ചിറയിൻകീഴ്: സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടാക്കി യുവതികളെയും കൗമാരക്കാരായ വിദ്യാർത്ഥിനികളെയും കെണിയിലാക്കി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത ശേഷം മുങ്ങുന്ന യുവാവ് അറസ്റ്റിൽ. കടയ്ക്കാവൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റു ചെയ്തു.

ബെംഗളുരുവിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിലെ അനലിസ്റ്റ് ചെന്നൈ അംബത്തൂർ വിനായകപുരം ഡോ.രാജേന്ദ്രപ്രസാദ് സ്ട്രീറ്റിൽ ഡോർ നമ്പർ 25ൽ ജെറി എന്നു വിളിപ്പേരുള്ള ശ്യാമാണ് (28) അറസ്റ്റിലായത്. റൂറൽ എസ്‌പി പി.കെ.മധു, കടയ്ക്കാവൂർ എസ്എച്ച്ഒ വി.അജേഷ്, എസ്‌ഐ എസ്.എസ്.ദീപു, എഎസ്‌ഐമാരായ ശ്രീകുമാർ, ജയപ്രസാദ്, എസ്സിപിഒ ജ്യോതിഷ് അട്ടിത്തറ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

കടയ്ക്കാവൂർ സ്വദേശിനിയായ യുവതിയെ ഫേസ്‌ബുക്കിൽ പരിചയപ്പെട്ടു വൻതുക കൈക്കലാക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാൾ ഇത്തരത്തിൽ നിരവധി യുവതികളെ കെണിയിൽ വീഴ്‌ത്തിയതായാണ് റിപ്പോർട്ട്. ഇതിനുള്ള തെളിവുകൾ പൊലീസ് ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയതായാണ് വിവരം. പ്രതിയുടെ സ്മാർട് ഫോണിൽ നിന്ന് ഇതുമായി ബന്ധപ്പെട്ടു 12,000ത്തോളം സ്‌ക്രീൻ ഷോട്ടുകൾ പൊലീസ് കണ്ടെടുത്തു. 1000ത്തിലധികം യുവതികൾ ഇയാളുടെ ഫ്രണ്ട് ലിസ്റ്റിലുണ്ട്. വിവിധ ഐടി സ്ഥാപനങ്ങളുടെ പേരും വിലാസവും വ്യാജമായുണ്ടാക്കി ഒട്ടേറെ പേർക്കു കൈമാറിയിട്ടുള്ളതായും കണ്ടെത്തി.

പ്രതി സ്വന്തം ചിത്രം ഫൊട്ടോ ഫിൽറ്റർ ആപ്ലിക്കേഷൻ വഴിയും മോർഫിങിലൂടെയും വിവിധ മോഡലുകൾ ചമച്ചു സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുറന്നു പെൺകുട്ടികൾക്കും യുവതികൾക്കും ഫ്രണ്ട്ഷിപ് മെസേജ് അയച്ചാണു വലയിൽ വീഴ്‌ത്തിയിരുന്നത്. ഫ്രണ്ട്‌സ് ലിസ്റ്റിൽ ഇടം പിടിക്കുന്ന സ്ത്രീകളുടെ ഫോട്ടോകളും വിഡിയോയും അടക്കം കൈക്കലാക്കിയ ശേഷം പണവും സ്വർണവും ആവശ്യപ്പെടുകയാണു രീതി. ആവശ്യം നിറവേറ്റിയില്ലെങ്കിൽ ഇവരുടെ പടവും വിഡിയോകളും പ്രചരിപ്പിക്കുമെന്നു ഭീഷണി ഉയർത്തും. വഴങ്ങുന്നവരിൽ നിന്നു സ്വർണവും പണവും കൈക്കലാക്കി മുങ്ങുകയാണു ചെയ്തിരുന്നത്. കടയ്ക്കാവൂരിലെ യുവതിയും ഇതേപോലെ കെണിയിൽ പെടുകയായിരുന്നു.

ചെന്നൈയിലും ബെംഗളുരുവിലും മാറിമാറി താമസിച്ചായിരുന്നു തട്ടിപ്പ്. തമിഴ്‌നാട്-കർണാടക സൈബർ പൊലീസിന്റെ സഹായത്തോടെയാണ് വ്യാജ മേൽവിലാസം നൽകി മൊബൈൽഫോൺ ഓഫാക്കി ബെംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിൽ കഴിഞ്ഞിരുന്ന ശ്യാമിനെ പിടികൂടിയത്. കേരളത്തിൽ ഒട്ടേറെ സ്ത്രീകൾ ഇയാളുടെ ചതിയിൽപ്പെടതായി പൊലീസ് സംശയിക്കുന്നു. റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.