തലശേരി: നിർദ്ദിഷ്ട ജല പാതാ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം കോരിച്ചൊരിയുന്ന മഴയിലും കനക്കുന്നു. വളപട്ടണം -മാഹി ഉൾനാടൻ ജലപാതാ പദ്ധതിക്കെതിരെ പോരാട്ടം നടത്തുന്ന ജലപാതാ വിരുദ്ധ സമരസമിതി സർവ്വേ തടഞ്ഞു പ്രതിഷേധിച്ചു.

ചൊവ്വാഴ്‌ച്ച രാവിലെ പത്തു മണിയോടെ കാടാച്ചിറ ആന പാലത്തു നിന്നും പ്രകടനമായെത്തിയ സമരസമിതി പ്രവർത്തകർ കാടാച്ചിറ കണ്ണാടിച്ചാൽ ധർമ്മശാസ്ത്രാക്ഷേത്രത്തിനു സമീപം വെച്ച് റവന്യു ഉദ്യോഗസ്ഥർ നടത്തിയ സർവ്വേ തടഞ്ഞു. തുടർന്ന് നടത്തിയ പ്രതിഷേധ സമ്മേളനം എടക്കാട് ബ്‌ളോക്ക് പഞ്ചായത്തംഗം കെ.വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

ആർ.സുരേന്ദ്രൻ, ലിജേഷ് തിരുവാരത്ത്, പി.വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് എടക്കാട് പൊലിസ് സർവ്വേ തടഞ്ഞ ചന്ദ്രൻ കുണ്ടിലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം പേരെ അറസ്റ്റു ചെയ്തു നീക്കി. സ്ത്രീകളടക്കമുള്ള സമരക്കാരെ വാഹനത്തിൽ കയറ്റി പൊലിസ് സ്‌റേഷനിലേക്ക് കൊണ്ടുപോയി.

ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇവരെ വിട്ടയച്ചത്. വരും ദിനങ്ങളിലും സർവ്വേയ്‌ക്കെതിരെ സമരം നടത്തുമെന്ന് ജലപാതാ വിരുദ്ധ സമരസമിതി നേതാവ് ജയകുമാർ പറഞ്ഞു. എന്നാൽ പ്രതിഷേധങ്ങൾ വകവയ്ക്കാതെ സർവ്വേ തുടരാൻ തന്നെയാണ് റവന്യൂ വകുപ്പ് അധികൃതരുടെ തീരുമാനം. സർവ്വേ ചൊവ്വാഴ്‌ച്ച നിർത്തിയത് കനത്ത മഴ കാരണമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സർവ്വേ ഇനിയും തുടർന്നാൽ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.