കോതമംഗലം: പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ കൊലപാതകിക്കായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. എന്നാൽ അന്വേഷണം ഒടുവിൽ കൊല്ലപ്പെട്ട എൽദോസ് പോളിന്റെ (42) സുഹൃത്തിന്റെ വീടിന് മുന്നിൽ എത്തിയപ്പോൾ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. എൽദോസിന്റെ മൃതദേഹം കണ്ടെടുത്തപ്പോൾ ദുഃഖം അഭിനയിച്ച് നാട്ടകാർക്കൊപ്പം സംഭവ സ്ഥലത്തെത്തുകയും അയൽവാസികളായതിനാൽ കൊല്ലപ്പട്ടയാാളുടെ കുടുംബത്തിന് ആശ്വാസമായി നിൽക്കുകയും ചെയ്ത ഒരു കുടുംബം മുഴുവൻ കൊലപാതക കേസിൽ അറസ്റ്റിലായപ്പോൾ നാട്ടുകാർക്ക് അതിശയമായി.

എൽദോസിന്റെ മരണം തലയ്ക്കടിയേറ്റതിനെത്തുടർന്നെന്ന് കണ്ടെത്തിയ പൊലീസ് കൊല ചെയ്ത യുവാവിനെയും ഇയാളുടെ മതാപിതാക്കളെയും അറസ്്റ്റുചെയ്തു. ചെങ്കര മുടിയറ ഭാഗത്ത് പുത്തൻപുരയ്ക്കൽ ജോയി ഇയാളുടെ ഭാര്യ മോളി മകൻ കൊച്ചാപ്പൻ എന്ന പേരിൽ അറിയപ്പെടുന്ന എൽദോ എന്നിവരെയാണ് ഇന്നലെ രാത്രി വൈകി കോതമംഗലം പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏറെ നേരം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവവിലാണ് ഇവർ കുറ്റം സമ്മതിച്ചത്.

ചേലാട് നിരവത്തു കണ്ടത്തിൽ എൽദോസ് പോളി (42) ന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞിട്ടുള്ളത്. ചേലാട് ചെങ്കരയിൽ പെരിയാർവാലിയുടെ ഹൈലവൽ കനാലിന്റെ തീരത്ത് ഈ മാസം 11-ന് പുലർച്ചെയാണ് മൃതദ്ദേഹം കാണപ്പെട്ടത്. മൃതദ്ദേഹത്തിന് പുറത്ത് സ്‌കൂട്ടർ മറിഞ്ഞുകിടക്കുന്ന നിലയിലാണ് രാവിലെ നടക്കാൻ ഇറങ്ങിയവർ മൃതദ്ദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയവർ സംഘടിച്ച് ദേഹത്തുനിന്നും സ്‌കൂട്ടർ മാറ്റി പരിശോധിച്ചപ്പോൾ മരണം നടന്നതായി ബോദ്ധ്യപ്പെട്ടു. തുടർന്ന് കോതമംഗലം പൊലീസിൽ ഇവർ വിവരം അറിയിക്കുകയായിരുന്നു.പ്രത്യക്ഷത്തിൽ വാഹനാപകടമെന്ന് തോന്നിച്ചിരുന്ന സംഭവം കൃത്യതോടെയുള്ള അന്വേഷണത്തിൽ കോതമംഗലം പൊലീസ് കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

രാത്രി 10 മണിക്കുശേഷം മൊബൈലിൽ കോൾ വന്നതിനെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ എൽദോസിനെ പിന്നെ മക്കളിലൊരാൾ വിളിച്ചിരുന്നു. അപ്പോൾ ഉടൻ വരാമെന്നായിരുന്നു മറുപിടി. മൃതദ്ദേഹം കണ്ടെടുത്തിട്ടും എൽദോസിന്റെ മൊബൈൽ കണ്ടുകിട്ടിയിരുന്നില്ല. മൊബൈലിലേയ്ക്കെത്തിയ അവസാന കോളിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിക്കാൻ പൊലീസിന് സഹായകമായതെന്നാണ് സൂചന.

