- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായയെ കെട്ടിയിട്ടതിനെ ചൊല്ലി തർക്കം; അയൽവാസികളായ അമ്മയ്ക്കും മകനും നേരെ വെടിവെച്ച് സായി പരിശീലകൻ: മുൻ ഹാൻഡ്‌ബോൾ പരിശീലകൻ പ്രേമദാസൻ അറസ്റ്റിൽ
തൃശ്ശൂർ: അയൽവാസികളായ അമ്മയ്ക്കും മകനും നേരെ വെടിവെച്ച കേസിൽ മുൻ സായി ഹാൻഡ്‌ബോൾ പരിശീലകൻ അറസ്റ്റിൽ. നെടുപുഴ ദുർഗാക്ഷേത്രത്തിനു സമീപം കരുവന്നൂർക്കാരൻ വീട്ടിൽ പ്രേമദാസ(63)നാണ് അറസ്റ്റിലായത്. നെടുപുഴ പൊലീസ് ഇയാളുടെ പക്കൽ നിന്നും ലൈസൻസുള്ള പിസ്റ്റൾ പിടിച്ചെടുത്തു.
നായയെ കെട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പ്രേമദാസന്റെ അയൽവാസി ചിരിയങ്കണ്ടത്ത് വത്സ (60), മകൻ റോഷൻ (28) എന്നിവർക്കുനേരെയാണ് വെടിവെച്ചത്. പ്രേമദാസന്റെ വളർത്തുനായയെ വത്സയുടെ വീടിനു സമീപം രാത്രി മുഴുവൻ കെട്ടിയിട്ടു. ശനിയാഴ്ച രാവിലെയാണ് വളർത്തുനായയെ അഴിക്കാൻ പ്രേമദാസനെത്തിയപ്പോൾ തങ്ങളുടെ വീട്ടിൽ എന്തിനാണ് നായയെ കെട്ടിയിട്ടതെന്നും വത്സ ചോദിച്ചു. ഇതോടെഇരുവരും തമ്മിൽ തർക്കമായി.
പ്രേമദാസൻ വത്സയെ അസഭ്യം പറയുന്നതുകേട്ട് മകൻ റോഷൻ എത്തി. ഇവർ തമ്മിലും തർക്കമുണ്ടായി. ഉടൻ വീട്ടിലേക്ക് മടങ്ങിയ പ്രേമദാസൻ പിസ്റ്റളെടുത്തുവന്ന് ഇരുവർക്കും നേരെ വെടിവെക്കുകയായിരുന്നുവെന്ന് എസ്‌ഐ പറഞ്ഞു. ഉന്നം തെറ്റിയതിനാൽ ഇരുവരും രക്ഷപ്പെട്ടു. അയൽവാസികൾ നൽകിയ പരാതിയെത്തുടർന്ന് നെടുപുഴ എസ്‌ഐ. കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ പ്രതിയെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത പിസ്റ്റളിൽ വെടിയുണ്ടകൾ നിറച്ചനിലയിലാണ്. നിറയൊഴിച്ച വെടിയുണ്ടയുടെ കെയ്‌സ് കണ്ടെത്തിയിട്ടുണ്ട്. പിസ്റ്റളിന് ഡിസംബർ വരെ ലൈസൻസ് കാലാവധിയുണ്ട്. സായി പരിശീലകനായ പ്രേമദാസൻ 2017-ൽ ആണ് വിരമിച്ചത്. പ്രതിയുടെ കോവിഡ് പരിശോധനാഫലം വന്നതിനുശേഷം ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.