- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ യുവതി ദത്തെടുത്തത് ഇന്ത്യക്കാരായ അഞ്ച് പെൺകുട്ടികളെ; ക്രിസ്റ്റെൻ വില്ല്യംസിന് കയ്യടിച്ച് സോഷ്യൽ മീഡിയ
നന്മയുടെ പര്യായമാണ് അമേരിക്കക്കാരിയായ ക്രിസ്റ്റെൻ വില്ല്യംസ്. അമേരിക്കക്കാരിയായ ക്രിസ്റ്റെൻ ഇന്ത്യക്കാരായ അഞ്ചു കുട്ടികളെയാണ് ദത്തെടുത്ത് അമേരിക്കയിലേക്ക് കൊണ്ടു പോയത്. ഭിന്നശേഷിക്കാരിയായ കുട്ടിയും മൂക്കില്ലാത്ത പെൺകുട്ടിയും ക്രിസ്റ്റെൻ ദത്തെടുത്തവരിൽ പെടുന്നു. 39-ാമത്തെ വയസ്സിലാണ് യു.എസ്. സ്വദേശിയായ ക്രിസ്റ്റെൻ വില്ല്യംസ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്.
ഹ്യൂമൻസ് ഓഫ് ബോംബയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യു.എസ്സിലെ സിൻസിനാറ്റി സ്വദേശിയായ ക്രിസ്റ്റൻ തന്റെ ജീവിതകഥ പറഞ്ഞത്. സിംഗിൾ മദർ ആയിരുന്നതിനാൽ കുഞ്ഞിനെ ദത്തെടുക്കാൻ ക്രിസ്റ്റന്റെ മുന്നിലുള്ള വഴി ദുർഘടം പിടിച്ചതായിരുന്നു. അതിനാൽ, യു.എസിനു പുറമെയുള്ള രാജ്യങ്ങളിലേക്ക് അവരുടെ അന്വേഷണം നീണ്ടു. നേപ്പാളിൽ നിന്നും കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ആദ്യ തീരുമാനം. അതിനായി 28000 ഡോളർ പണവും കൈമാറി. എന്നാൽ, യു.എസ് ഡിപാർട്മെന്റ് ഓഫ് സ്റ്റേറ്റ് നേപ്പാളിൽ നിന്നുള്ള ദത്തെടുക്കൽ നടപടി തടഞ്ഞു. മുടക്കിയ പണം പോയെങ്കിലും അതിലേറെ സങ്കടമായിരുന്നു കുഞ്ഞിനെ ലഭിക്കാതെ വന്നപ്പോൾ.
എങ്കിലും കുഞ്ഞ് എന്ന മോഹം അവർ ഉപേക്ഷിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഇന്ത്യയിലെ ദത്തെടുക്കൽ ഏജൻസിയിൽനിന്ന് അവർക്ക് ഒരു ഫോൺകോൾ വന്നു. ഇന്ത്യയിൽനിന്ന് കുഞ്ഞിനെ ദത്തെടുക്കാൻ തടസ്സങ്ങളൊന്നും ഇല്ലയെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോളായിരുന്നു അത്. എന്നാൽ, ഒരു ഉപാധിയുണ്ടായിരുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുഞ്ഞിനെ മാത്രമെ ദത്തു നൽകൂ എന്നതായിരുന്നു ആ ഉപാധി.
ആ ഫോൺ സന്ദേശം തന്നെ വല്ലാതെ സംഭ്രമിപ്പിച്ചുവെന്ന് ക്രിസ്റ്റെൻ പറഞ്ഞു. തൊട്ടുപിന്നാലെ മറ്റൊരു ഫോൺകോൾ കൂടി ക്രിസ്റ്റെനെ തേടിയെത്തി. അത് അവരുടെ അമ്മയായിരുന്നു. താൻ ഭിന്നശേഷിക്കാരിയായ ഒരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നുവെന്ന് അമ്മയോട് ക്രിസ്റ്റെൻ പറഞ്ഞു. ആ നിമിഷം താൻ തീരുമാനമെടുത്തതായി അവർ കൂട്ടിച്ചേർത്തു. അഞ്ച് വയസ്സുകാരി മുന്നിക്കായിരുന്നു ആ അമ്മയുടെ മകളായി ജീവിക്കാൻ ഭാഗ്യം ലഭിച്ചത്.