എൽദോസിൽ നിന്നും കൊലനടത്തിയ എൽദോ ലക്ഷങ്ങൾ കടം വാങ്ങിയിരുന്നു.എൽദോസ് പലതവണ പണം തിരികെ ചോദിച്ചിട്ടും ഇയാൾ നൽകിയില്ല. സംഭവദിവസം പണം നൽകാമെന്ന് പറഞ്ഞ് ഇയാൾ എൽദോസിനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു.സംസാരത്തിനിടെ ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും എൽദോ മഴുകൈയ്ക്ക് എൽദോസിന്റെ തലയ്ക്കടിയിക്കുകയുമായിരുന്നു.

അടിയേറ്റുവീണ എൽദോസ് തൽക്ഷണം മരിച്ചു. തുടർന്ന് യുവാവ് ജഡം പിതാവിന്റെയും തന്റെയും നടുക്ക് ഇരുത്തി, എൽദോസിന്റെ സ്‌കൂട്ടറിൽ ഹൈലവൽ കനാലിന്റെ തീരത്തുകൊണ്ടുവരികുകയും താഴേയ്ക്കിടുകുമായിരുന്നു.ശേഷം ജഡം പതിച്ച ഭാഗത്ത് എത്തത്തക്കവിധം സ്‌കൂട്ടറും താഴേയ്ക്ക് തള്ളിയിട്ടു. ഇതിനുശേഷം വീട്ടിലെത്തിയ ഇവർ തെളിവുനശിപ്പിക്കന്നതിനായി എൽദോസിന്റെ മൊബൈലും തലയ്ക്കടിക്കാനുപയോഗിച്ച് മഴുക്കൈയും തീയിട്ട് നശിപ്പിച്ചു. ഇതിന് ആവശ്യമായ സഹായം ചെയ്തതിനാണ് മാതാവിനെയും പ്രതിചേർത്തിട്ടുള്ളത്.

്എൽദോസിവീട്ടിൽ നിന്നും 250 മീറ്ററോളം അകലെയാണ് കൊലപാതകം നടന്ന പുതുക്കയിൽ ജോണിന്റെ വീട് സ്ഥിതിചെയ്യുന്നത്. ജോയിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. എൽദോസിന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ അറിഞ്ഞ്് നാട്ടുകരെ ഞെട്ടിച്ചിരിക്കുകയാണ്. അരുംകൊല ചെയ്തിട്ടും ഒന്നും സംഭവിച്ചില്ലന്ന മട്ടിൽ ഇവർ എൽദോസിന്റെ ജഡം കണ്ടെത്തിയ സ്ഥലത്ത് എത്തി, പൊലീസിന്റെ തെളിവെടുപ്പും മറ്റും വീക്ഷിച്ചിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിച്ചതിനാൽ അന്വേഷണം തങ്ങളിലേയ്ക്കെത്തില്ലന്ന പ്രതീക്ഷയിലാണ് ജോയിയും കൂടുംബാംഗങ്ങളും ഒളിവിൽ പോകാതിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
കനാലിൽ മൃതദ്ദേഹം കാണപ്പെട്ട ഭാഗത്ത് ഇതിനകം 4 അപകടമരണങ്ങൾ ഉണ്ടായി എന്നും അതിനാൽ ഇതും അപകടമരണമെന്ന് കാഴ്ചക്കാർ കരുതുമെന്നും മറ്റും കരുതിയാവാം കൊലനടത്തിയ ശേഷം മൃതദ്ദേഹം ഇവിടെ കൊണ്ടിടാൻ ജോയിയെയും മകനെയും പ്രേരിപ്പിച്ചതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ചേലാട് സ്റ്റുഡിയോ നടത്തിവന്നിരുന്ന എൽദോസ് നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്ന എൽദോസിന്റെ മരണം അടുപ്പക്കാർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഇതിനിടയിലാണ്് തങ്ങൾ കുടംബത്തിലെ ഒരു അംഗമെന്ന് കണക്കുകൂട്ടിയിരുന്ന പ്രിയപ്പെട്ടവന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായുള്ള വിവരം ഇവരെത്തേടിയെത്തിയിട്ടുള്ളത്.