ജയ്പുർ: രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിൽ പ്രേമബന്ധത്തിന്റെ പേരിൽ ദലിത് യുവാവിനെ തല്ലിക്കൊന്ന് വീട്ടുമുറ്റത്തുകൊണ്ടിട്ട സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിന്റെ കുടുംബത്തിന് 4.12 ലക്ഷം രൂപയുടെ ധനസഹായം സർക്കാർ നൽകി. വ്യാഴാഴ്ചയാണ് ഒരു സംഘമാളുകൾ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുന്നിൽ കൊണ്ടിട്ടത്.

യുവാവിനെ അടിച്ചുകൊല്ലുന്നതിന്റെ വിഡിയോ പ്രചരിച്ചതോടെയാണു അധികൃതർ ഇടപെട്ടത്. ബന്ധുക്കൾ ധർണ നടത്തിയതിനു പിന്നാലെ പൊലീസ് 5 പേരെ കസ്റ്റഡിയിലെടുത്തു. വിഡിയോയിൽ കാണുന്ന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു പിലിബംഗ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ ബിഎസ്‌പിയും ബിജെപിയും നിശിതമായി വിമർശിച്ചു.