവതി
വിവാഹ ആഘോഷങ്ങളിൽ ഒരുപാട് മാറ്റം വന്നെങ്കിലും ഇന്നും വധു വിവാഹ വേദിയിലെത്തുന്നത് പട്ടുസാരിയുടുത്തും ശരീരം നിറയെ ആഭരണം ധരിച്ചും തലനിറയെ മുല്ലപ്പൂ ചൂടിയും ആണ്. വധുവിന്റെ ലുക്കിലും സ്റ്റൈലിലും മാറ്റം വന്നെങ്കിലും വിവാഹ വസ്ത്രം മാറ്റി പിടിക്കാൻ ആരും തയ്യാറായിട്ടില്ല. എന്നാൽ സഞ്ജന റിഷി എന്ന യുവതി വിവാഹ വസ്ത്ര രീതി ഒന്നു മാറ്റി പരീക്ഷിച്ചപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം അവരെ ആക്രമിക്കുകയും ചെയ്തു.
പാന്റ്‌സ്യൂട്ട് ധരിച്ചായിരുന്നു സഞ്ജന വിവാഹവേദിയിലെത്തിയത്. പിന്നാലെ സഞ്ജനയ്‌ക്കെതിരെ സൈബർ ആക്രമണം ഉയർന്നു. ഇന്ത്യൻ വിവാഹത്തിനും സംസ്‌കാരത്തിനും ചേരാത്ത വസ്ത്രം ധരിച്ചു എന്ന പേരിലായിരുന്നു സഞ്ജന വിമർശനങ്ങൾക്കിരയായത്. അത് നടന്നത് ഒരു വർഷം മുമ്പാണെങ്കിൽ ഇപ്പോഴിതാ തന്റെ ഗർഭകാല ഫോട്ടോഷൂട്ടിലൂടെ് അതേ വസ്ത്രം ധരിച്ച് വീണ്ടും മറുപടി നൽകുകയാണ് സഞ്ജന.
ഇളംനീലനിറത്തിലുള്ള പാന്റ്‌സ്യൂട്ട് ധരിച്ചാണ് അന്ന് സഞ്ജന വിവാഹവേദിയിലെത്തിയത്. അന്നത്തെ വിമർശകർക്ക് ഗർഭകാലഫോട്ടോ ഷൂട്ടിലൂടെ വീണ്ടും മറുപടി നൽകുകയാണ് സഞ്ജന. വിവാഹദിനത്തിലെ ലുക്ക് പുനരവതരിപ്പിക്കുകയായിരുന്നു സഞ്ജന. ഒപ്പം ഒരു ട്വിസ്റ്റ് കൂടി നൽകി. അന്ന് സാരി ധരിക്കാത്തതിന്റെ പേരിലായിരുന്നു പലരുടേയും വിമർശനം. ഇക്കുറി അലസമായി ധരിച്ച സാരിയും ബ്ലേസറുമാണ് സഞ്ജന ധരിച്ചത്. മെറ്റേണിറ്റി ഫോട്ടോഷൂട്ടിനൊപ്പവും സഞ്ജന കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പലരും തന്റെ വിവാഹ വസ്ത്രം ഇന്ത്യൻ രീതിക്ക് വിരുദ്ധമാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് നിങ്ങൾക്കായി ഇക്കുറി ഒരു സാരി ധരിച്ചിരിക്കുന്നു എന്നു പറഞ്ഞാണ് സഞ്ജന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പ്രശംസ നിറഞ്ഞ കമന്റുകൾ മാത്രമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സഞ്ജന കുറിച്ചു.
എന്തായാലും സഞ്ജനയെ പ്രശംസിച്ച് നിരവധി പേർ കമന്റ് ചെയ്യുന്നുമുണ്ട്. വസ്ത്രധാരണം അവനവനെ മാത്രം ബാധിക്കുന്ന കാര്യമാണെന്നും സ്വന്തം വിവാഹത്തിന് എന്ത് ധരിക്കണം എന്നതിൽ അപരൻ അഭിപ്രായം പ്രകടിപ്പിക്കേണ്ടതില്ലെന്നുമൊക്കെ കമന്റ് ചെയ്യുന്നവരുണ്ട്.



