ഓസ്റ്റിൻ: ടെക്‌സസിലെ വ്യവസായശാലകളിലോ, മറ്റു സ്ഥാപനങ്ങളിലോ ജീവിക്കാരെ കോവിഡ് വാക്‌സിന് നിർബന്ധിക്കുന്നതു വിലക്കി ഗവർണ്ണർ ഗ്രേഗ് ഏബട്ട് ഒക്ടോബർ 11 തിങ്കളാഴ്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങളും ഈ ഉത്തരവ് ബാധകമാണ്. മതവിശ്വാസത്തിന്റെ പേരിലോ, ആരോഗ്യ കാരണങ്ങളാലോ, കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവരെ അതിന് നിർബന്ധിക്കുന്നതു കർശനമായി നിരോധിക്കുന്നതാണ് പുതിയ ഉത്തരവ്.ബിസിനസ് സ്ഥാപനങ്ങളിൽ ആളുകളെ നിയന്ത്രിക്കുന്നതിന് അവർ തന്നെ തീരുമാനിച്ചാൽ അതിനെ എതിർക്കുകയില്ലെന്നും കോവിഡ് വാക്‌സിൻ സുരക്ഷിതവും, പ്രയോജനകരവുമാണെന്നും, എന്നാൽ അതു സ്വീകരിക്കുന്നതിന് ആരേയും നിർബന്ധിക്കരുതെന്നും, അങ്ങനെയുള്ള പരാതി ലഭിച്ചാൽ 1000 ഡോളർ വരെ പിഴ ഈടാക്കുമെന്നും ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂണിൽ വാക്‌സിൻ പാസ്‌പോർട്ട് ആവശ്യപ്പെടുന്നത് നിരോധിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവും ഗവർണ്ണർ ഒപ്പുവെച്ചിരുന്നു. ഈയിടെ പ്രസിദ്ധീകരിച്ച കോവിഡ് കേസ്സുകൾ വർദ്ധിക്കുന്ന സംസ്ഥാനങ്ങളിൽ ടെക്‌സസ് ഉൾപ്പെട്ടിട്ടില്ലെന്നുള്ളത് കോവിഡ് കേസ്സുകൾ സാവകാശം ഇവിടെ കുറഞ്ഞു വരുന്നുവെന്നുള്ളതിന് തെളിവാണെന്ന് ചൂണ്ടികാണിക്കപ്പെട്ടു. യു.എസ്സിലെ 45 സംസ്ഥാനങ്ങളിൽ കോവിഡ് കേസ്സുകളുടെ ശരാശരി ദിനം പ്രതി കുറഞ്ഞുവരുന്നുവെന്ന് ഡോ.ആന്റണി ഫൗച്ചി ഞായറാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.