കൊറോണയെ അതിജീവിച്ച് ലോകം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുന്നു എന്നതിന്റെ സൂചനയായി അമേരിക്ക വിദേശയാത്രകൾക്കുള്ള വിലക്കുകൾ പൂർണ്ണമായും നീക്കുകയാണ്. നവംബർ 8 മുതലായിരിക്കും ഈ പുതിയ നിയമം നിലവിൽ വരിക. എന്നിരുന്നാലും യാത്രക്കാർക്ക് ഇളവുകൾ പൂർണ്ണമായും ലഭ്യമാകുവാൻ അവർ രണ്ട് ഡോസ് വാക്സിനുകളും എടുത്തിരിക്കണം. മാത്രമല്ല, യാത്ര ആരംഭിക്കുന്നതിനു മുൻപ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റും കരസ്ഥമാക്കണം.

അതിനൊപ്പം വിമാനത്തിനുള്ളിൽ നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്. മാത്രമല്ല, കോൺടാക്ട് ട്രേസിങ് സുഗമമാക്കുന്നതിനായി യാത്രക്കാർ അവരുടേ ഫോൺ നമ്പറും ഈമെയിൽ അഡ്രസ്സും നൽകുകയും വേണം. 2022ജനുവരെ വരെയാണ് അമേരിക്കൻ ട്രാൻസ്പോർട്ടേഷൻ സെക്യുരിറ്റി അഡ്‌മിനിസ്ട്രേഷൻ മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള യാത്രക്കാർക്കായി അതിർത്തികൾ തുറക്കുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്.

റോഡ് മാർഗ്ഗം എത്തുന്നവർക്ക് വാക്സിന്റെ രണ്ടു ഡോസുകളും എടുത്തതിന്റെ തെളിവ് ഹാജരാക്കേണ്ടി വരും എന്നാൽ, അവർക്ക് കോവിഡ്-19 പരിശോധന നിർബന്ധമല്ല. വിദേശങ്ങളിൽ നിന്നും അമേരിക്കയിൽ എത്തുന്നവർക്കും നവംബർ 8 മുതൽ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തതിന്റെ തെളിവുകൾ ഹാജരാക്കേണ്ടതായി വരും. വിദേശയാത്രകൾക്കൊപ്പം ആഭ്യന്തര വിമാനയാത്രകൾക്കും ഈ നിയമം ബാധകമാവും.

ഇരുപതോളം കോവിഡ് നിയന്ത്രണങ്ങൾ നവംബറോടെ നീക്കം ചെയ്യുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ സ്ഥിരീകരണം ഇന്നലെ മാത്രമാണ് ഉണ്ടായത്. ചൈന, ഇന്ത്യ, ബ്രസീൽ, ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങൾ എന്നിവ അടങ്ങിയ 33 രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിൽ അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. നവംബർ 8 മുതൽ ഇവർക്ക് മേൽ സൂചിപ്പിച്ച നിബന്ധനകൾക്ക് വിധേയമായി അമേരിക്കയിലേക്ക് യാത്രചെയ്യാൻ കഴിയും.

ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള യാത്രാ ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ മാസത്തിൽ ജോ ബൈഡനും ബോറിസ് ജോൺസനും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് ബൈഡൻ തയ്യാറായില്ല എന്നാണ് അന്നത്തെ കൂടിക്കാഴ്‌ച്ചക്ക് ശേഷം ബൊറിസ് ജോൺസൺ പറഞ്ഞത്. നിലവിലെ നിയമപ്രകാരം, അമേരിക്കൻ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, ഗ്രീൻ കാർഡ് ഉടമകൾ, അതുപോലെ ദേശീയ താത്പര്യത്തിന്റെ പേരിൽ ഇളവുകൾ ലഭിക്കുന്ന പ്രത്യേക വ്യക്തികൾ എന്നിവർക്ക് മാത്രമാണ് ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ എത്താനുള്ള അനുമതിയുള്ളത്.

2020 ജനുവരിയിൽ ചൈനയിൽ നിന്നുള്ള സന്ദർശകർക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടാണ് അമേരിക്ക വിദേശയാത്രകൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രണ്ടു മാസങ്ങൾക്ക് ശേഷം അന്നത്തെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് യൂറോപ്പിൽ നിന്നും ബ്രിട്ടനിൽ നിന്നുമുള്ള യാത്രകൾക്കും വിലക്കേർപ്പെടുത്തി. പുതിയ കേസുകളുടെ എണ്ണം കുറഞ്ഞിട്ടും വാക്സിൻ പദ്ധതി വിജയത്തിലേക്ക് കുതിച്ചിട്ടും യാത്രാനിരോധനം പിൻവലിക്കാത്തതിൽ പല യൂറോപ്യൻ രാജ്യങ്ങളും അമർഷം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.