മയ്യഴി: പുതുച്ചേരി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വീണ്ടും അനിശ്ചിതമായി നീണ്ടതോടെ മയ്യഴിക്കാർ വീണ്ടും നിരാശയിൽ. ഇതോടെ ഫ്രഞ്ച് അധിനിവേശപ്രദേശമായ മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വീണ്ടും അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിൽ തന്നെ തുടരും. ഏറെക്കാലത്തിനു ശേഷം മയ്യഴിയിൽ നഗരസഭാ തെരഞ്ഞെടുപ്പു നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു മാഹി, പന്തക്കൽ, കോപ്പാലം ഉൾപ്പെടെയുള്ള കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ പ്രദേശങ്ങൾ.

അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിൽ നിന്നും ഇനിയെങ്കിലും മോചനംലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവിടെങ്ങളിലെ എട്ടായിരം കുടുംബങ്ങൾ. ഒരു തദ്ദേശ സ്വയം ഭരണസ്ഥാപനമില്ലാത്തതിനാൽ മയ്യഴിയിൽ ഉൾപ്പെടെയുള്ള വിവിധഭാഗങ്ങളിൽ വികസനപ്രവൃത്തികൾ നടന്നിട്ട് കാലമേറെയായെന്നു മാഹിയുടെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന ജനപക്ഷം ഭാരവാഹികൾ പറയുന്നു.



പുതുച്ചേരി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ കാലത്താണ് നാലുമാസത്തെ സമയം അനുവദിക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് പി. ആർ ശിവയുടെ ഹർജിയെ തുടർന്നാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഒക്ടോബർ 21വരെ നിർത്തിവയ്ക്കാൻ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

അഡ്വ. ടി. അശോക് കുമാറിന്റെ കോടതിയലക്ഷ്യ ഹർജിയിലുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് 21,25,28 എന്നീ തീയ്യതികളിൽ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആദ്യം പ്രഖ്യാപനമുണ്ടായത്. വാർഡ് വിഭജനം,സംവരണം തുടങ്ങിയവയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടു ലഭിച്ച മൂന്ന് ഹർജികൾ ഹൈക്കോടതി തീർപ്പാക്കിയതിനു ശേഷം വീണ്ടും നവംബർ രണ്ട് , ഏഴ്. 13 പുതുക്കിയ തീയ്യതികളിൽ തെരഞ്ഞെടുപ്പു നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.



നിലവിൽ തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നുണ്ട്. ചില രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു ലഫ് ഗവർണറെ കണ്ടു നിവേദനവും നൽകിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്.

മാഹിയിൽ നഗരസഭാ നിലവിൽ വരാത്തതിനാൽ തീർത്താൽ തീരാത്ത ദുരിതമാണ് മയ്യഴിക്കാർ അനുഭവിക്കുന്നത്.റേഷൻകാർഡോ, തൊഴിലവസരങ്ങളോയില്ലാത്ത ജനതയായി കേന്ദ്രഭരണത്തിൻ കീഴിൽ കഴിയുന്ന മയ്യഴിക്കാർ മാറി കഴിഞ്ഞു. കോവിഡ് മരണാനന്തര സഹായമോ മറ്റു ഭവനപദ്ധതികളോ ഫ്രഞ്ച് അധിനിവേശപ്രദേശമായിരുന്ന മയ്യഴിക്കാർക്കില്ല.

മാഹിപാലത്തിന് ഇപ്പുറം കേരളത്തിന്റെ ഭാഗമായ ന്യൂമാഹി പഞ്ചായത്തിന് സകല ആനുകൂല്യങ്ങളും ലഭിക്കുമ്പോഴാണ് മയ്യഴിക്കാർക്ക് പ്രാഥമിക കാര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നതെന്ന് മാഹി ജനശബ്ദം സംഘടനയുടെ ഭാരവാഹിയായ ഷാജി പിണങ്ങോട്ട് ചൂണ്ടിക്കാട്ടി.



അഡ് മിനിസ്ട്രേറ്റർ ഭരണം വികസന മുരടിപ്പിനും അഴിമതിക്കുമാണ് ഇത്രയും കാലവും ഇടയാക്കിയത്. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചു കൊണ്ടാണ് മയ്യഴി നഗരസഭാ തെരഞ്ഞെടുപ്പു നീട്ടിക്കൊണ്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്ന മയ്യഴി കണ്ണൂരിനും കോഴിക്കോടിനുമിടെയിലുള്ള ഒരു കൊച്ചു പ്രദേശമാണെങ്കിലും കേരളത്തിലെ ഒരു സാധാരണ പഞ്ചായത്തിന് ലഭിക്കുന്ന ആനുകല്യങ്ങളുടെ ഒരു ഭാഗം പോലും മയ്യഴിക്കു ലഭിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.