മുന്നിയെ കുറിച്ചുള്ള വിവരങ്ങൾ ക്രിസ്റ്റെന്റെ കരളിയിപ്പിക്കുന്നതായിരുന്നു. മുമ്പ് അവളെ നോക്കിയവരിൽനിന്ന് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ മുന്നിയുടെ പെരുമാറ്റരീതിയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ, മുന്നിയുടെ മുഖത്തെ പുഞ്ചിരി തന്നെ ആകർഷിച്ചതായും അങ്ങനെ അവളെ ദത്തെടുക്കാനും അവർ തീരുമാനിച്ചു.
2013-ലെ വാലന്റൈൻസ് ദിനത്തിലാണ് മുന്നി ക്രിസ്റ്റെന്റെ കൈകളിലെത്തുന്നത്. എന്നാൽ, മുന്നി വളർന്നപ്പോൾ അവൾക്കൊരു കൂട്ട് വേണമെന്ന് ക്രിസ്റ്റെന് തോന്നി. അങ്ങനെ രണ്ടാമത്തെ കുട്ടിയെ ദത്തെടുക്കാൻ അവർ തീരുമാനിച്ചു. ഒരാഴ്ചയ്ക്ക്ശേഷം ഏജന്റ് വിളിച്ച് ഒരു കുട്ടിയുണ്ടെന്നും 22 മാസമാണ് പ്രായമെന്നും എന്നൽ, കുഞ്ഞിന് മൂക്കില്ലെന്നും ക്രിസ്റ്റെനോട് പറഞ്ഞു. ഒരു വർഷത്തിനുശേഷം രൂപ എന്നുപേരിട്ട ആ കുട്ടിയും അവർക്കൊപ്പം യു.എസിലേക്ക് പറന്നു. 'എന്നാൽ, രൂപയ്ക്ക് പെട്ടെന്നുള്ള മാറ്റം ഉൾക്കൊള്ളാനായില്ല. ഒരാഴ്ചയോളം അവൾ ദിവസം മുഴുവൻ കരയുകയായിരുന്നു. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ അവൾ കരയുന്നതെന്ന് ഞാൻ ശങ്കിച്ചു'-ക്രിസ്റ്റെൻ പറഞ്ഞു. പതിയെ മുന്നിയും രൂപയും കൂട്ടുകാരായി, വേർപിരിക്കാൻ പറ്റാത്തവിധം.
പിന്നീട് രണ്ട് വർഷത്തിനുള്ളിൽ മോഹിനിയെന്നും സൊനാലി എന്നും പേരുള്ള രണ്ടുകുട്ടികളെക്കൂടി ക്രിസ്റ്റെൻ ദത്തെടുത്തു. കുടുംബം വലുതായതോടെ അദ്ധ്യാപനം തൊഴിലായി സ്വീകരിച്ച അവർക്ക് ചെലവുകൾ അധികമായി തുടങ്ങി. തുടർന്ന് അദ്ധ്യാപനം വിട്ട് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് അവർ കടന്നു. കുട്ടികളെ പിരിഞ്ഞിരിക്കാൻ കഴിയാത്തതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങി. അതുകൊണ്ടും കുഞ്ഞുങ്ങളോടുള്ള ആഗ്രഹം ക്രിസ്റ്റെൻ വിട്ടില്ല. ഡൗൺസിൻഡ്രോം ബാധിച്ച കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി അവർ. 2020-ൽ അങ്ങനെ നിഗ്ധ എന്ന ഒരു കൊച്ചു പെൺകുട്ടി കൂടി അവരുടെ പക്കലേക്ക് എത്തി. അവൾ പുതിയ സാഹചര്യവുമായി ഇണങ്ങി വരുന്നതേയുള്ളൂവെന്ന് ക്രിസ്റ്റെൻ പറഞ്ഞു.
ക്രിസ്റ്റെന്റെ ഹൃദയം നിറയ്ക്കുന്ന ജീവിതകഥ സാമൂഹികമാധ്യമങ്ങളിൽ കൈയടികളോടെയാണ് എല്ലാവരും സ്വീകരിച്ചത്. 96,000 പേരാണ് ഹ്യൂമൻസ് ഓഫ് ബോംബേ പേജിൽ വന്ന ഈ അനുഭവം ലൈക്ക് ചെയ്തത്.