കണ്ണൂർ: കടലിലെ കൂറ്റൻ പാറയിൽ ധ്യാനമിരിക്കുമ്പോൾ കടൽക്ഷോഭത്തിൽ കുടുങ്ങി പോയയാളെ അഗ്‌നി ശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ശനിയാഴ്‌ച്ച രാവിലെ ഏഴരയോടെയാണ് സംഭവം കണ്ണൂർ കോർപറേഷൻ പരിധിയിലെ എടക്കാട്
തോട്ടട ഏഴര കടപ്പുറം ചേര റിസോർട്ടിനു താഴെ കരയിൽ നിന്നും 100 മീറ്റർ അകലെ കടലിലെ കൂറ്റൻ പാറയിൽ ധ്യാനമിരുന്ന കിഴുന്ന ഭഗവതി ക്ഷേത്രത്തിനടുത്തുള്ള കെ കെ രാജേഷാണ് (35) കുടുങ്ങിയത്.

കടലിൽ ജോലിചെയ്ത് പരിചയമുള്ള മത്സ്യത്തൊഴിലാളികളും മുബാറക്, ഷംസു, സമദ്, അനസ്, എന്നിവരുടെ സഹായത്താൽ കണ്ണൂരിൽ നിന്നെത്തിയ അഗ്‌നി രക്ഷാ സേന സാഹസികമായാണ് രാജേഷിനെ രക്ഷപ്പെടുത്തിയത്. സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റോപ്പ് എന്നിവ ഉപയോഗിച്ച് പ്രക്ഷുബ്ധമായ കടലിൽ നിന്നും തിരയെ ഭേദിച്ച് സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷമണൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എ.കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഓഫീസർമാരായ കെ.ബിജു, സി.വിനേഷ്, നീതിഷ്.എസ്, കെ.ഉണ്ണികൃഷ്ണൻ, വി.പ്രതീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.