ആലക്കോട്: മഴ കനത്തതിനെ തുടർന്ന് കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ' കണ്ണുർ ജില്ലയിലെ മലയോര പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. പയ്യാവൂർ മേഖലയിലെ കാഞ്ഞിരക്കൊല്ലിക്ക് സമീപം കേരളത്തോട് ചേർന്ന കർണ്ണാടക വനമേഖലയിലാണ് ഉരുൾ പൊട്ടിയത്.

മണിക്കടവ്, വയത്തൂർ പാലങ്ങളിൽ വെള്ളം കയറിയതോടെ ഉളിക്കൽ മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. എന്നാൽ രണ്ടു മണിക്കൂറിനു ശേഷം കയറിയ വെള്ളം ഇറങ്ങാൻതുടങ്ങിയതോടെയാണ് ജനങ്ങളുടെ പരിഭ്രാന്തിക്ക് ശമനമായത് .

ഞായറാഴ്ച സന്ധ്യയോടെയാണ് കാഞ്ഞിരക്കൊല്ലി, കർണ്ണാടക വനമേഖലകളിൽ ശക്തമായ മഴ പെയ്തത്. ഇതിനിടെയാണ് കർണ്ണാടക വനമേഖല അതിരിട്ടൊഴുകുന്ന മണിക്കടവ് പുഴയിലും കാഞ്ഞിരക്കൊല്ലി മേഖലയിലെ തോടുകളിലും ശക്തിയോടെയുള്ള ജലപ്രവാഹം രൂപപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ ഇത് കൂടിക്കൂടി വരികയും മണിക്കടവ് , വയത്തൂർ പാലങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ഇത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരുന്നു.

തോടുകളിലും പുഴയിലും വെള്ളം കയറാൻ തുടങ്ങിയതോടെ ഇവയോട് ചേർന്ന് താമസിക്കുന്ന ചില കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. എന്നാൽ രാത്രി ഏട്ടരയോടെ മഴക്ക് ശക്തികുറയുകയും നീരൊഴുക്കിന് അൽപം ശമനമുണ്ടാകുകയും ചെയ്തു. ഇത് മേഖലയിലെ ജനങ്ങളിൽ പരന്ന പരിഭ്രാന്തിക്കും ശമനമുണ്ടാക്കി. എന്നാൽ ഇനിയും ശക്തമായ മഴ മേഖലയിൽ പെയ്യുകയാണെങ്കിൽ ഉരുൾ പൊട്ടൽ ഉണ്ടാകുമോ എന്ന ഭയത്തിലാണ് ജനങ്ങൾ. ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാകാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.