- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭയുടെ ശക്തി സമുദായത്തിന്റെ പിൻബലമാണ്: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: സഭയുടെ ശക്തി സമുദായത്തിന്റെ പിൻബലമാണെന്നും സഭയെ സ്വന്തമായി കാണുമ്പോൾ എല്ലാവരും സഹോദരന്മാരായി മാറുമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.
കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സംഭാവനകൾ സമുദായത്തിനുവേണ്ടി മാത്രമല്ല, പൊതുസമുഹത്തിന്റെ സമഗ്രവികസനത്തിനുവേണ്ടിയുള്ളതാണ്. പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ ഈ സംഭാവനകൾ ബോധപൂർവ്വം തമസ്‌കരിക്കപ്പെടുന്നു. എല്ലാവരേയും ചേർത്തുപിടിക്കുന്ന പൊതുവേദിയാണ് സഭയെന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവസാന്നിധ്യമാകുവാൻ സഭാമക്കൾക്കാകണമെന്നും മാർ പുളിക്കൽ സൂചിപ്പിച്ചു.
2023ൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിനെക്കുറിച്ചുള്ള പഠനരേഖ വിശദാംശങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം അവതരിപ്പിച്ചു. പ്രാഥമിക ഘട്ടത്തിൽ വിവിധ ഇടവകകളിലും സമിതികളിലും സിനഡിന്റെ മുഖ്യപ്രമേയം - കൂട്ടായ്മയിലും പങ്കാളിത്തത്തിലും പ്രേഷിതദൗത്യത്തിലും ഒന്നുചേർന്ന് മുന്നേറുന്ന സഭ- വിചിന്തന വിഷയമാക്കുകയാണ്. രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ പ്രസ്തുത വിഷയം അവതരിപ്പിക്കപ്പെടുകയും അംഗങ്ങൾ പങ്കുവെച്ച ചിന്തകൾ ക്രോഡീകരിക്കുകയും ചെയ്തു.
സിഞ്ചെല്ലൂസും ചാൻസിലറുമായ റവ.ഡോ.കുര്യൻ താമരശ്ശേരി ആമുഖപ്രഭാഷണം നടത്തി. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ പ്രൊഫ.ബിനോ പി. ജോസ് പെരുന്തോട്ടം വിഷയാവതരണം നടത്തി. ചർച്ചകൾക്ക് സിഞ്ചെല്ലൂസ് ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ മോഡറേറ്ററായി. ജോർജ്കുട്ടി ആഗസ്തി, പി.എസ്. വർഗീസ് പുതുപ്പറമ്പിൽ, വി. ജെ. തോമസ് വെള്ളാപ്പള്ളി, ജോമോൻ പൊടിപാറ, തോമസ് ആലഞ്ചേരി, ബിനോ വർഗീസ്, ഡോ. ജൂബി മാത്യു, ആന്റണി ആലഞ്ചേരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.