- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച് സഹകരണ ബാങ്കുകളിൽ ജോലി ചെയ്യുന്നത് നിരവധി പേർ; അന്വേഷണം നടത്താതിരിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ശക്തം

കണ്ണൂർ: സംസ്ഥാനസഹകരണ ബാങ്കുകളിൽ വ്യാജസർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചു ജോലിയിൽ കയറിയവർക്കെതിരെ പരാതിലഭിച്ചിട്ടും സഹകരണ വകുപ്പ് രജിസ്ട്രാർ അന്വേഷണം നടത്തുന്നില്ലെന്നു പരാതി. പാർട്ടിബന്ധമുപയോഗിച്ചു സഹകരണസ്ഥാപനങ്ങളിൽ വാച്ച്മേൻ, പ്യൂൺ, പിഗ്മി കലക്ഷൻ ഏജന്റ് തസ്തികകളിൽ കയറുകയും പിന്നീട് പ്രമോഷൻ ലഭിക്കാനും സ്ഥിരപ്പെടുത്താനും വ്യാജസർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയെന്ന പരാതി സഹകരണ മേഖലയിൽ വ്യാപകമാണെങ്കിലും സി.പി. എം സ്വന്തക്കാരും ബന്ധുക്കളുമാണെന്നതിനാൽ ഇത്തരം പരാതികൾ വ്യാപകമാവുകയാണ്.
അപ്പർ പ്രൈമറി സഹകരണ സംഘങ്ങൾ തൊട്ടു സംസ്ഥാനതലത്തിൽ വരെ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ വരെ ഇത്തരം നിയമനങ്ങൾ തകൃതിയായി നടന്നിട്ടുണ്ട്. ഇതുകൂടാതെ തട്ടിക്കൂട്ടു സഹകരണ സംഘങ്ങളിൽ ജോലി ചെയ്യുന്നവരിലും പാർട്ടി സ്വാധീനം മാത്രമുള്ള ഇത്തരം അനർഹർ ജോലി ചെയ്യുന്നുണ്ടെന്നാണ് ആരോപണം.
സഹകരണ ബാങ്കുകളിലെ കാഷ്യൽ, എൽ. ഡി.സി തസ്തികകളിൽ ജോലി ചെയ്യുന്നതിന് സഹകരണ വകുപ്പു നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ വേണമെങ്കിലും പാർട്ടി പ്രമോഷൻ വഴി എസ്. എസ്. എൽ.സി യോഗ്യതയില്ലാത്തവർ പോലും ഇത്തരം തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. കേരളബാങ്ക് നിലവിൽ വന്നപ്പോൾ ഇത്തരം നിയമനങ്ങളിൽ മാനദണ്ഡങ്ങൾ കർശനമാക്കിയിരുന്നുവെങ്കിലും നേരത്തെ പാർട്ടി സ്വാധീനമുപയോഗിച്ചു കയറിയവർ സഹകരണ ബാങ്കുകളുടെ ചുക്കാൻ പിടിച്ചുവരികയാണ്.
പ്രമോഷനായി ഇതരസംസ്ഥാന യൂനിവേഴ്സിറ്റികളുടെ വ്യാജ സർട്ടഫിക്കറ്റുകൾ പണം കൊടുത്തുവാങ്ങിയാണ് ഇവർ ഉന്നത തസ്തികകളിൽ വിലസുന്നത്. പാർട്ടി നേതാക്കളും അവരുടെ ബന്ധുക്കളും പാർട്ടി പോഷക സംഘടനാ ഭാരവാഹികളുമടങ്ങുന്ന വലിയൊരു വിഭാഗമാളുകൾ കനത്ത ശമ്പളം വാങ്ങുന്ന ഇത്തരം തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. അംഗീകാരമില്ലാത്ത സർവകലാശാലകളുടെ കോഴ്സുകൾക്ക് ചേർന്നാണ് ഇവർ പണം കൊടുത്തു ബിരുദ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുന്നത്. സഹകരണ ജീവനക്കാർക്ക് ഇങ്ങനെയുള്ള സർട്ടിഫിക്കറ്റുകൾ എത്തിച്ചു കൊടുക്കുന്നതിനായി പ്രത്യേക ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്.
കണ്ണൂരിൽ യോഗശാല റോഡിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപന മേധാവി കേസിൽ കുടുങ്ങിയതോടെയാണ് സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സർട്ടിഫിക്കറ്റു മാഫിയാ സംഘത്തെ കുറിച്ചു പൊലിസിനു വിവരം ലഭിക്കുന്നത്. ഇയാൾ റിമാൻഡിലാണ്.കണ്ണൂർ ജില്ലയിൽ തന്നെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഇയാളുടെ വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ചിട്ടുണ്ടെന്നാണ് പൊലിസ് നൽകുന്ന വിവരം. എന്നാൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദമുള്ളതിനാൽ കേസ് ഒരിഞ്ചുപോലും മുൻപോട്ടുപോയിട്ടില്ല.കേരളബാങ്ക് നിലവിൽ വന്നതോടെ അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സഹകരണ സഥാപനങ്ങളിൽ ജീവനക്കാരുടെ തസ്തിക നിജപ്പെടുത്തൽ തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് വ്യാജസർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചു ജോലി സമ്പാദിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. സി.പി. എം നിയന്ത്രിത സ്ഥാപനങ്ങളിൽ മാത്രമല്ല കോൺഗ്രസ് ഭരിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളിൽ യാതൊരു വ്യവസഥയുമില്ലാതെയാണ് സ്വന്തം പാർട്ടിക്കാരെ തിരുകികയറ്റിയിട്ടുള്ളത്. തളിപ്പറമ്പ് സഹകരണ ബാങ്കിൽ അനധികൃതർ നിയമനം നടന്നുവെന്ന് കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് തന്നെ പരസ്യമായി സമ്മതിച്ചിട്ടുണ്ട്.


