- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ സാമ്പത്തികത്തട്ടിപ്പ്: സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
കുറ്റിപ്പുറം: മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി ഷാഹുൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 4,36,000 രൂപ നഷ്ടമായതായാണ് ഷാഹുലിന്റെ പരാതി.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. എ.സി.പി. എസ്.ബി. ഉമേഷിനാണ് അന്വേഷണച്ചുമതല. സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പാണു നടന്നത്. കഴിഞ്ഞദിവസം തട്ടിപ്പിനിരയായ 36 പേരാണ് ഒന്നിച്ച് മലപ്പുറം എസ്‌പി.ക്ക് പരാതിനൽകിയത്. നാലുലക്ഷത്തിനു മുകളിലേക്കുള്ള സംഖ്യയാണ് പരാതിക്കാർക്കെല്ലാം നഷ്ടമായത്.
400-ൽപ്പരം ഉത്പന്നങ്ങൾ വിവിധരാജ്യങ്ങളിൽ ഇ-കൊമേഴ്‌സ് വഴി വിൽക്കുന്ന കമ്പനിയാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. കമ്പനിയുടെ ആസ്ഥാനം സംബന്ധിച്ചും വ്യത്യസ്തവിവരങ്ങളാണ് നിക്ഷേപകർക്കു നൽകിയത്. പേരിന്റെ കാര്യത്തിൽ ക്യുനെറ്റ് എന്നും ക്യു ഐ എന്നും വിവിധതരത്തിൽ നിക്ഷേപകരോടു പറഞ്ഞു.
5000 രൂപയിൽത്താഴെ വിലയുള്ള വാച്ചുകൾ ലക്ഷക്കണക്കിനു രൂപ വിലയുണ്ടെന്നു ധരിപ്പിച്ച് നിക്ഷേപകന് സമ്മാനമെന്നപേരിൽ അയച്ചുനൽകും. പച്ചവെളിച്ചെണ്ണ, മാല, ചായപ്പൊടി, തേൻകുപ്പികൾ, ക്രീമുകൾ എന്നിവയെല്ലാം സമ്മാനമെന്നപേരിൽ നിക്ഷേപകനു ലഭിക്കും. ഒപ്പമുള്ള ബില്ലിൽ 2500 രൂപയ്ക്ക് മുകളിലുള്ള സംഖ്യയായിരിക്കും രേഖപ്പെടുത്തിയിരിക്കുക.
തട്ടിപ്പുസംഘത്തിന്റെ ഭീഷണി ഭയന്നും പണം നൽകിയതിനു കൃത്യമായ രേഖകളില്ലാത്തതിനാലും ഒട്ടേറെപ്പേർ പരാതിയുമായി മുന്നോട്ടുവന്നിട്ടില്ലെന്നാണു വിവരം.




