ശ്രീകണ്ഠപുരം: പയ്യാവൂർ വണ്ണായിക്കടവ് കരിമ്പണ്ടക്കണ്ടി പുഴയിലെ ഒഴുക്കിൽ വീണു കാണാതായ ഇരിക്കൂർ കൃഷി വകുപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇരിക്കൂർ കൃഷിവകുപ്പ് ഓഫിസ് അസിസ്റ്റാന്റായ കരിമ്പണ്ടക്കണ്ടിയിൽ മല്ലിശേരി അനിൽ കുമാറിന്റെ മൃതദേഹമാണ് രണ്ടു ദിവസമായ നടത്തിയ തെരച്ചിലിനിടെയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെ വെമ്പുവ പാലത്തിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.

അപകടം നടന്ന പാലത്തിൽ നിന്നും രണ്ടു കിലോ മീറ്ററിലധികം താഴ്ന്ന ഭാഗത്തു നിന്നും വെമ്പുവ പാലത്തിനു സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇതോടെ നാട്ടുകാരും ഫയർഫോഴ്സും പൊലിസും മുങ്ങൽ വിദഗ്ദ്ധരും നടത്തിയ തെരച്ചിലിനാണ് അവസാനമായത്. കഴിഞ്ഞ പന്ത്രണ്ടിന് രാത്രി എട്ടുമണിയോടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന അനിൽ കുമാർ പണിപൂർത്തിയാകാത്ത കോൺക്രീറ്റു പാലത്തിനു സമീപമുള്ള മുളപ്പാലം കടക്കവേ കാൽ വഴുതി പുഴയിലേക്കു വീഴുകയായിരുന്നു.

ഇരിട്ടിയിൽ നിന്നുമെത്തിയ ഫയർഫോഴ്സും നാട്ടുകാരുമാണ് തെരച്ചിൽ നടത്തിയത്. 13ന് അനിൽകുമാറിന്റെ പണവും രേഖകളുമടങ്ങിയ ബാഗും കണ്ടെത്തിയിരുന്നു. മുപ്പത്തിനാലുവയസുകാരനായ അനിൽകുമാറിന്റെ ദുരന്തം നാടിനെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. മലയോരത്ത് അതിശക്തമായി പെയ്ത മഴയിൽ കുത്തിയൊലിച്ചാണ് പുഴ ഒഴുകിയിരുന്നത്.