അഞ്ചാലുംമൂട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ നിയമപരമല്ലാതെ വിവാഹം ചെയ്ത ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റയം പ്രശാന്ത് ഭവനിൽ പ്രദീപ് ഡി.നായരാണ് (44) അറസ്റ്റിലായത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന വിവാഹ ബന്ധം വേർപെടുത്തിയ തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്.

സമൂഹ മാധ്യമം വഴിയാണ് പ്രദീപ് യുവതിയെ പരിചയപ്പെട്ടത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആണെന്ന വിവരം യുവതിയിൽ നിന്നും മറച്ചു വച്ചു പ്രദീപ് യുവതിക്ക് വിവാഹ വാഗ്ദാനം നൽകി. തുടർന്ന് യുവതി നാട്ടിലെത്തിയപ്പോൾ ആരും അറിയാതെ നിയമപരമല്ലാതെ വിവാഹവും കഴിച്ചു. തുടർന്ന് വീട്ടിലും തിരുവനന്തപുരത്തും എത്തിച്ച് യുവതിയെ പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങൾ യുവതി അറിയാതെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

യുവതി ലീവ് കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് പ്രദീപ് വിവാഹിതനാണെന്ന വിവരം അറിയുന്നത്. സംഭവം ചോദ്യം ചെയ്തതോടെ പീഡന ദൃശ്യങ്ങൾ യുവതിയുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു. യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് സിഐ സി.ദേവരാജൻ, എസ്‌ഐമാരായ ശ്യാം, ശബ്‌ന, ലഗേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.