തളിപ്പറമ്പ് : നഗരസഭ നൈറ്റ് വാച്ച്മാനെ ആക്രമിച്ച് തളിപ്പറമ്പ് നഗരസഭ കോമ്പൗണ്ടിനകത്ത് കെട്ടിയിരുന്ന പശുക്കളെ കടത്തിക്കൊണ്ട് പോയ സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. നഗരസഭയുടെ നൈറ്റ് വാച്ച്മാനായ തൃച്ഛംബരം സ്വദേശി കെ.വി. ഗോപാലകൃഷ്ണന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചത്. കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ എട്ടിന് രാത്രിയാണ് നഗരസഭ ഓഫീസ് കോമ്പൗണ്ടിനകത്തേക്ക് അതിക്രമിച്ച് കയറി കാവൽക്കാരനെ ആക്രമിച്ച് പശുക്കളെ കടത്തി കൊണ്ടു പോയത്. നഗരസഭ കോമ്പൗണ്ടിലെ ആലയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന പ്രതികൾ പശുവിനെ ആഴിച്ച് കൊണ്ട് പോവുകയായിരുന്നു. നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ ലൈസൻസ് നേടിയവർ പിടിച്ചു കെട്ടിയ പശുക്കളെയാണ് പ്രതികൾ കടത്തി കൊണ്ടു പോയത്.

ഇതിനിടെ റോഡിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടികൂടി ലേലം ചെയ്ത് തളിപ്പറമ്പ് നഗരസഭ. നഗരസഭയുടെ നടപടി സംസ്ഥാനമാകെ ചർച്ചയായിട്ടുണ്ട്. നഗരസഭാജീവനക്കാരുടെ നേതൃത്വത്തിൽ പിടികൂടിയ രണ്ട് കന്നുകാലികളെയാണ് ചൊവ്വാഴ്‌ച്ച ലേലം ചെയ്തത്. റവന്യൂ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു ലേലം.

ഏഴു പേരാണ് ലേലത്തിനെത്തിയത്. ഇതിൽ ആറ് പേർ ലേലം വിളിച്ചു.ഒരെണ്ണത്തിന്റെ ലേലം തുടങ്ങിയത് 7600 രൂപക്കും ഉറപ്പിച്ചത് 9200 രൂപയ്ക്കുമാണ്. മറ്റൊന്നിന്റെ ലേലം തുടങ്ങിയത് 7700 രൂപക്കും അവസാനിച്ചത് 9600 രൂപയ്ക്കുമാണ്. പിടുത്ത കൂലിയും പിഴയും ഉൾക്കൊള്ളിച്ചതാണ് ലേലതുക. ബാക്കിയുള്ള രണ്ട് കന്നുകാലികളുടെ ഉടമസ്ഥൻ മൂന്ന് ദിവസത്തിനകം വന്നില്ലെങ്കിൽ അവയെയും ലേലം ചെയ്യുമെന്ന് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അറിയിച്ചു.

തളിപ്പറമ്പ് നഗരത്തിൽ രൂക്ഷമായ കന്നുകാലി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ഇവയെ പിടികൂടി തുടങ്ങിയത്. കൗൺസിൽ തീരുമാന പ്രകാരം നിയമിതരായ രണ്ടുപേർ ആറ് കന്നുകാലികളെയാണ് പിടികൂടിയത്. ഈ കന്നുകാലികളിൽ ഒന്നിനെ കഴിഞ്ഞ ദിവസം മൂന്നംഗ സംഘം വാച്ച്മാനെ അക്രമിച്ച് കടത്തിക്കൊണ്ടു പോയിരുന്നു. അതിന്റെ പേരിലുള്ള നിയമ നടപടികൾ നഗരസഭ തുടങ്ങിയിട്ടുണ്ട്. അവശേഷിച്ച അഞ്ച് കന്നുകാലികളിൽ ഒന്നിന്റെ ഉടമസ്ഥൻ തിങ്കളാഴ്ച നഗരസഭയിലെത്തി പിഴയടച്ച് തിരികെ കൊണ്ടുപോയിരുന്നു.