കണ്ണൂർ: അപൂർവ്വ രോഗം ബാധിച്ച ഒൻപതു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടു ഹനീഫ മിന്നൽപ്പിണർ പോലെ പറന്നത് ബ്രേക്കിന്മേൽ കാലു വയ്ക്കാതെ ബംഗ്‌ളൂര് കെ.എം.സി.സി ആംബുലൻസ് ഡ്രൈവറായ ഹനീഫ കാസർകോട് സ്വദേശിയാണ്. ഇത്തരം റിസ്‌ക് പിടിച്ച ദീർഘ ദുര യാത്രകൾ നടത്താനുള്ള ആവേശവും ധൈര്യവുമുള്ളതുകൊണ്ടാണ് ഹനീഫയെ ഈ സാഹസിക ഉദ്യമത്തിന് കെ.എം സി.സി ഭാരവാഹികൾ തെരഞ്ഞെടുക്കാൻ കാരണം.

എസ്.എം.എ ബാധിച്ച ഒൻപതു മാസം പ്രായമുള്ള ഇനാമ മറിയത്തിനെയും കൊണ്ടുപോയ ആംബുലൻസിന് സീറോ ട്രാഫിക്ക് സൃഷ്ടിച്ച് വഴിയൊരുക്കി നാടും നാട്ടാരും ഹനീഫയുടെ കുതിച്ചു പായലിന് തുണയായി. കഴിഞ്ഞ ദിവസം ബംഗ്‌ളൂര് കെ.എം.സി.സി അധികൃതർ കുട്ടിയെയും കൊണ്ടുവരുന്ന ആംബുലൻസിന് വഴിയൊരുക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥന പുറപ്പെടുവിച്ചിരുന്നു.

ഇതിനെ തുടർന്നാണ് ബുധനാഴ്‌ച്ച രാവിലെ പത്തരയോടെ ചാലമിംമ്‌സ് ആശുപത്രിയിൽ നിന്നും പുറപ്പെട്ട ആംബുലൻസിന് വഴി നീളെ പൊലിസും യാത്രക്കാരും വഴിയൊരുക്കിയത്. കൂട്ടുപുഴ അതിർത്തി കടന്നപ്പോൾ കർണാടക പൊലിസും ട്രാഫിക്ക് സൗകര്യമൊരുക്കി. എസ്.എം.എ ബാധിതയായ ഒൻപതു മാസം പ്രായമുള്ള ഇനാറമറിയത്തെ ബംഗ്‌ളൂർ മണിപ്പാൽ ആശുപത്രിയിൽ അഞ്ചു മണിക്കൂറിനുള്ളിലെത്തിക്കണമെന്നാണ് ആശുപത്രി അധികൃതർ നിർദ്ദേശിച്ചത്.

വളരെ ദുഷ്‌കരമായ ദൗത്യം കാസർകോട് സ്വദേശി ഹനീഫയാണ് വളയം പിടിച്ചു കൊണ്ടു ഏറ്റെടുത്തത്. രാവിലെ കൃത്യം പത്തരയോടെ കുതിച്ചു പാഞ്ഞ ആംബുലൻസ് 3: 42 ന് ആശുപത്രിയിലെത്തി. ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. എസ്.എം.എ രോഗബാധിതയായ ഇനാമ മറിയത്തിന്റെ ജീവൻ രക്ഷിക്കുന്നതിനായി മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തും നാട്ടുകാരും സംയുക്തമായി ചികിത്സാ സഹായധനം ശേഖരിച്ചു വരികയാണ്. ഇതിനിടെയാണ് കുട്ടിയെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ചാലമിംമ്‌സിലും ഇപ്പോൾ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.