- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ കെ.വൈ.സി തട്ടിപ്പ് വ്യാപകമാകുന്നു; പണം നഷ്ടമാകുന്നത് നിരവധി പേർക്ക്
തൃശ്ശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കിയുള്ള തട്ടിപ്പ് വ്യാപകം. ഇലക്ട്രോണിക് കെ.വൈ.സി.(നോ യുവർ കസ്റ്റമർ) ആവശ്യപ്പെട്ടുള്ള തട്ടിപ്പിൽ നിരവധി പേർക്കാണ് പണം നഷ്ടമായത്. ഓൺലൈനിൽ കെ.വൈ.സി. രേഖകൾ നൽകാൻ ബാങ്ക് നിർദേശിച്ചിട്ടില്ലാത്തത് അറിയാത്തവരാണ് തട്ടിപ്പിൽപ്പെടുന്നത്. സംസ്ഥാനത്ത് പ്രതിമാസം ശരാശരി ഇരുനൂറ് പേരുടെ പണം ഇത്തരത്തിൽ പോവുന്നതായാണ് സൈബർപൊലീസിൽനിന്നുള്ള വിവരം.
നെറ്റ് ബാങ്കിങ്, യോനോ അക്കൗണ്ട് ഉള്ളവർക്കാണ് ഇലക്ട്രോണിക് കെ.വൈ.സി.(ഇ.കെ.വൈ.സി.) ഉള്ളത്. ഇവരാണ് തട്ടിപ്പിനരയാകുന്നത്. എന്തെങ്കിലും കാരണത്താൽ ഇ.കെ.വൈ.സി.ക്ക് അപ്ഡേഷൻ വേണമെങ്കിൽ ബാങ്കിൽനിന്ന് ഉപഭോക്താവിനെ നേരിട്ട് വിളിക്കുക മാത്രമേ ഉള്ളൂ. മെസേജുകൾ അയക്കുന്ന ഏർപ്പാട് ഇല്ല. അപ്ഡേഷന് ബാങ്കിൽ നേരിട്ട് എത്താനാണ് നിർദേശിക്കുന്നത്. ഫോണിൽ എസ്.എം.എസ്. ആയി വരുന്ന സന്ദേശങ്ങളാണ് തട്ടിപ്പിന്റെ തുടക്കം. അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും പുനഃസ്ഥാപിക്കാൻ ഒപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആണ് സന്ദേശത്തിലുണ്ടാവുക.
ക്ലിക്ക് ചെയ്താൽ എസ്.ബി.ഐ.യുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു സൈറ്റിലേക്കാണ് പോവുക. ആധാർ, പാൻ എന്നീ വിവരങ്ങൾ ആദ്യം ആവശ്യപ്പെടും. തുടർന്ന് നെറ്റ് ബാങ്കിങ്ങിന്റെ യൂസർ ഐ.ഡി., പാസ്വേഡ് എന്നിവ ചോദിക്കും. ഇതുകൊടുത്തു കഴിയുമ്പോൾ ഒ.ടി.പി. വരും. ഫോൺനമ്പർ വാലിഡേറ്റ് ചെയ്യാനുള്ളതാണിത്. അത് നൽകുമ്പോൾ അടുത്ത ഒ.ടി.പി. വരും. ഈ ഒ.ടി.പി. ബാങ്കിൽനിന്ന് ഉള്ളതായിരിക്കും. പണം പിൻവലിക്കാനുള്ള അനുമതി തേടിയുള്ളതാണിത്. ഒ.ടി.പി. നമ്പരുള്ള സന്ദേശം വായിച്ചാൽ ഇത് മനസ്സിലാവും. പക്ഷേ, എല്ലാവരുടെയും ശ്രദ്ധ നമ്പരിൽ മാത്രമായിരിക്കും. നമ്പർ സബ്മിറ്റ് ചെയ്യുന്നതോടെ പണം പിൻവലിക്കപ്പെടുകയും ചെയ്യും. 20,000 രൂപയാണ് ഒരു ഒ.ടി.പി.യിൽ പിൻവലിക്കുക. പണം പോയതിനു പിന്നാലെ അടുത്ത ഒ.ടി.പി.യും വരും . ബാക്കിയുള്ള പണത്തിനു വേണ്ടിയാണിത്. ആദ്യം പണം പോയത് അറിയാത്തവർ വീണ്ടും ഒ.ടി.പി. കൊടുത്താൽ വീണ്ടും തട്ടിപ്പിന് ഇരയാവും.
പരാതികിട്ടുന്ന മുറയ്ക്ക്് സൈബർപൊലീസ് വൈബ് സൈറ്റുകൾ ബ്ലോക്ക് ചെയ്യിക്കുന്നുണ്ട്. എന്നാൽ, തട്ടിപ്പുകാർ മറ്റൊരു സൈറ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മെസേജ് വന്ന നമ്പരുകൾ പരിശോധിച്ചതിൽ 90 ശതമാനവും ഡെൽഹിയിലെ വിലാസമാണ് കാണിക്കുന്നത്. ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്നുള്ള നമ്പറുകളും ഉണ്ട്്.